| Thursday, 2nd October 2025, 8:50 pm

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയുടെ കാലിനും പ്രശ്‌നമുണ്ടെന്ന് തോന്നുന്നു, പാട്രിയറ്റ് ടീസര്‍ ഡീകോഡ് ചെയ്ത് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയക്ക് തീയിട്ട തരത്തിലുള്ള അപ്‌ഡേറ്റായിരുന്നു ഇന്ന് പുറത്തുവന്നത്. 12 വര്‍ഷത്തിന് ശേഷം മലയാളസിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പാട്രിയറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്.

എന്നാല്‍ ആരാധകര്‍ പ്രതീക്ഷിച്ച മാസ് എലമെന്റുകള്‍ ഇല്ലാത്തതിനാല്‍ പലര്‍ക്കും ടീസര്‍ ദഹിച്ചില്ല. പിന്നാലെ ടീസറിലെ പിഴവുകളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിച്ചു. മിന്നായം പോലെ കാണിച്ച ഫൈറ്റ് സീനിന്റെ ഗ്രാഫിക്‌സ് മോശമാണെന്നായിരുന്നു ഭൂരിഭാഗം പേരും ടീസറിനെ വിമര്‍ശിച്ചത്.

മമ്മൂട്ടിയുടെ ഫൈറ്റിനിടെ അദ്ദേഹത്തിന്റെ കാല് പകുതി മാത്രം കാണിച്ചതാണ് ട്രോളിന് കാരണമായത്. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കഥാപാത്രങ്ങള്‍ കാലിന് പ്രശ്‌നമുള്ളവരാണെന്ന് ഡീകോഡ് ചെയ്തിരിക്കുകയാണ് സിനിമാപേജുകള്‍. ടീസറില്‍ മോഹന്‍ലാലിനെ കാണിച്ച രണ്ട് ഷോട്ടില്‍ ഊന്നുവടിയുടെ സഹായത്തോടെയാണ് മോഹന്‍ലാലിന്റെ കഥാപാത്രം നടക്കുന്നത്.

ടീസറിലെ ഫൈറ്റ് സീനില്‍ മമ്മൂട്ടിയുടെ കഥാപാത്രം പ്രോസ്‌തെറ്റിക് ലെഗ്ഗാണ് ഉപയോഗിക്കുന്നതെന്നും ഡീകോഡ് ചെയ്ത പോസ്റ്റില്‍ പറയുന്നു. മിലിട്ടറി ഓപ്പറേഷനിടെ നേരിട്ട അപകടമാകാം ഇരുവരുടെയും കാലിന് പ്രശ്‌നമായതെന്നാണ് അനുമാനിക്കുന്നത്. ഷൂട്ട് തീരാത്ത ചിത്രത്തിന്റെ ടീസര്‍ കണ്ട് മാത്രം അഭിപ്രായം പറയരുതെന്നും ചിലര്‍ പറയുന്നുണ്ട്.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പാട്രിയറ്റിന്റെ ഭാഗമാകുന്നുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ നായിക. ഇവര്‍ക്ക് പുറമെ സംവിധായകനും നടനുമായ രാജീവ് മേനന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി വന്‍ താരനിര പാട്രിയറ്റില്‍ അണിനിരക്കുന്നുണ്ട്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തിന്റെ മൂന്ന് ഷെഡ്യൂളുകളാണ് ഇനി ബാക്കിയുള്ളത്. അസുഖബാധിതനായി സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് മാറിനിന്ന മമ്മൂട്ടി കഴിഞ്ഞദിവസം ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിരുന്നു. വന്‍ ബജറ്റില്‍ പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്. 2026 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Social media decodes Patriot movie teaser

We use cookies to give you the best possible experience. Learn more