കോഴിക്കോട്: സംഗീത സംവിധായകന്‍ ഷാൻ റഹ്മാന് വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. അമൃത ടി.വിയിലെ ‘സൂപ്പര്‍ സ്റ്റാര്‍ സീനിയര്‍’ എന്ന പരിപാടിക്കിടെ ഷാൻ റഹ്മാന് മത്സരാര്‍ത്ഥിയോട് ഉന്നയിച്ച ചോദ്യത്തിനെതിരെയാണ് വിമര്‍ശനം.
പരിപാടിയില്‍, തനിക്കൊരു അനിയനും കൂടി ഉണ്ടായിരുന്നെങ്കില്‍ ഹന ഫാത്തിം എന്ന മത്സരാര്‍ത്ഥിയെ അവനുവേണ്ടി വിവാഹം ആലോചിച്ചേനെയെന്നാണ് ഷാൻ റഹ്മാന് പറയുന്നത്. പിന്നാലെ പാചകം അറിയുമോയെന്നും എന്തെല്ലാം പാചകം ചെയ്യുമെന്നും ഷാൻ റഹ്മാന്‍ ഹനയോട് ചോദിക്കുന്നുണ്ട്.
ഈ ചോദ്യത്തിന് തനിക്ക് ന്യൂഡില്‍സും ബുള്‍സൈയും പാചകം ചെയ്യാനറിയാമെന്നാണ് ഹന മറുപടി നല്‍കിയത്. എന്നാല്‍ ഹനയുടെ മറുപടി കേട്ടതും മുഖത്ത് ഞെട്ടല്‍ ഭാവത്തോട് കൂടിയ ഷാൻ റഹ്മാനെയാണ് എപ്പിസോഡില്‍ കാണാന്‍ സാധിക്കുന്നത്.
View this post on Instagram
‘പെണ്ണായാല്‍ കുക്കിങ് പഠിക്കണ്ടേ?,’ എന്ന് കുറിച്ചുകൊണ്ട് ചിലര്‍ ഷാൻ റഹ്മാന്റെ ചോദ്യത്തെ പരിഹസിക്കുന്നുണ്ട്. ചീഫ് കുക്കായി കുട്ടിയെ തെരഞ്ഞെടുത്തിരിക്കുന്നുവെന്നാണ് മറ്റു ചിലരുടെ പ്രതികരണം.
ഒരാളോട് പാചകം ചെയ്യാനറിയുമോ എന്നതില്‍ കുറ്റമില്ല. എന്നാല്‍ അത് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള യോഗ്യതയായി മാറുമ്പോഴാണ് പ്രശ്‌നമെന്നും ഒരു വിഭാഗം ആളുകള്‍ ചൂണ്ടിക്കാട്ടി.
ഒരു പെണ്‍കുട്ടി ആയതുകൊണ്ടാണ് മത്സരാര്‍ത്ഥിയോട് കുക്കിങ് അറിയുമോയെന്ന് ചോദിച്ചതെന്നും ആ സ്ഥാനത്ത് ഒരു ആണ്‍കുട്ടി ആയിരുന്നെങ്കില്‍ എത്ര ശമ്പളമുള്ള ജോലി വേണമെന്നാണ് ആഗ്രഹമെന്നായിരിക്കും ചോദിക്കുകയെന്നും സോഷ്യല്‍ മീഡിയ പ്രതികരിച്ചു.
അതേസമയം ‘പെണ്‍കുട്ടികളോട് പിന്നെ തെങ്ങില്‍ കയറി തേങ്ങയിടാന്‍ അറിയാമോ, ചേനയ്ക്ക് തടമെടുക്കുമോ എന്നൊക്കെ ചോദിക്കണോ’ എന്ന് മറ്റൊരു വിഭാഗവും ചോദിക്കുന്നുണ്ട്. ഇക്കാലത്ത് ഒരു തമാശ പോലും പറയാന്‍ പറ്റില്ലല്ലോ എന്നാണോ ഇക്കൂട്ടരുടെ പ്രതികരണം.
Content Highlight: Social media criticizes Shaanrahman