| Tuesday, 6th October 2026, 1:18 pm

കണ്ട് പഠിക്ക് മഹേഷേ രണ്ട് പേരെയും എങ്ങനെ പ്രസന്റ് ചെയ്യണമെന്ന്; ജയിലര്‍ 2 ട്രെയ്‌ലറിന് പിന്നാലെ മഹേഷ് നാരായണന് ക്ലാസെടുത്ത് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

സോഷ്യല്‍ മീഡിയക്ക് തീയിട്ടിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2ന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇതുവരെയുള്ള ഹൈപ്പ് ഇരട്ടിയാക്കുന്ന തരത്തിലുള്ള ട്രെയ്‌ലര്‍ ഇതിനോടകം വലിയ ചര്‍ച്ചയായി. ആദ്യഭാഗം പോലെ മാസ് എന്റര്‍ടൈനറാകും ജയിലര്‍ 2 എന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു.

രജിനികാന്തടക്കം വമ്പന്‍ താരങ്ങളുടെ സാന്നിധ്യമുള്ള ട്രെയ്‌ലര്‍ തൂക്കിയത് മലയാളത്തിന്റെ മോഹന്‍ലാലാണ്. ആദ്യഭാഗത്തില്‍ വെറും രണ്ട് സീനില്‍ മാത്രം വന്നുപോയ മാത്യു എന്ന കഥാപാത്രത്തെ ഒരു മിന്നായം പോലെയാണ് ട്രെയ്‌ലറില്‍ കാണിച്ചത്. വളരെ സ്‌റ്റൈലിഷായിട്ടാണ് നെല്‍സണ്‍ മോഹന്‍ലാലിനെ പ്രസന്റ് ചെയ്തിട്ടുള്ളത്.

ഇതിന് പിന്നാലെ മലയാളം പേജുകളില്‍ പുതിയ ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളെ ഗംഭീരമായി പ്രസന്റ് ചെയ്യാന്‍ അന്യഭാഷയിലെ സംവിധായകര്‍ക്ക് മാത്രമേ കഴിയുള്ളൂ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഓമില്‍ മമ്മൂട്ടിയുടെ ക്യാരക്ടര്‍ ടീസറിനും വലിയ റീച്ച് ലഭിച്ചിരുന്നു. സിയ എന്ന സ്റ്റൈലിഷ് ഗ്യാങ്സ്റ്ററായാണ് മമ്മൂട്ടി വേഷമിടുന്നത്.

മലയാളി സംവിധായകന്‍ മഹേഷ് നാരായണനാണ് ഇപ്പോള്‍ ഒരുപാട് വിമര്‍ശനത്തിന് ഇരയാകുന്നത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ പേട്രിയറ്റ് പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. മാസ് മൊമന്റുകള്‍ ഇല്ലാതെ, ഫ്‌ളാറ്റായി ഇരുവരെയും അവതരിപ്പിച്ചത് നിരാശ സമ്മാനിച്ചിരുന്നു.

നെല്‍സണും രാജ്കുമാര്‍ പെരിയസാമിയും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകളെ പ്രസന്റ് ചെയ്തത് കണ്ടിട്ട് അതുപോലെ ചെയ്ത് പഠിക്കാനാണ് മഹേഷ് നാരായണനോട് പലരും ആവശ്യപ്പെടുന്നത്. മോളിവുഡിന്റെ പൊട്ടന്‍ഷ്യല്‍ മുഴുവന്‍ പുറത്തെടുക്കാന്‍ കഴിയുന്ന പ്രൊജക്ടിനെ മഹേഷ് കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും കമന്റുകളുണ്ട്.

ആദ്യഭാഗത്തേതില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് മോഹന്‍ലാലിനെ നെല്‍സണ്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ ഹിറ്റ് ഗാനങ്ങളിലൊന്നായ ‘ഓക്കേല ഓക്കേല’ താരത്തിന്റെ ഇന്‍ട്രോ സീനില്‍ പ്ലെയ്‌സ് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒപ്പം അനിയുടെ ക്ലാസ് ബി.ജി.എമ്മും കൂടിയാകുമ്പോള്‍ തിയേറ്ററുകള്‍ പൂരപ്പറമ്പാകുമെന്ന് ഉറപ്പാണ്.

Content Highlight: Social Media criticizing Mahesh Narayanan after Jailer 2 trailer release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more