| Wednesday, 3rd September 2025, 7:19 am

കൈതി 2 ഒന്നും അനിരുദ്ധിനെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല, ലോകേഷിന്റെ പ്രസ്താവനക്ക് പിന്നാലെ സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യസിനിമ മുതല്‍ സിനിമാപ്രേമികളുടെ മനസില്‍ ഇടംപിടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ചുരുങ്ങിയ കാലം കൊണ്ട് തമിഴിലെ ബ്രാന്‍ഡായി മാറാന്‍ ലോകേഷിന് സാധിച്ചു. തമിഴില്‍ ആദ്യമായി സിനിമാറ്റിക് യൂണിവേഴ്‌സും ലോകേഷിലൂടെ പിറവിയെടുത്തു. ഓരോ സിനിമയും ഒന്നിനൊന്ന് മെച്ചമാക്കിയ ലോകേഷിന്റെ ഏറ്റവുമൊടുവിലത്തെ ചിത്രമായ കൂലി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.

കൂലിക്ക് ശേഷം ആദ്യമായി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട ലോകേഷ് കഴിഞ്ഞദിവസം നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കൂലി എന്തുകൊണ്ട് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല എന്നു തുടങ്ങി തന്റെ അടുത്ത സിനിമ ഏതാണെന്ന് വരെ ഈ അഭിമുഖത്തില്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. ഈ അഭിമുഖത്തില്‍ അനിരുദ്ധിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

‘ഭാവിയില്‍ അനിരുദ്ധ് ഇല്ലാതെ ഞാന്‍ ഒരൊറ്റ സിനിമ പോലും ചെയ്യില്ല. ഞങ്ങള്‍ രണ്ടുപേരില്‍ ആരെങ്കിലും ഒരാള്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറിനില്‍ക്കുന്നതുവരെ അനിരുദ്ധിനെ ഞാന്‍ വിടാന്‍ പോകുന്നില്ല. എ.ഐ ഒക്കെ എത്രത്തോളം വളര്‍ന്നാലും അത് വെറുതെ റഫറന്‍സിന് വേണ്ടി മാത്രമേ ഉപയോഗിക്കുള്ളൂ’ ലോകേഷ് കനകരാജ് പറഞ്ഞു.

എന്നാല്‍ ലോകേഷിന്റെ ഈ പ്രസ്താവനക്ക് പിന്നാലെ പലരും വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്തെത്തി. ‘ഭാവിയില്‍ എല്ലാ സിനിമയും അനിരുദ്ധിനെ വെച്ച് ചെയ്യുമ്പോള്‍ അതില്‍ കൈതി 2വും ഉള്‍പ്പെടില്ലേ’ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. കൈതി ഇത്രമാത്രം തരംഗമായത് സാം സി.എസിന്റെ സംഗീതം കൊണ്ടാണെന്നും അതിനെ വെല്ലാന്‍ ആര്‍ക്കും സാധിക്കില്ലെന്നും വാദമുയരുന്നുണ്ട്.

‘എത്ര തന്നെ ചാര്‍ട്ബസ്റ്റര്‍ ഒരുക്കുന്ന സംഗീത സംവിധായകനായാലും കൈതി 2 അനിരുദ്ധിനെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല’ എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായി രണ്ട് സിനിമകള്‍ നിരാശ സമ്മാനിച്ച ലോകേഷിന് കൈതി 2 പ്രേക്ഷകരുടെ പ്രതീക്ഷക്കനുസരിച്ച് എടുക്കാന്‍ കഴിയുമോ എന്നും ചിലര്‍ സംശയിക്കുന്നുണ്ട്. കൂലിക്ക് ശേഷം നായകനായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ലോകേഷ് കനകരാജ്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് അടുത്ത മാസം ആരംഭിക്കും.

ഇതിന് ശേഷം കൈതി 2 ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും മറ്റൊരു പ്രൊജക്ടാകും ലോകേഷ് ചെയ്യുക എന്നും റൂമറുകളുണ്ട്. രജിനികാന്തിനെയും കമല്‍ ഹാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ഗ്യാങ്സ്റ്റര്‍ ഡ്രാമ ഒരുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. കൈതി 2 വൈകിയാല്‍ ഈ യൂണിവേഴ്‌സിന് മേലുള്ള പ്രതീക്ഷകള്‍ കുറയാനും സാധ്യതകളുണ്ട്.

Content Highlight: Social Media criticizing Lokesh after he said his future project’s music will done by Anirudh

We use cookies to give you the best possible experience. Learn more