| Sunday, 27th September 2026, 7:50 am

ആര്‍.സി.ബിയുടെ 49 പോലെ ലാല്‍ ഫാന്‍സിന് നാണക്കേടായ എലോണിന്റെ ഒരു കോടി ഫൈനല്‍ കളക്ഷന്‍, ഈ മോശം റെക്കോഡ് പെട്ടെന്നൊന്നും പോകില്ല

അമര്‍നാഥ് എം.

ഐ.പി.എല്ലില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം ചാമ്പ്യന്മാരായെങ്കിലും ആര്‍.സി.ബി ടീമിന് ഇപ്പോഴും വിട്ടുമാറാത്ത നാണക്കേടാണ് 49 റണ്‍സിന് ഓള്‍ ഔട്ടായ മത്സരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടേറ്റ തോല്‍വിയുടെ ഇംപാക്ട് ഇപ്പോഴും പോയിട്ടില്ലെന്ന് പറയാം. ഏതെങ്കിലും ടീം 49 റണ്‍സിന് താഴെ ഓള്‍ ഔട്ടാകുമോ എന്നാണ് ആര്‍.സി.ബി ആരാധകര്‍ ഉറ്റുനോക്കുന്നത്.

മലയാളസിനിമയിലും ഇത്തരമൊരു മോശം റെക്കോഡ് ചര്‍ച്ചയാകാറുണ്ട്. മോളിവുഡിലെ കളക്ഷന്‍ റെക്കോഡുകളെല്ലാം കൈപ്പിടിയിലാക്കിയ മോഹന്‍ലാലിന്റെ ഏറ്റവും മോശം ഫൈനല്‍ കളക്ഷനാണ് ചര്‍ച്ച. 2023ല്‍ പുറത്തിറങ്ങിയ എലോണ്‍ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് ആകെ നേടിയത് 1.1 കോടിയാണ്. ഇതിലും മോശം കളക്ഷനുള്ള ധാരാളം സിനിമകളുണ്ടെങ്കിലും മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് എലോണ്‍ ഇപ്പോഴും ഒരു ദുസ്വപ്‌നമാണ്.

ബിഗ് സ്റ്റാറുകളുടെ സിനിമകള്‍ എങ്ങനെ പോയാലും അഞ്ച് കോടിക്കടുത്ത് ഫൈനല്‍ കളക്ഷന്‍ നേടുന്ന ഇന്നത്തെ കാലത്ത് മോഹന്‍ലാലിനെപ്പോലൊരു കളക്ഷന്‍ ബ്രേക്കര്‍ക്ക് നേരിടേണ്ടി വന്ന ഏറ്റവും മോശം റെക്കോഡാണ് എലോണിന് ലഭിച്ചത്. മമ്മൂട്ടി അതിഥിവേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം ലോ ആന്‍ഡ് ഓര്‍ഡര്‍ എലോണിന് താഴെ കളക്ഷന്‍ ക്ലോസ് ചെയ്യുമെന്ന് കടുത്ത ലാല്‍ ആരാധകര്‍ കരുതിയിരുന്നു.

എന്നാല്‍ ആ വിശ്വാസത്തെ തകര്‍ത്തുകൊണ്ട് ലോ ആന്‍ഡ് ഓര്‍ഡര്‍ ഇതിനോടകം 1.5 കോടിയിലേറെ സ്വന്തമാക്കിയിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ പരാജയമായെങ്കിലും എലോണിന്റെ കളക്ഷന്‍ മറികടന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ഇത്രയും മോശം റെക്കോഡ് ആര്‍ക്കെങ്കിലും കൈമാറാനായി ശ്രമിക്കുകയാണ് ലാല്‍ ഫാന്‍സ്.

കൊവിഡ് നിയന്ത്രണത്തിനിടയില്‍ മോഹന്‍ലാല്‍ മാത്രം അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രമാണ് എലോണ്‍. വെറ്റെറന്‍ സംവിധായകന്‍ ഷാജി കൈലാസ് അണിയിച്ചൊരുക്കിയ ചിത്രം ഒ.ടി.ടിക്ക് വേണ്ടി മാത്രം ഒരുക്കിയതായിരുന്നു. എന്നാല്‍ തിയേറ്റര്‍ ഉടമകളുടെ പ്രതിഷേധം കാരണം തിയേറ്ററില്‍ റിലീസ് ചെയ്യുകയായിരുന്നു. അതിന്റെ ഫലമായി ഇത്രയും വലിയ നാണക്കേടും മോഹന്‍ലാലിന്റെ പേരിലായി.

എലോണിലൂടെ ഒരു ടോപ് സ്റ്റാറിന്റെ ഏറ്റവും മോശം ഫൈനല്‍ കളക്ഷനുള്ള അതേ മോഹന്‍ലാല്‍ തന്നെയാണ് മോളിവുഡിലെ പല റെക്കോഡുകളുടെയും അധിപനെന്നും എടുത്തുപറയണം. പല നടന്മാരും ഇപ്പോഴും 100 കോടി വേള്‍ഡ്‌വൈഡ് നേടാന്‍ പാടുപെടുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം ആദ്യമായി 100 കോടിയും മൂന്ന് 200 കോടിയും സ്വന്തം പേരിലാക്കാന്‍ മോഹന്‍ലാലിന് സാധിച്ചിട്ടുണ്ട്.

Content Highlight: Social media discussing the final collection of Mohanlal’s Alone movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more