| Sunday, 1st February 2026, 5:28 pm

ജന നായകന് മാത്രമേ പ്രശ്‌നമുള്ളൂ, കേരള സ്‌റ്റോറി നാടിന്റെ മതസൗഹാര്‍ദം തകര്‍ക്കില്ല അല്ലേ, സെന്‍സര്‍ ബോര്‍ഡിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ഇല്ലാത്ത കണക്കുകള്‍ കാണിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് മുന്നില്‍ കേരളത്തെ കരിവാരിത്തേച്ച ചിത്രമായിരുന്നു കേരള സ്റ്റോറി. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്തിടെ അനൗണ്‍സ് ചെയ്തിരുന്നു. കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങി.

ആദ്യഭാഗത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് രണ്ടാം ഭാഗവും നിര്‍മിച്ചത്. സുദീപ്‌തോ സെന്നിന് പകരം കാമാഖ്യാ നാരായണ്‍ സിങ്ങാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ഇത്തവണ കേരളത്തിന്റെ പുറത്തുള്ള സ്ത്രീകളെയും മുസ്‌ലിം യുവാക്കള്‍ പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നവരാണെന്ന് ടീസറില്‍ പറയുന്നത്. എന്നാല്‍ കേരള സ്റ്റോറി 2വിന്റെ ടീസറിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിജയ്‌യുടെ ജന നായകന്‍ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ അതേ സെന്‍സര്‍ ബോര്‍ഡ് കേരള സ്‌റ്റോറിയെ തടയാതിരിക്കുന്നത് എന്തിനാണെന്ന് പലരും ചോദിക്കുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു, മതസൗഹാര്‍ദം തകര്‍ക്കാന്‍ സാധ്യതയുണ്ട് എന്നീ കാരണങ്ങള്‍ പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് ജന നായകന് അനുമതി നിഷേധിക്കുന്നത്.

വിദേശത്തുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ കൂടെനിര്‍ത്തി ഭരണം പിടിച്ചെടുക്കുന്നതായിട്ടാണ് ജന നായകനില്‍ കാണിക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ജന നായകന് പ്രദര്‍ശനം നിഷേധിച്ച അതേ ബോര്‍ഡ് തന്നെ കേരള സ്‌റ്റോറിയെ തടയാത്തത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കുന്നുണ്ട്.

തന്റെ സിനിമകളിലൂടെ ബി.ജെ.പിയെ പലപ്പോഴായി വിമര്‍ശിച്ച വിജയ് സ്വന്തമായി രാഷ്ട്രീയപാര്‍ട്ടി ആരംഭിച്ച ശേഷം പുറത്തിറങ്ങുന്ന ചിത്രമാണ് ജന നായകന്‍. ജന നായകന്റെ റിലീസ് തടയുന്നതില്‍ കേന്ദ്ര സര്‍ക്കാരിനും വലിയ പങ്കുണ്ടെന്ന് ആരാധകര്‍ ആരോപിക്കുന്നുണ്ട്. ഭരണകൂടത്തിന് അനുകൂലമായി പ്രൊപ്പഗണ്ടകള്‍ പറയുന്ന സിനിമകള്‍ മാത്രം ആളുകള്‍ കണ്ടാല്‍ മതി എന്നതിന്റെ ഉദാഹരണമാണ് ഇതെന്നും പോസ്റ്റുകളുണ്ട്.

ഭരിക്കുന്ന ഗവണ്മെന്റ് പറയുന്നത് കേട്ട് അതുപോലെ പ്രവര്‍ത്തിക്കുന്ന സെന്‍സര്‍ ബോര്‍ഡിനെ സെന്‍സില്ലാത്ത ബോര്‍ഡെന്നും ചിലര്‍ പരിഹസിക്കുന്നു. കേരള സ്റ്റോറി, കശ്മീര്‍ ഫയല്‍സ്, ബംഗാള്‍ ഫയല്‍സ് പോലുള്ള സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുന്ന സെന്‍സര്‍ ബോര്‍ഡിനെ വിമര്‍ശിക്കുന്നവരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അധികവും.

Content Highlight: Social Media criticizing Censor board after Kerala Story 2 teaser

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more