മലയാളികളുടെ പ്രിയ താരമാണ് നിഖില വിമൽ. മലയാളത്തിനൊപ്പം തമിഴ് സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച നിഖില വിമൽ ‘ലവ് 24×7 ‘ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുന്ന സ്വഭാവം കൊണ്ട് നിഖില പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.
ഇപ്പോളിതാ താരം പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ചർച്ചയാകുന്നത്. നടൻ ആര്യയും തെലുങ്ക് താരം വൈഷ്ണവി ചൈതന്യയും ഒപ്പമുള്ള ഒരു ജിം ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫോട്ടോ പങ്കുവെച്ചതോടെ നിഖിലയ്‌ക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും മോശം കമന്റുകളും ഉയരുകയാണ്.
നിഖില വിമൽ, Photo: Nikhila vimal/ Facebook
ജിമ്മിൽ വർക്ക്‌ഔട്ട് ചെയ്യുന്നതിനിടെ എടുത്ത ഒരു ഫോട്ടോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിൽ തമിഴ് താരം ആര്യയും തെലുങ്ക് നടി വൈഷ്ണവി ചൈതന്യയും നിഖിലക്കൊപ്പം കാണാം.
ഫോട്ടോ പുറത്തുവന്നതോടെ നിരവധി ആരാധകർ ഈ കൂട്ടുകെട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചിത്രത്തെ നല്ല രീതിയിൽ ഏറ്റെടുക്കുകയും ചെയ്തു.
എന്നാൽ ചിലർ ഈ ഫോട്ടോ ചില പേജുകളിൽ പങ്കുവെക്കുകയും അതിനു താഴെ നിഖിലയ്‌ക്കെതിരെ മോശം രീതിയിലുള്ള കമന്റുകൾ ഉയരുകയുമായിരുന്നു. നിഖിലയുടെ വസ്ത്രത്തെയും ശരീരത്തെയുമൊക്കെ മോശമാക്കുന്ന രീതിയിലുള്ള നിരവധി കമന്റുകളാണ് വന്നത്. എന്നാലും എന്റെ നിഖിലേ… നിങ്ങൾ തന്നെയാണോ ഇത്?, ഇത്തരം ഒരു ഫോട്ടോ എടുക്കാൻ ആര്യ നിഖിലയെ എങ്ങനെ സമ്മതിപ്പിച്ചു? തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. ഇതോടൊപ്പം അടുത്ത ഡിവോഴ്സിനുള്ള സമയമായെന്ന് പറഞ്ഞ് ആര്യയെ പരിഹസിക്കുന്നവരെയും കമന്റുകളിൽ കാണാം.
നിഖില വിമൽ, Photo: Nikhila vimal/ Facebook
കൂടാതെ നിഖില വിമൽ പോസ്റ്റ് ചെയ്യാത്ത ചിത്രങ്ങളും എഡിറ്റ് ചെയ്ത് ചിലർ മോശമായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്.
അതേസമയം, ഈ ഫോട്ടോ ഒരു പുതിയ സിനിമയുമായി ബന്ധപ്പെട്ടതാകാമെന്ന അഭ്യൂഹവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. ആര്യയുടെ നാല്പതാമത്തെ ചിത്രത്തിനായി ഒരുങ്ങുന്ന പ്രോജക്റ്റിലായിരിക്കും നിഖിലയും വൈഷ്ണവി ചൈതന്യയും നായികമാരാകുക എന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഈ ഒരു പോസ്റ്റിനു പിന്നാലെ വലിയ രീതിലുള്ള സൈബർ ആക്രമണമാണ് നിഖിലയ്ക്ക് നേരെ ഉയരുന്നത്.
Content Highlight: Social media criticizes Nikhila Vimal’s post