അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് റിയ ഷിബു. ചിത്രത്തിലെ ‘ഡെലൂലു’ എന്ന ക്യൂട്ട് യക്ഷി കഥാപാത്രം സോഷ്യൽ മീഡിയയിലും യുവ പ്രേക്ഷകരിടയിലും വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
സാധാരണ യക്ഷി കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ അവതരണമായിരുന്നു ഡെലൂലുവിനെ ശ്രദ്ധേയമാക്കിയത്.
സർവ്വം മായ, Photo: IMDb
മനുഷ്യരെ ഭയപ്പെടുത്തുന്നതിന് പകരം മനുഷ്യരെ കാണുമ്പോൾ പേടിക്കുകയും, ഡി.പി മാറ്റുകയും, ഓൺലൈനായി വസ്ത്രങ്ങൾ ഓർഡർ ചെയ്യുന്നതുമൊക്കെയായി ഒരു ‘സാധാരണ പ്രേതം’ പോലെ അവതരിപ്പിച്ച കഥാപാത്രം വളരെ പെട്ടെന്നാണ് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചത്.
അതുകൊണ്ടുതന്നെ റിയ നായികയായെത്തുന്ന അടുത്ത ചിത്രത്തിനായി വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘അതിരടി’ റിലീസായതിന് പിന്നാലെ റിയയുടെ പ്രകടനത്തെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.
ചിത്രത്തിൽ ‘സ്വാതി’ എന്ന കഥാപാത്രത്തെയാണ് റിയ അവതരിപ്പിക്കുന്നത്. എന്നാൽ കഥാപാത്രത്തിന്റെ അവതരണവും അഭിനയ ശൈലിയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
സിനിമ കണ്ടതിന് പിന്നാലെ നിരവധി പേർ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ പങ്കുവെക്കുന്നുണ്ട്. ‘റിയ ഷിബുവിന്റെ റീലുകളും സ്റ്റോറികളും കണ്ടാണ് ആദ്യം ഇഷ്ടപ്പെട്ടത്.
‘സർവ്വം മായ’യിലെ പ്രകടനവും നന്നായിരുന്നു. പക്ഷേ അവിടെ റിയ താനായി തന്നെ നിന്നതുകൊണ്ടായിരിക്കും കഥാപാത്രം വർക്ക് ചെയ്തത് എന്ന് ‘അതിരടി’ കണ്ടപ്പോഴാണ് മനസിലായത്,’ എന്നാണ് പലരുടെയും അഭിപ്രായം.
‘ലീഡ് റോളിലെത്തിയ രണ്ടാം ചിത്രത്തിൽ തന്നെ അഭിനയത്തിൽ ഇനിയും വളരെയധികം മെച്ചപ്പെടാനുണ്ടെന്ന് തെളിഞ്ഞു. പാവ റോൾ, അതിനേക്കാൾ പാവ അഭിനയവും,’ എന്നിങ്ങനെയുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.
ചിലർ റിയയുടെ സ്‌ക്രീൻ പ്രസൻസിനെക്കുറിച്ചും അഭിപ്രായപ്പെടുന്നുണ്ട്. ‘സ്‌ക്രീനിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ കൺഫ്യൂഷനായി നിൽക്കുന്ന പോലെ തോന്നി,’ എന്നാണ് മറ്റൊരു പ്രതികരണം. അതേസമയം ‘ഡെലൂലു’ പോലുള്ള കംഫർട്ട് സോണിലുള്ള കഥാപാത്രങ്ങളിലാണ് റിയ കൂടുതൽ തിളങ്ങുന്നതെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
അഭിനയത്തിന് പുറമെ റിയയുടെ ഹെയർ സ്റ്റൈലും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമായിട്ടുണ്ട്. ‘സർവ്വം മായ’യിലെ ലുക്ക് തന്നെയായിരുന്നു താരത്തിന് കൂടുതൽ ചേരുന്നതെന്നാണ് നിരവധി പ്രേക്ഷകരുടെ അഭിപ്രായം. പുതിയ ചിത്രത്തിലെ മേക്കോവറിനും കഥാപാത്രത്തിന്റെ അവതരണത്തിനും ചില വിമർശനങ്ങൾ ഉയരുന്നുണ്ട്.
എന്നാൽ മറുവശത്ത്, ഒരു നടിയുടെ കരിയറിലെ തുടക്ക കാലത്ത് ഇത്തരം പരീക്ഷണങ്ങൾ സ്വാഭാവികമാണെന്നും ഒറ്റ സിനിമയുടെ അടിസ്ഥാനത്തിൽ താരത്തെ വിലയിരുത്തരുതെന്ന് പറയുന്നവരുമുണ്ട്.
സോഷ്യൽ മീഡിയയിലെ ട്രോളുകളും വിമർശനങ്ങളും തുടരുമ്പോഴും ‘അതിരടി’യ്ക്ക് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മെയ് 14നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ അതിരടിക്ക് 50 കോടിയിലെത്താൻ ഇനി വെറും ഒരു കോടിയുടെ ദൂരം മാത്രമേ ഉള്ളുവെന്നതും ശ്രദ്ധേയമാണ്.
Content Highlight: Social media criticizes Riya Shibu’s character in the film Athiradi