മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന ഒരൊറ്റ അപ്‌ഡേറ്റ് കൊണ്ട് ഹൈപ്പിന്റെ കൊടുമുടിയിലെത്തിയ ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിഗ് എംസിനൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നുള്ളതും ആകാംക്ഷ ഇരട്ടിയാക്കി.
എന്നാല്‍ ഷൂട്ട് പൂര്‍ത്തിയായി റിലീസിനൊരുങ്ങുന്ന പേട്രിയറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചലനമൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് ഒരുവിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നത്. ഇന്‍ഡസ്ട്രിയിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന സിനിമക്ക് ഇപ്പോള്‍ ലഭിക്കുന്ന റീച്ച് കുറവാണെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. പേട്രിയറ്റിന്റേതായി പുറത്തിറങ്ങിയ ടീസറും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല.
ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്യാരക്ടര്‍ പോസ്റ്റര്‍ ക്യാമ്പയിനിനും അത്ര നല്ല വരവേല്പല്ലായിരുന്നു ലഭിച്ചത്. കഴിഞ്ഞദിവസം പേട്രിയറ്റിനെക്കാള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തത് ആട് 3യുടെ ക്യാരക്ടര്‍ പോസ്റ്ററുകളായിരുന്നു. വലിയ പ്ലാനിങ്ങില്ലാതെ അപ്‌ഡേറ്റുകള്‍ പുറത്തുവിടുന്ന പ്രൊഡക്ഷന്‍ വിഭാഗത്തിനെയാണ് പലരും കുറ്റപ്പെടുത്തുന്നത്.
ആന്റോ ജോസഫ് Photo: Anto Joseph/ Facebook
നിര്‍മിച്ച സിനിമകള്‍ക്കൊന്നും പ്രീ റിലീസ് പ്രൊമോഷന്‍ തീരെ നല്‍കാത്തതില്‍ ശ്രദ്ധ നേടിയ ആന്റോ ജോസഫാണ് പേട്രിയറ്റിന്റെ നിര്‍മാതാവ്. ഇന്‍ഡസ്ട്രി മുഴുവന്‍ ഉറ്റുനോക്കുന്നൊരു പ്രൊജക്ട് ഇതുപോലൊരു പ്രൊഡക്ഷന്‍ ഹൗസ് ഏറ്റെടുത്തതില്‍ ആദ്യം മുതല്‍ക്കേ വിമര്‍ശനമുണ്ടായിരുന്നു. മമ്മൂട്ടിയുടെ സന്തത സഹചാരിയായ ആന്റോ ജോസഫ് നിര്‍മാതാവായ സിനിമകളെല്ലാം യാതൊരു അറിയിപ്പുമില്ലാതെ റിലീസായവയാണ്.
ഇക്കാരണം കൊണ്ടുതന്നെ പലരും ആന്റോ ജോസഫിനെതിരെ വലിയ വിമര്‍ശനമുയര്‍ത്തുകയാണ്. ഷൂട്ട് പൂര്‍ത്തിയായിട്ടും വന്‍ സ്റ്റാര്‍ കാസ്റ്റ് കൈയിലുണ്ടായിരുന്നിട്ടും ചിത്രത്തെ ലൈവാക്കി നിര്‍ത്താന്‍ പ്രൊഡക്ഷന്‍ ടീമിന് സാധിക്കുന്നില്ല. സമ്മര്‍ റിലീസായി മോഹന്‍ലാലിന്റെ ദൃശ്യം 3, ഹാഷിര്‍ ആന്‍ഡ് ടീമിന്റെ വാഴ 2, ടൊവിനോ നായകനായ പള്ളിച്ചട്ടമ്പി എന്നീ ചിത്രങ്ങള്‍ റിലീസ് പ്രഖ്യാപിച്ച ശേഷമാണ് പേട്രിയറ്റ് റിലീസ് ഡേറ്റ് പുറത്തുവിട്ടത്.
കാടടച്ച് പ്രൊമോഷന്‍ കൊടുക്കുന്ന മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ പോലും ബോക്‌സ് ഓഫീസില്‍ സേഫാകുമോ എന്ന് ഉറപ്പില്ലാത്ത സമയത്ത് ഇത്തരം തണുപ്പന്‍ രീതി പിന്തുടരുന്ന പ്രൊഡക്ഷന്‍ ടീമിനെതിരെ ചിലര്‍ രോഷം പ്രകടിപ്പിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ ആക്ഷന്‍ സിനിമയാണ് പലരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ വ്യത്യസ്തമായ മേക്കിങ് രീതി പിന്തുടരുന്ന മഹേഷ് നാരായണന്‍ പേട്രിയറ്റിലും മാസിന് അത്ര പ്രാധാന്യം നല്‍കില്ലെന്നാണ് വിലയിരുത്തല്‍. സ്ലോ പേസില്‍ കഥ പറയുന്ന, ശക്തമായ വിഷയം സംസാരിക്കുന്ന ക്ലാസ് സിനിമയാണ് പേട്രിയറ്റെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്.
ശ്രീലങ്ക, കൊച്ചി, ഹൈദരബാദ്, ന്യൂദല്‍ഹി, യു.കെ, യു.എ.ഇ എന്നിവിടങ്ങളിലായി നൂറിലേറെ ദിവസം നീണ്ടുനിന്ന ഷൂട്ടായിരുന്നു പേട്രിയറ്റിന്റേത്. ഡിഫന്‍സ് ഓഫീസറായ ഡാനിയല്‍ ജെയിംസായി മമ്മൂട്ടി വേഷമിടുമ്പോള്‍ കേണല്‍ റഹീം നായിക് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ഏപ്രില്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Social Media didn’t satisfied on the promotions of Patriot movie and blaming Anto Joseph