തിയേറ്ററുകളിൽ ഇടിയുടെ മാലപ്പടക്കം കൊളുത്തികൊണ്ടാണ് ചത്താ പച്ച: റിങ് ഓഫ് റൗഡീസ് മുന്നേറുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നവാഗത സംവിധായകൻ അദ്വൈത് നായരാണ് സംവിധാനം ചെയ്തത്. റിലീസിന് മുൻപ് തന്നെ മമ്മൂട്ടി കാമിയോയായി എത്തുന്നു എന്ന വാർത്ത സിനിമയ്ക്ക് വലിയ ഹൈപ്പ് സമ്മാനിച്ചിരുന്നു.
എന്നാൽ റിലീസിന് ശേഷം മമ്മൂട്ടി അവതരിപ്പിച്ച വാൾട്ടർ എന്ന കഥാപാത്രത്തിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇത്തരം ഒരു കാമിയോ സിനിമയിൽ ആവശ്യമുണ്ടായിരുന്നോയെന്ന സംശയമാണ് പലരും ഉയർത്തുന്നത്. കാമിയോയുടെ പരാജയത്തിന് സംവിധായകനാണ് ഉത്തരവാദിയെന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
ചത്താ പച്ച, Photo: YouTube/ Screen grab
സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ മികച്ച രീതിയിൽ സ്ക്രീനിലെത്തിച്ച സംവിധായകൻ, കഥയുടെ ക്ലൈമാക്സിന് പുതിയൊരു തലം നൽകേണ്ട വാൾട്ടർ എന്ന കഥാപാത്രത്തെ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മോശം കാമിയോവേഷമായി അവതരിപ്പിച്ചുവെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായം. കഥാപാത്രത്തിന് നൽകേണ്ട മാസും രൗദ്രതയും ഒഴിവാക്കി കോമഡി സ്വഭാവത്തിലുള്ള അവതരണം എന്തിനായിരുന്നുവെന്ന ചോദ്യവും ശക്തമാകുന്നു.
മമ്മൂട്ടിയുടെ ശാരീരിക അവശതകൾ പോലും വ്യക്തമായി സ്ക്രീനിൽ കാണുന്ന സാഹചര്യത്തിൽ, ഇത്തരം ഒരു കാമിയോ തീരുമാനം തന്നെ അനാവശ്യമായിരുന്നുവെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. സ്ക്രീനിൽ സെക്കൻഡുകൾ മാത്രം നീളുന്ന ചില രംഗങ്ങളിൽ, സിനിമ ആവശ്യപ്പെട്ട വാൾട്ടർ ആശാനെ കുറച്ചുകൂടി മാസ് ആയി കാണിക്കാമായിരുന്നെന്നും ഇങ്ങനെ കോമഡി രൂപത്തിൽ അവതരിപ്പിക്കാൻ പഠിച്ചത് ലോകേഷിൽ നിന്നാണോ എന്ന പരിഹാസ ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നു.
ചത്താ പച്ച, Photo: X.com/ Screengrab
ആമിർ ഖാൻ പോലൊരു പാൻ ഇന്ത്യൻ താരത്തെ തെറ്റായ രൂപഭാവത്തിൽ അവതരിപ്പിച്ച് വലിയ വിമർശനം നേരിട്ട ഉദാഹരണങ്ങൾ മുന്നിലുണ്ടായിരിക്കെ, എന്തിനാണ് മമ്മൂട്ടിക്ക് ഇത്തരമൊരു അവതരണം നൽകിയതെന്ന ചോദ്യവും ആരാധകർ ഉന്നയിക്കുന്നു. അതേസമയം, മമ്മൂട്ടിയുടെ അഭിനയം മികച്ചതായിരുന്നുവെന്നും, കൊച്ചി സ്റ്റൈലും സ്ലാങ്ങുമുള്ള ആശാന് ആ ലുക്കും സ്റ്റൈലും യോജിച്ചതാണെന്നും പറയുന്നവരും ഉണ്ട്.
അദ്വൈത് നായർ, Photo: Adhvaith Nayar/ facebook
ഒരു മഹാനടനായ മമ്മൂട്ടിക്ക് കാമിയോ കഥാപാത്രങ്ങൾ നൽകുമ്പോൾ, കഥാപാത്രത്തെ മാത്രം മുൻനിർത്താതെ അദ്ദേഹം ചെയ്തുവെച്ച അതിഗംഭീര റോളുകൾക്കും ആ താരമൂല്യത്തിനുമൊത്ത അവതരണം നൽകേണ്ടതുണ്ടെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.ഭ ഭ ബ എന്ന ചിത്രത്തിൽ മോഹൻലാലിന് നേരിടേണ്ടി വന്ന ട്രോളുകളുടെ തോതിലേക്ക് ഈ കഥാപാത്രം പോയില്ലെന്ന ആശ്വാസവും ചിലർ പങ്കുവയ്ക്കുന്നു.
ഏകദേശം പത്ത് മിനിറ്റ് ദൈർഘ്യമുള്ള മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസ് ആവേശകരമായ ഇന്ട്രോയോടുകൂടിയായിരുന്നു. എന്നാൽ തുടർന്നുള്ള ഭാഗങ്ങളിൽ വാൾട്ടറിന് കാര്യമായ ഇംപാക്ട് സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നാണ് പൊതുവായ അഭിപ്രായം. സിങ്ക് സൗണ്ടിലുള്ള ഡയലോഗ് ഡെലിവറിയും യോജിക്കാത്ത കോസ്റ്റ്യൂമും വിഗുമാണ് കഥാപാത്രത്തിന്റെ ശക്തി കുറച്ചതെന്നും വിമർശനമുണ്ട്.
മമ്മൂട്ടിക്ക് പകരം ബാബു ആന്റണി ആയിരുന്നെങ്കിൽ കഥാപാത്രം കൂടുതൽ ഫലപ്രദമായേനെയെന്ന അഭിപ്രായവും ഉയരുന്നുണ്ടെങ്കിലും, അങ്ങനെ ആയിരുന്നാൽ ‘ഇത് മമ്മൂട്ടി ചെയ്തിരുന്നെങ്കിൽ നന്നായേനെ’ എന്നതാവുമായിരുന്നു പ്രതികരണമെന്നും പ്രേക്ഷക കാഴ്ചപ്പാടുകൾ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതാണെന്നും ആരാധകർ പറയുന്നു.
Content Highlight: Social media criticizes director after release of Chatha Pacha