സർവ്വം മായ എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷം നിവിൻ പോളിയുടെ പേരിൽ വീണ്ടും ഒരു ഫ്ലോപ്പായി മാറിയിരിക്കുകയാണ് ബേബി ഗേൾ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. റിലീസിന് മുമ്പ് തന്നെ ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി വാർത്തകളും പ്രതീക്ഷകളും ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ റിലീസിന് ശേഷവും സിനിമ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
പല തരത്തിലുള്ള അഭിപ്രായങ്ങൾ ഉയരുമ്പോളും, സിനിമയെ കുറിച്ചുള്ള ഒരു വിമർശന കുറിപ്പാണിപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്.
തിരക്കഥാ ബ്രില്യൻസ് പാളിപ്പോയെന്നാണ് പ്രധാന വിമർശനം. ‘ ബേബി ഗേൾ’ എന്ന പേര് നൽകികൊണ്ട് സിനിമയയിൽ കുട്ടി പെൺകുട്ടിയാണെന്ന് വെളിപ്പെടുത്തുന്നതിനെ ഒരു വമ്പൻ ട്വിസ്റ്റ് ആയി അവതരിപ്പിച്ചത് തിരക്കഥയുടെ വലിയ പോരായ്മയായാണ് പലരും കാണുന്നത്.
ബേബി ഗേള്‍, Photo: IMDb
ഇത് ഒരു മോശം സിനിമയല്ലെന്ന് അഭിപ്രായപെടുന്നവരുമുണ്ട്. അധികം ബോറടിക്കാതെ ഒരുതവണ കണ്ടിരിക്കാവുന്ന ഒരു സിനിമ. എന്നാൽ അതിനപ്പുറം വലിയൊരു സിനിമാറ്റിക് അനുഭവം ബേബി ഗേൾ നൽകുന്നില്ല. ഫാമിലി ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രം, അനാവശ്യ നാടകീയതകൊണ്ട് ഇടയ്ക്കിടെ ആസ്വാദനത്തെ അലോസരപ്പെടുത്തുന്നുണ്ടെന്നും ആളുകൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പ്രത്യേകിച്ച് സംഗീത് പ്രതാപ് അവതരിപ്പിക്കുന്ന കഥാപാത്രവും അദ്ദേഹത്തിന്റെ സഹോദരിയായി എത്തുന്ന ലിജോ മോളുടെ കഥാപാത്രവും തമ്മിലുള്ള രംഗങ്ങൾ. ലിജോ മോളുടെ പല സിനിമകളിലെയും പ്രകടനങ്ങൾ ഒരേ രീതിയിലാണെന്നും മികച്ച പ്രകടനങ്ങൾ അവർ കാഴ്ചവച്ചിട്ടുണ്ടെങ്കിലും, ബേബി ഗേളിൽ പുതുമയില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ബേബി ഗേള്‍, Photo: YouTube/ Screen grab
പൊലീസുകാരെ അവതരിപ്പിച്ചിരിക്കുന്ന രീതിയും വിമർശന വിധേയമാണ്. കുട്ടിത്തം വിട്ടുമാറാത്ത, അബദ്ധങ്ങൾ മാത്രം ചെയ്യുന്ന കഥാപാത്രങ്ങളായി പൊലീസ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നതും സിനിമയുടെ വിശ്വസ്തതയും സീരിയസ്നെസും കുറയ്ക്കുന്നു. സബ് ഇൻസ്പെക്ടറായി എത്തുന്ന അഭിമന്യു തിലകൻ അഭിനയത്തിൽ അല്പം ‘മസിൽ പിടിക്കുന്നുണ്ടോ’ എന്ന സംശയവും ഉയരുന്നു. മേജർ രവി ഉൾപ്പെടെയുള്ള പൊലീസ് കഥാപാത്രങ്ങൾ കുട്ടിക്കഥകളിലെ പൊലീസുകാരെപ്പോലെയാണ് അനുഭവപെട്ടതെന്നും പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നു.
നിവിൻ പോളിയുടെ കഥാപാത്രത്തെക്കുറിച്ച് പറയുമ്പോൾ, അദ്ദേഹം ശരിക്കും നായകനാണോ എന്ന സംശയം വരുമെന്നും നായകനില്ലാത്ത സിനിമയാണോ എന്ന ചോദ്യത്തിന് പോലും വ്യക്തമായ ഉത്തരമില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിന് പുറമെ നിവിൻ പോളിക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്നും സെറ്റിൽ നിന്ന് നിവിൻ ഇടയ്ക്കിടെ വിട്ടുപോയെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നത് ചിലപ്പോൾ കഥാപാത്രത്തിന്റെ പരിമിതികളോട് മടുത്തിട്ടായിരിക്കാമെന്ന അഭിപ്രായങ്ങളും ഉയരുന്നു.
ബേബി ഗേള്‍, Photo: YouTube/ Screen grab
സംഗീത് പ്രതാപിന്റെ അമിതമായ വികാരപ്രകടനങ്ങൾ അദ്ദേഹത്തിന്റെ അഭിനയത്തെ മോശമാക്കിയെന്നും അഭിപ്രായങ്ങൾ ഉയരുന്നു. റോഡിലും സൈഡിലെ കമ്പികളിലും തല അടിച്ചുകൊണ്ടുള്ള രംഗങ്ങൾ സംവിധായകൻ തന്നെ ആവശ്യപ്പെട്ടതാണോ എന്ന സംശയവും പ്രേക്ഷകർ ഉന്നയിക്കുന്നു.
സാധാരണ ബോബി–സഞ്ജയ് തിരക്കഥകളിൽ കാണുന്ന ബ്രില്യൻസ് ഇവിടെ പൂർണമായി ലഭിക്കുന്നില്ല. ചില ഇടങ്ങളിൽ സിനിമ പിടിച്ചുനിൽക്കുമ്പോഴും, മൊത്തത്തിൽ എന്തോ ഒന്ന് പാളിപ്പോയ അനുഭവമാണ് ബേബി ഗേൾ നൽകുന്നത്. ഒരുപാട് സിനിമകൾ ചെയ്യുമ്പോൾ രണ്ടുമൂന്നെണ്ണം പാളുക സ്വാഭാവികമെന്ന വിലയിരുത്തലിലാണ് പ്രേക്ഷകർ.
ബേബി ഗേൾ ഒരു വലിയ സംഭവമല്ല പക്ഷേ അധികം ബോറടിക്കാതെ ഒരുതവണ കണ്ടിരിക്കാവുന്ന ഒരു സിനിമ. നിവിൻ പോളിയുടെ സർവം മായ ഉണ്ടായതുകൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന ഒരു ചിത്രമാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
Content Highlight: Social media discussing the movie Baby girl