ന്യൂസിലാന്‍ഡിനെതിരയ നാലാം ടി-20യിലും പരാജയപ്പെട്ട മലയാളി സാപ്പര്‍ താരം സഞ്ജു സാംസണിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ചര്‍ച്ചകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന പരമ്പരയിലെ ആദ്യ നാല് മത്സരത്തിലും സഞ്ജു ഫ്‌ളോപ്പായിരുന്നു.
ഇതോടെ സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ള മുന്‍ ഇന്ത്യന്‍ താരങ്ങളുള്‍പ്പെടെ സഞ്ജുവിന്റെ മോശം പ്രകടനത്തെയും ഫൂട്ട് വര്‍ക്കിനെയും വിമര്‍ശിച്ചിരുന്നു. മാത്രമല്ല മിക്ക സോഷ്യല്‍ മീഡിയയിലും സഞ്ജുവിനെതിരെയുള്ള കമന്റുകളാണ്.
അത്തരത്തില്‍ കോഴിക്കോട് ടൗണ്‍ എന്ന ഫേസ് ബുക്ക് അക്കൗണ്ടില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ‘ഇത്രയേറെ ലോണും പ്രാരാബ്ധവും പോരാഞ്ഞിട്ട് മലയാളിക്ക് പുതിയ ടെന്‍ഷന്‍!!! സഞ്ജു സാംസണ്‍’ എന്നായിരുന്നു പോസ്റ്റ്. ക്രിക്കറ്റ് നിരീക്ഷകന്‍ സന്ദീപ് ദാസ് റൂട്ട്‌സിലെ മാച്ച് റിവ്യൂവിന്റെ കമന്റ് ബോക്‌സിലും സഞ്ജുവിനെതിരെ ട്രോള്‍ കുമിഞ്ഞു.
‘ബൗള്‍ഡ് ആയതില്‍ സഞ്ജുവിനെ കുറ്റം പറയരുത് സഞ്ജു ബോള്‍ കണ്ടില്ല’ എന്നടക്കമുള്ള കമന്റുകളാണിവ. കൂടാതെ സഞ്ജുവിനെക്കാള്‍ മികച്ച താരം ഇഷാന്‍ കിഷനാണെന്നും ലോകകപ്പില്‍ കിഷനെ ഓപ്പണറാക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന അവസാനത്തെ മത്സരത്തില്‍ സഞ്ജുവിന് അവസരം നല്‍കണമെന്നും മികച്ച പ്രകടനം നടത്തി സഞ്ജു തിരിച്ചുവരുമെന്നും പറയുന്ന ആരാധകരും ഉണ്ട്.
അതേസമയയം കിവീസിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ 15 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സറും അടക്കം 24 റണ്‍സ് നേടിയാണ് മടങ്ങിയത്. ആദ്യ മത്സരത്തില്‍ 10ഉം രണ്ടാം മത്സരത്തില്‍ 6ഉം മൂന്നാം മത്സരത്തില്‍ പൂജ്യവുമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. സ്വന്തം നാട്ടില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ നടക്കുന്ന മത്സരത്തില്‍ സഞ്ജു വമ്പന്‍ പ്രകടനം തന്നെ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ സീരീസ് സ്വന്തമാക്കി കഴിഞ്ഞു. ജനുവരി 31നാണ് പരമ്പരയിലെ അവസാന മത്സരം. തിരുവനന്തപുരമാണ് വേദി.
Content Highlight: Social Media Criticize Sanju Samson In Poor Performance