2026 വിജയ് ആരാധകര്‍ക്ക് ഒരേസമയം സന്തോഷവും നിരാശയും സമ്മാനിക്കുന്ന വര്‍ഷമാണ്. തങ്ങളുടെ ദളപതി സിനിമാജീവിതത്തോട് വിടപറയുകയും രാഷ്ട്രീയത്തില്‍ സജീവമാവുകയാണെന്നും അറിയിച്ചിരിക്കുകയാണ്. മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിന് മുമ്പ് തിയേറ്ററുകളിലെത്തുന്ന ജന നായകന്‍ പരമാവധി ആഘോഷമാക്കാനാണ് ആരാധകര്‍ പദ്ധതിയിടുന്നത്.
അവസാന ചിത്രം പക്കാ ഫെയര്‍വെല്ലാകുമെന്ന് വിചാരിച്ച ആരാധകരെ ചെറുതായി നിരാശപ്പെടുത്തുകയാണ് ജന നായകന്റെ ഓരോ അപ്‌ഡേറ്റുകളും. ഫ്രഷ് കഥയുമായി വിജയ് കരിയര്‍ അവസാനിപ്പിക്കുമെന്ന് വിചാരിച്ചപ്പോള്‍ ജന നായകന്‍ തെലുങ്ക് ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്കാണെന്ന് ആദ്യം മുതല്‍ക്കേ അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞദിവസം ആനന്ദവികടന്‍ പുറത്തുവിട്ട ചിത്രത്തിലെ ഫോട്ടോസ് അത് കുറച്ചുകൂടെ ബലപ്പെടുത്തി.
ഭഗവന്ത് കേസരി, ജന നായകന്‍ Photo: Flick panda/ X.com
മലയാളി താരം മമിത ബൈജുവിന്റെ ഫോട്ടോയാണ് വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇതുവരെ കാണാത്ത തരത്തില്‍ ആക്ഷന്‍ ഗെറ്റപ്പിലാണ് മമിത ഈ ഫോട്ടോയില്‍. ചിത്രത്തിലെ ക്ലൈമാക്‌സ് ഫൈറ്റിലെ രംഗമാണിതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഭഗവന്ത് കേസരിയുടെ ക്ലൈമാക്‌സില്‍ ഇതുപോലൊരു ഫൈറ്റുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചത്.
ഭഗവന്ത് കേസരിയുടെ ക്ലൈമാക്‌സില്‍ നായകനായ ബാലകൃഷ്ണ വില്ലന്റെ കൈയില്‍ നിന്ന് അടി വാങ്ങി വീണുകിടക്കുമ്പോള്‍ അതുവരെ സൈലന്റായി നിന്ന ശ്രീലീല ആക്ഷന്‍ സീനിലേക്ക് ചുവടുമാറ്റുന്നതാണ് ഹൈലൈറ്റ്. അതേ സീന്‍ തന്നെയാണ് ജന നായകനിലുമെന്ന് പലരും അഭിപ്രായപ്പെടുന്നു. എല്ലാവരെയും രക്ഷിക്കുന്ന വിജയ്‌യെ രക്ഷിക്കുന്ന കഥാപാത്രമായി മമിത ബൈജു മാറുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്.
ഭഗവന്ത് കേസരി Photo: Southwood/ X.com
ഈ സ്റ്റില്ലുകള്‍ പുറത്തുവന്നതിന് പിന്നാലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ എ.പി. ഇന്റര്‍നാഷണല്‍ പങ്കുവെച്ച വീഡിയോയും ചര്‍ച്ചയായി. ഭഗവന്ത് കേസരിയിലെ ശ്രീലീലയുടെ ആക്ഷന്‍ സീനാണ് എ.പി ഇന്റര്‍നാഷണല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ക്ലൈമാക്‌സ് മാത്രമല്ല, ഭഗവന്ത് കേസരിയിലെ പല സീനുകളും ജന നായകന്‍ കോപ്പിയടിച്ചിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചു.
സൂപ്പര്‍മാര്‍ക്കറ്റില്‍ വിജയ്‌യും പൂജ ഹെഗ്‌ഡേയും തമ്മിലുള്ള രംഗവും, വിജയ് ബുള്ളറ്റ് ഓടിക്കുന്ന രംഗവും ഭഗവന്ത് കേസരിയുടെ സീന്‍ ബൈ സീന്‍ കോപ്പിയാണെന്നുള്ളതിനുള്ള തെളിവാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ റീമേക്കാണോ എന്ന ചോദ്യത്തോട് സംവിധായകന്‍ വിനോദിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു.
റീമേക്കാണോ അല്ലയോ എന്ന കാര്യത്തില്‍ പല ചര്‍ച്ചകളും താന്‍ കാണാറുണ്ടെന്നും അവരോടെല്ലാം ഇത് ‘ദളപതി പടം’ ആണെന്ന് മാത്രമേ താന്‍ പറയുന്നുള്ളൂവെന്നായിരുന്നു വിനോദ് പ്രതികരിച്ചത്. അവസാന ചിത്രം ഗ്രാന്‍ഡ് ഫെയര്‍വെല്ലാകുമോ എന്ന് ജനുവരി ഒമ്പതിന് അറിയാനാകും. വരുംദിവസങ്ങളില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങും.
Content Highlight: Social Media discussing Stills of Jana Nayagan giving hints that it’s a remake of Bhagawanth Kesari