| Saturday, 24th January 2026, 5:15 pm

മോളിവുഡിന്റെ ഗതി മാറ്റിയ സിനിമയുടെ പ്രൊഡ്യൂസര്‍, ഇന്ന് സോഷ്യല്‍ മീഡിയയിലെ ട്രോള്‍ മെറ്റീരിയല്‍

അമര്‍നാഥ് എം.

വരിക്കാശ്ശേരി മനയുടെ ചുറ്റുവട്ടത്തും വള്ളുവനാടും മാത്രം ചുറ്റിക്കൊണ്ടിരുന്ന മലയാളസിനിമയെ കൊച്ചിയിലേക്ക് പറിച്ചുനട്ടത് ഒരുകൂട്ടം യുവാക്കളായിരുന്നു. സൂപ്പര്‍താരങ്ങളില്ലാതെ സിനിമ വിജയിക്കാമെന്ന് ഇന്‍ഡസ്ട്രിക്ക് കാണിച്ചുകൊടുത്ത ട്രാഫിക് എന്ന ചിത്രം മലയാളസിനിമയുടെ ഗതി മാറ്റുകയായിരുന്നു. ബോബി – സഞ്ജയ് എന്നിവരുടെ തിരക്കഥയിലൊരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് രാജേഷ് പിള്ളയായിരുന്നു.

ലിസ്റ്റിന്‍ സ്റ്റീഫന്‍ Photo: Reddit

അന്നത്തെ കാലത്ത് വലിയ സാറ്റലൈറ്റ് വാല്യു ഇല്ലാതിരുന്ന ആസിഫ് അലി, ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ അണിനിരത്തി സിനിമ നിര്‍മിക്കുക എന്ന റിസ്‌ക് ഏറ്റെടുത്തത് പുതിയൊരു പ്രൊഡക്ഷന്‍ ഹൗസായിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന 23കാരന്‍ മാജിക് ഫ്രെയിംസ് എന്ന തന്റെ നിര്‍മാണക്കമ്പനിയുടെ ആദ്യ ചിത്രമായി ട്രാഫിക് തെരഞ്ഞെടുത്തപ്പോള്‍ മലയാളസിനിമയുടെ ചരിത്രം മാറി.

പിന്നീട് മികച്ച സിനിമകള്‍ മാത്രം തെരഞ്ഞെടുത്ത് പ്രൊഡ്യൂസ് ചെയ്യുന്ന ബാനറായി മാജിക് ഫ്രെയിംസ് മാറി. ചാപ്പാ കുരിശ്, ഹൗ ഓള്‍ഡ് ആര്‍ യു, ഉസ്താദ് ഹോട്ടല്‍ പോലുള്ള ക്വാളിറ്റി സിനിമകള്‍ക്കൊപ്പം ചിറകൊടിഞ്ഞ കിനാവുകള്‍ പോലുള്ള പരീക്ഷണ സിനിമകളും ലിസ്റ്റിന്‍ എന്ന നിര്‍മാതാവ് മോളിവുഡിന് സമ്മാനിച്ചു. 2019ന് ശേഷം മാജിക് ഫ്രെയിംസ് തങ്ങളുടെ ട്രാക്ക് മാറ്റി.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ചേര്‍ന്ന് ഒരുപിടി ഹിറ്റ് സിനിമകള്‍ മാജിക് ഫ്രെയിംസ് സമ്മാനിച്ചു. ഡ്രൈവിങ് ലൈസന്‍സ്, ജന ഗണ മന, കടുവ തുടങ്ങിയ ഹിറ്റുകള്‍ ഒരുക്കി. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ലിസ്റ്റിന് അടിതെറ്റുകയാണ്. വിതരണത്തിനെടുത്ത സിനിമകളും നിര്‍മിച്ച സിനിമകളും തുടര്‍ച്ചയായി പരാജയത്തിലാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബേബി ഗേളും ബോക്‌സ് ഓഫീസില്‍ അടിതെറ്റി.

സിനിമകളുടെ ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സിന് പുറമെ ലിസ്റ്റിന്‍ എന്ന നിര്‍മാതാവിന്റെ ആറ്റിറ്റിയൂഡും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. പ്രിന്‍സ് ആന്‍ഡ് ഫാമിലിയെ ‘തള്ളി’ ഹിറ്റാക്കിയതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളാണ് ഏറ്റുവാങ്ങിയത്. പെട്ടെന്ന് ഷൂട്ട് തീര്‍ക്കുക, എങ്ങനെയെങ്കിലും ഹിറ്റാക്കുക എന്ന സമീപനമാണ് ലിസ്റ്റിന്റേതെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

ബേബി ഗേളിന്റെ പ്രസ് മീറ്റിനിടെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ കുറ്റം പറഞ്ഞതും ട്രോളിന് വിധേയമായി. ഒറ്റദിവസം നടക്കുന്ന കഥ ഷൂട്ട് ചെയ്യാന്‍ 50 ദിവസമെടുത്തെന്നായിരുന്നു ലിസ്റ്റിന്‍ പറഞ്ഞത്. ഷൂട്ട് നീണ്ടുപോകും തോറും തനിക്ക് ചെലവ് കൂടുകയാണെന്നും അതൊന്നും സംവിധായകന് വലിയ വിഷയമല്ലെന്നും ലിസ്റ്റിന്‍ പരാതിപ്പെട്ടു. എന്നാല്‍ ഇതെല്ലാം വലിയ രീതിയില്‍ ട്രോളിനിരയായി.

ഒരുകാലത്ത് ഇന്‍ഡസ്ട്രിയുടെ ഗതി മാറ്റിയ സിനിമകളൊരുക്കിയ നിര്‍മാതാവ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറിയതാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച. തുറമുഖം എന്ന സിനിമ ഏറ്റെടുത്തതിന്റെ നഷ്ടം തീര്‍ക്കാന്‍ നിവിന്‍ പോളിയുമായി മൂന്ന് സിനിമകള്‍ ചെയ്തത് ലിസ്റ്റിനും നിവിനും തിരിച്ചടിയായി.

രാമചന്ദ്ര ബോസ് ആന്‍ഡ് കോ ഒ.ടി.ടി പോലും ഏറ്റെടുക്കാത്തതും മലയാളി ഫ്രം ഇന്ത്യ പരാജയപ്പെട്ടതും ഇപ്പോള്‍ ബേബി ഗേള്‍ പരാജയത്തിലേക്ക് കുതിക്കുന്നതും കൃത്യമായ പ്ലാനിങ്ങില്ലാത്തതിനാലാണ്. നിലവിലെ സ്ഥിതി വെച്ച് നോക്കിയാല്‍ മുന്‍നിര നടന്മാരൊന്നും ഇനി ലിസ്റ്റിന് ഡേറ്റ് നല്‍കില്ലെന്നാണ് പല സിനിമാപേജുകളും അഭിപ്രായപ്പെടുന്നത്.

Content Highlight: Social Media criticizing Listin Stephen for his attitude and flop streak

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more