തമിഴ് ഇന്‍ഡസ്ട്രിയിലെ ടോപ് താരമാണെങ്കിലും സിനിമാ പ്രൊമോഷനോ മറ്റ് പരിപാടികള്‍ക്കോ പങ്കെടുക്കാത്ത നായകനാണ് അജിത് കുമാര്‍. സിനിമക്കൊപ്പം റേസിങ്ങിനെയും തന്റെ പാഷനായി കാണുന്ന അജിത് ഇപ്പോള്‍ പൂര്‍ണമായും കാര്‍ റേസിങ്ങിലാണ് ശ്രദ്ധ നല്‍കുന്നത്. റേസിനിടെ സമയം കിട്ടുമ്പോള്‍ വന്ന് സിനിമ ചെയ്യുക എന്ന രീതിയാണ് ഇപ്പോള്‍ താരം പിന്തുടരുന്നത്.
അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഡെയര്‍ഡെവിളിന്റെ ഷൂട്ട് ഈയാഴ്ച ആരംഭിക്കാനിരിക്കുകയാണ്. ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം ഒരിക്കല്‍കൂടി ആദിക് രവിചന്ദ്രനുമൊത്ത് ഒന്നിക്കുന്ന ചിത്രമാണ് ഡെയര്‍ഡെവിള്‍. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്. അജിത്തിന്റെ ഉടമസ്ഥതയിലുള്ള ബ്രേവ്ഹാര്‍ട്ട്‌സ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
അജിത്തിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്. താരത്തിന്റെ കരിയറിലെ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകരും ഡെയര്‍ഡെവിളിന്റെ അണിയറപ്രവര്‍ത്തകരും പൂജാ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ആദ്യ നിര്‍മാണ സംരംഭമായിരുന്നിട്ടും അജിത് ചടങ്ങില്‍ പങ്കെടുക്കാത്തതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.
സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലൊന്നും പങ്കെടുക്കാത്ത താരമാണ് അജിത്. ഓരോ സിനിമക്ക് വേണ്ടിയും വമ്പന്‍ പ്രതിഫലം വാങ്ങുകയും തന്റെ സിനിമയുടെ ഓഡിയോ ലോഞ്ച് പോലും വേണ്ടെന്ന് വെക്കുകയും ചെയ്യുന്ന താരത്തിന്റെ നിലപാട് പലപ്പോഴും വിമര്‍ശനത്തിന് ഇരയാകാറുണ്ട്.
ഇപ്പോഴിതാ സ്വന്തമായി നിര്‍മിക്കുന്ന സിനിമയുടെ പൂജക്ക് പോലും പങ്കെടുക്കാത്തതിന്റെ പേരില്‍ താരത്തെ വിമര്‍ശിക്കുകയാണ് പലരും. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അനിരുദ്ധ് പോലും തന്റെ വിവാഹ തിരക്കുകള്‍ക്കിടയില്‍ പൂജാ ചടങ്ങിനായി എത്തിയെന്നും നായകനായ അജിത്തിന് പങ്കെടുത്താല്‍ എന്തായിരുന്നു എന്നും ചോദ്യങ്ങളുണ്ട്.
ഡെയര്‍ഡെവിളിന്റെ നിര്‍മാണം അജിത് ഏറ്റെടുത്തതിന് പിന്നില്‍ വലിയ കഥയുണ്ടെന്നും സോഷ്യല്‍ മീഡിയാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിന്റെ അവസാന സിനിമകളെല്ലാം നിര്‍മാതാക്കള്‍ക്ക് വലിയ നഷ്ടം സമ്മാനിച്ചിരുന്നെന്നും പുതിയ ചിത്രത്തിനായി താരം ആവശ്യപ്പെട്ട പ്രതിഫലം പലര്‍ക്കും സ്വീകാര്യമല്ലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പല നിര്‍മാതാക്കളും പിന്മാറിയതോടെയാണ് സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചതെന്നും ലാഭത്തില്‍ നിന്ന് കിട്ടുന്ന പൈസ തന്റെ റേസിങ് ടീമിനായി താരം ചെലവഴിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വന്‍ ബജറ്റിലും താരനിരയിലുമാണ് ഡെയര്‍ഡെവിള്‍ ഒരുങ്ങുന്നത്. തെലുങ്ക് താരം ശ്രീലീലയാണ് ചിത്രത്തിലെ നായിക. പാര്‍ത്ഥിബന്‍, ഉണ്ണി മുകുന്ദന്‍, പ്രഭു, സുനില്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 2027 ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
Content Highlight: Social media criticizing Ajith Kumar for not attending the Pooja of Dare Devil movie