| Friday, 23rd January 2026, 2:54 pm

വ്യക്തിത്വവും അഡ്രസ്സും ഉത്തരവാദിത്തവുമില്ലാത്ത അപകടകാരിയാണ് സോഷ്യൽ മീഡിയ ആൾക്കൂട്ടം: വൈശാഖൻ തമ്പി

ശ്രീലക്ഷ്മി എ.വി.

കോഴിക്കോട്: ആൾക്കൂട്ട ആക്രമണങ്ങൾ മനുഷ്യർക്ക് താങ്ങാൻ പറ്റാത്തതാണെന്നും അതാണ് പലരെയും ആത്മഹത്യയിലേയ്ക്ക് തള്ളിയിടുന്നതെന്നും എഴുത്തുകാരനും ശാസ്ത്രഗവേഷകനുമായ വൈശാഖൻ തമ്പി.

ഒരു വീഡിയോ ഉപയോഗിച്ച് പൊതുവേദിയിൽ ഒരാളെ കൂട്ടം ചേർന്ന് ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് അവരെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ കാരണമാകുന്നതെന്നും വൈശാഖൻ തമ്പി ഫേസ്ബുക്കിലൂടെ പറഞ്ഞു.

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വൈശാഖൻ തമ്പിയുടെ പ്രതികരണം.

ഒരു പെൺകുട്ടി അയാളെ തെറ്റിദ്ധരിച്ചതോ അയാളുടെ വീഡിയോ റെക്കോർഡ് ചെയ്ത് തെറ്റായി വ്യാഖ്യാനിച്ചതോ അല്ല മറിച്ച് വീഡിയോ വെച്ച് സോഷ്യൽ മീഡിയയിൽ നടത്തിയ ആൾക്കൂട്ട ആക്രമണമാണ് ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യനോട് സഹതാപം കാണിക്കുന്നിടത്ത് ഈ ആൾക്കൂട്ടത്തിന് ഉത്തരവാദിത്തമുള്ളതായി കരുതരുതെന്നും വ്യക്തിത്വവും അഡ്രസ്സും ഉത്തരവാദിത്തവുമില്ലാത്ത അപകടകാരിയാണ് ആൾക്കൂട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ ആ ആൾക്കൂട്ടം പെൺകുട്ടിയുടെ പിറകെയാണെന്നും അവനെ വിചാരണ ചെയ്ത അതേ ശൈലിയിൽ അവളെ വിചാരണ ചെയ്ത് ആസ്വദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആൾക്കൂട്ടത്തിന് നിയമബോധമോ നീതിബോധമോ ധാർമികതയോ ഒന്നുമില്ലെന്നും അത് മനുഷ്യരെ ജഡ്ജ് ചെയ്ത് മറിക്കുന്നതിലുള്ള ആനന്ദം മാത്രമാണെന്നും വൈശാഖൻ തമ്പി പറഞ്ഞു.

‘സോഷ്യൽ മീഡിയ പൂർണമായും റിസ്ക്ക്-ഫ്രീ ആണ്. സെയ്ഫായിരുന്ന് വായിൽ വരുന്നതെന്തും വിളിച്ചുപറയാം. അതാണ് സോഷ്യൽ മീഡിയ ആൾക്കൂട്ടത്തെ ഇത്രയും ഡെഡ് ലി ആക്കുന്നത്. അവിടത്തെ മാനദണ്ഡം ധാർമികതയല്ല അതിന് ഇരകളെ മാത്രമേ ആവശ്യമുള്ളൂ. ഇൻഡിവിജ്വൽ എന്ന നിലയിൽ ഇത് തിരിച്ചറിഞ്ഞ് കരുതിയിരിക്കുക എന്നത് മാത്രമേ ഇവിടെ ചെയ്യാനാകൂ,’ അദ്ദേഹം വ്യക്തമാക്കി.

തങ്ങൾ അധിക്ഷേപിക്കപ്പെടുകയാണ് എന്ന് മനസിലാക്കാനുള്ള മാനസികശേഷിയില്ലാത്ത കുറേ പാവങ്ങളെ ഇതേ ആൾക്കൂട്ടം സെലിബ്രിറ്റികൾ പോലുമാക്കിയിട്ടുണ്ടെന്നും ഇടിച്ചാൽ കീറിപ്പോകാത്ത പഞ്ച് ബാഗ് ഇത്തരം ആൾക്കൂട്ടങ്ങൾക്ക് സ്വാഭാവികമായും ഇഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമമെന്ന പേരേയുള്ളൂ, ഇവിടെ നടക്കുന്ന ഒന്നിനേയും സമൂഹത്തിൽ നടക്കുന്നതായി കണക്കാക്കരുത്. സോഷ്യൽമീഡിയ പ്രൊഫൈലും അതിന് പിന്നിലുള്ള മനുഷ്യനും തമ്മിൽ അതിഭീകരമായ വ്യത്യാസമുണ്ട്. അത് ഒറിജിനൽ പ്രൊഫൈൽ ആണെങ്കിൽപ്പോലും. ചെയ്യുന്നതും പറയുന്നതും പ്രൊഫൈൽ ആയിരിക്കുമെന്നും ആ ആളിന്റേതാകണമില്ലെന്നും വൈശാഖൻ തമ്പി പറഞ്ഞു.

Content Highlight: Social media crowd is dangerous, with no identity or address, no accountability: Vysakh Thampi

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more