| Sunday, 11th January 2026, 7:00 pm

സൈഡ് കിക്ക് തമ്പി റോളല്ല, സൂര്യയുടെ വില്ലനായിരുന്നോ ദുല്‍ഖര്‍? ചര്‍ച്ചയായി പുറനാനൂറ് പ്രൊമോ വീഡിയോ

അമര്‍നാഥ് എം.

തിയേറ്ററുകളില്‍ തരക്കേടില്ലാത്ത പ്രകടനവുമായി മുന്നേറുകയാണ് ശിവകാര്‍ത്തികേയന്‍ നായകനായ പരാശക്തി. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സുധാ കൊങ്കര ഒരുക്കിയ ചിത്രം ഒരുപാട് തടസങ്ങള്‍ നേരിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ഹിന്ദി അടിച്ചേല്പിക്കലിനെതിരെ സംസാരിക്കുന്ന ചിത്രമായതിനാല്‍ 25ലധികം കട്ടുകളാണ് സെന്ഡസര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.

1964ല്‍ തമിഴ്‌നാട്ടില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ഈ ചിത്രത്തില്‍ ആദ്യം നായകനാകേണ്ടിയിരുന്നത് സൂര്യയായിരുന്നു. 1964 പുറനാനൂറ് എന്ന പേരില്‍ 2023ല്‍ അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു ഇത്. സൂര്യയുടെ 43ാമത് ചിത്രമായി പുറത്തിറങ്ങേണ്ടിയിരുന്ന പുറനാനൂറിന്റെ പ്രൊമോയ്ക്ക് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. എന്നാല്‍ സൂര്യ പിന്നീട് ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറുകയായിരുന്നു.

സൂര്യ പിന്മാറിയതിന് ശേഷം ചിത്രത്തിന്റെ കാസ്റ്റ് മുഴുവന്‍ മാറ്റിയെഴുതുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീം, വിജയ് വര്‍മ എന്നിവരായിരുന്നു ഇനിഷ്യല്‍ കാസ്റ്റ്. പിന്നീട് സൂര്യക്ക് പകരം ശിവകാര്‍ത്തികേയനെ നായകനാക്കി പരാശക്തി എന്ന പേരില്‍ ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു. അഥര്‍വ, രവി മോഹന്‍, ശ്രീലീല എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.

ശിവകാര്‍ത്തികേയന്റെ സഹോദരനായി അഥര്‍വയാണ് വേഷമിട്ടത്. ദുല്‍ഖര്‍ സല്‍മാന്‍ ചെയ്യേണ്ട വേഷമാണിതെന്ന് പലരും ധരിച്ചുവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ പുറനാനൂറില്‍ ദുല്‍ഖറിനെ വില്ലനായാണ് പരിഗണിച്ചതെന്നാണ് പുതിയ ചര്‍ച്ച. പുറനാനൂറിന്റെ പ്രൊമോയില്‍ ഓരോ താരങ്ങളുടെയും പേര് കാണിച്ച രീതിയാണ് പലരും ചര്‍ച്ചയാക്കുന്നത്.

വിദ്യാര്‍ത്ഥി നേതാവായി സൂര്യയുടെ പേര് എഴുതിക്കാണിച്ച ശേഷം ദുല്‍ഖറിന്റെ പേരാണ് എഴുതിക്കാണിച്ചത്. ഇതിനൊപ്പം ഒരു കൈ തോക്ക് പിടിച്ച് നില്‍ക്കുന്നതും പ്രൊമോയില്‍ കാണിച്ചിട്ടുണ്ട്. പരാശക്തിയുടെ ടൈറ്റില്‍ ടീസറില്‍ ഈ ഫ്രെയിമില്‍ എഴുതിക്കാണിച്ചത് രവി മോഹന്റെ പേരാണ്. പരാശക്തിയിലെ ഗംഭീര പ്രകടനങ്ങളിലൊന്നായിരുന്നു രവി മോഹന്റേത്. തിരുനന്ദന്‍ എന്ന വില്ലനായി അതിഗംഭീര പെര്‍ഫോമന്‍സ് രവി മോഹന്‍ കാഴ്ചവെച്ചിട്ടുണ്ട്.

ഒരുപക്ഷേ, പുറനാനൂറ് അതുപോലെ ചെയ്തിരുന്നെങ്കില്‍ സൂര്യക്കെതിരെ വില്ലനായി ദുല്‍ഖറിന്റെ ഗംഭീര പെര്‍ഫോമന്‍സ് കാണാന്‍ സാധിച്ചേനെ. സൂര്യയുടെ കടുത്ത ഫാന്‍ബോയ് ആയ ദുല്‍ഖര്‍ പുറനാനൂറില്‍ ഗംഭീര പ്രകടനം കാഴ്ചവെക്കുമായിരുന്നെന്ന് പലരും അഭിപ്രായപ്പെടുന്നു. ഒരു മലയാള നടന് തമിഴില്‍ കിട്ടിയ മികച്ച വേഷങ്ങളിലൊന്നായേനെ പുറനാനൂറിലെ തിരുനന്ദന്‍.

Content Highlight: Social media discussing that Dulquer Salmaan was to play the villain character in Parasakthi

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more