മലയാള സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നാണ് മോഹൻലാൽ നായകനായ ദൃശ്യം. ജീത്തു ജോസഫിന്റെ സംവിധാനത്തിലും തിരക്കഥയിലും പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു.
ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ എത്തിയ രണ്ടാം ഭാഗവും മൂന്നാം ഭാഗവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും, മൂന്നാം ഭാഗത്തിന്റെ റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള ചർച്ചകളാണ് സജീവമായിരിക്കുന്നത്.
ദൃശ്യം, Photo: X.com
അത്തരത്തിൽ പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ശ്രദ്ധ നേടുന്ന വിഷയമാണ് ജോസ് എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ നിലപാടുകളും. ആദ്യ ദൃശ്യം സിനിമയിൽ നേരിട്ട് പ്രത്യക്ഷപ്പെടാത്ത ജോസ്, രണ്ടാം ഭാഗത്തിൽ നിർണായക കഥാപാത്രമായാണ് എത്തിയത്.
വരുൺ പ്രഭാകറിന്റെ മൃതദേഹം പോലീസ് സ്റ്റേഷൻ പരിസരത്ത് മറവ് ചെയ്തതുമായി ബന്ധപ്പെട്ട നിർണായക മൊഴി നൽകിയാണ് അദ്ദേഹം കഥയുടെ ഗതി തന്നെ മാറ്റിയത്. ജോർജുകുട്ടിക്കെതിരെ ശക്തമായ തെളിവായി മാറിയ ആ മൊഴി രണ്ടാം ഭാഗത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ മൂന്നാം ഭാഗത്തിലെത്തുമ്പോൾ ജോസിന്റെ നിലപാടിൽ വന്ന മാറ്റമാണ് സോഷ്യൽ മീഡിയയെ ഏറ്റവും കൂടുതൽ രസിപ്പിക്കുന്നത്.
രണ്ടാം ഭാഗത്തിൽ ജോർജുകുട്ടിക്കെതിരെ നിന്നിരുന്ന ജോസ്, മൂന്നാം ഭാഗത്തിൽ ഭാര്യ മേരിക്കൊപ്പം ജോർജുകുട്ടിക്ക് പിന്തുണ നൽകുന്ന കാഴ്ചയാണ് സിനിമയിൽ കാണുന്നത്. ഈ മാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ നിരവധി ട്രോളുകളും രസകരമായ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
‘രണ്ടിൽ ജോർജുകുട്ടിയെ ഒറ്റി, മൂന്നിൽ ജോർജുകുട്ടിയുമായി ഒട്ടി, ഓന്തിന് പോലും ഇത്ര വേഗത്തിൽ നിറം മാറാൻ കഴിയില്ല തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അതേസമയം, സിനിമയുടെ കഥാപരമായ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ജോസിന്റെ മാറ്റത്തിന് യുക്തിയുണ്ടെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
സംഭവവികാസങ്ങൾക്കൊപ്പം കഥാപാത്രങ്ങളുടെ മനോഭാവത്തിലും മാറ്റങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും ട്രോളർമാർക്ക് അതൊന്നും വിഷയമല്ല. ജോസിന്റെ ഈ മാറ്റം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.
Content Highlight: Social media discussing the character of jose in the movie Drishyam