| Monday, 26th January 2026, 8:12 am

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വില്ലനായി ഫഹദ്? പാട്രിയറ്റ് ടീസര്‍ ഡീകോഡ് ചെയ്ത് സിനിമാപ്രേമികള്‍

അമര്‍നാഥ് എം.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പാട്രിയറ്റ്. അറിയിപ്പിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷയുടെ കൊടുമുടിയില്‍ കയറി. 13 വര്‍ഷത്തിന് ശേഷം മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്നു എന്നതാണ് പാട്രിയറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.

പാട്രിയറ്റ് Photo Screen grab/: Anto Joseph Film Company

വന്‍ ബജറ്റില്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ പൂര്‍ത്തിയായിരുന്നു. റിലീസിന് ഇനിയും മൂന്ന് മാസം ബാക്കി നില്‍ക്കെ പാട്രിയറ്റിനെ ലൈവായി നിര്‍ത്താനുള്ള പ്രൊമോഷന്‍ പരിപാടികള്‍ നിര്‍മാതാക്കള്‍ ആരംഭിച്ചുകഴിഞ്ഞു. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

നയന്‍താര, രാജീവ് മേനോന്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്ന ക്രമത്തിലാണ് പോസ്റ്ററുകള്‍ പുറത്തുവിട്ടത്. ഇരുട്ടത്ത് മുഖത്തിന്റെ പകുതി മാത്രം കാണുന്ന തരത്തിലാണ് പോസ്റ്ററില്‍ എല്ലാവരുടെയും മുഖങ്ങള്‍. പോസ്റ്റര്‍ റിലീസിന് പിന്നാലെ ഡീകോഡിങ്ങുമായി രംഗത്തെത്തിയിരിക്കുകയാണ് ഓണ്‍ലൈന്‍ സിനിമാപേജുകള്‍.

പാട്രിയറ്റ് Photo: Anto Joseph/ Facebook

ചിത്രത്തില്‍ ഫഹദിന്റെ കഥാപാത്രമാകും പ്രധാന വില്ലനെന്നാണ് പല പോസ്റ്റുകളും. മറ്റ് കഥാപാത്രങ്ങളെല്ലാം ഇടതു വശത്തേക്ക് നോക്കുമ്പോള്‍ ഫഹദിന്റെ പോസ്റ്റര്‍ മാത്രം വലത്തേക്ക് നോക്കുന്ന തരത്തിലാണ്.. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രമാണ് ഫഹദിന്റേതെന്ന് ടീസറില്‍ ചെറിയ സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ പുറത്തുവിട്ട പോസ്റ്ററും ഈ അഭ്യൂഹത്തിന് കൂടുതല്‍ ബലം നല്‍കുന്നുണ്ട്.

മലയാളസിനിമയുടെ രണ്ട് നെടുംതൂണുകളുടെ വില്ലനായി ഫഹദ് എത്തുമ്പോള്‍ പവര്‍ഹൗസ് പെര്‍ഫോമന്‍സിനപ്പുറത്തേക്ക് ഒന്നും ആരും പ്രതീക്ഷിക്കുന്നില്ല. മൂവരും തമ്മിലുള്ള ഫേസ് ഓഫ് സീനുകളെല്ലാം ഗംഭീരമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. കണ്ടുശീലിച്ച മള്‍ട്ടിസ്റ്റാര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമാകും പാട്രിയറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാട്രിയറ്റ് Photo Screen grab/: Anto Joseph Film Company

പോസ്റ്ററില്‍ മോഴ്‌സ് കോഡില്‍ എഴുതിയ ഭാഗം റിലീസ് ഡേറ്റാണെന്നും ചിലര്‍ കണ്ടുപിടിച്ചു. ഏപ്രില്‍ 23നാണ് ചിത്രത്തിന്റെ റിലീസെന്നാണ് ഡീകോഡ് ചെയ്തവര്‍ കണ്ടുപിടിച്ചത്. ‘വിയോജിപ്പും ദേശസ്‌നേഹമാണ്’ എന്ന പോസ്റ്ററിലെ എഴുത്ത് കഥയെക്കുറിച്ചുള്ള സൂചനയാണെന്നും ചില പോസ്റ്റുകളുണ്ട്. ഗവണ്മെന്റിന്റെ പദ്ധതിയിലെ അപകടത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ഒരുകൂട്ടം ആളുകളുടെ കഥയാകും പാട്രിയറ്റെന്നും പോസ്റ്റുകളില്‍ പറയുന്നു.

അടുത്തിടെ കേന്ദ്ര ഗവണ്മെന്റിനെതിരെ ഉയര്‍ന്ന വലിയൊരു ആരോപണവും പാട്രിയറ്റില്‍ പ്രതിപാദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഡോക്ടര്‍ ഡാനിയല്‍ ജെയിംസായി മമ്മൂട്ടി വേഷമിടുമ്പോള്‍ കേണല്‍ റഹീം നായിക് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. രേവതി, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഇത്രയും വലിയ ബജറ്റിലൊരുങ്ങുന്ന സിനിമക്ക് വേണ്ട രീതിയില്‍ പ്രൊമോഷന്‍ നല്‍കുന്നില്ലെന്നും ചിലര്‍ വിമര്‍ശിക്കുന്നു. ലോ പ്രൊമോഷന്റെ പേരില്‍ നിര്‍മാതാവ് ആന്റോ ജോസഫ് വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പ്രകടനം എങ്ങനെയാകുമെന്ന് ആരാധകര്‍ക്ക് ചെറിയ ടെന്‍ഷനുണ്ട്.

Content Highlight: Social media decoding Fahadh Faasil might be the villain in Patriot movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more