| Saturday, 23rd August 2025, 6:26 pm

'കോഴിയല്ല ചെന്നായയാണ്'; ഓഡിയോയ്ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സൈബര്‍ ഇടത്ത് ഉയരുന്നത് കടുത്ത രോഷം.

എല്ലാവരും പരിഹസിക്കുന്നപോലെ അയാള്‍ വെറുമൊരു ‘കോഴി’ അല്ലെന്നും ലക്ഷണമൊത്ത ഒരു ക്രിമിനലാണെന്നുമാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പ്രതികരിക്കുന്നത്.

രാഹുലിനെതിരെ ഇതുവരെ പുറത്തുവന്നതില്‍ വെച്ച് ഏറ്റവും ഗുരുതരവും ഞെട്ടിപ്പിക്കുന്നതുമായ സംഭാഷണം കൂടിയാണ് ഇത്.

ഗര്‍ഭച്ഛിദ്രത്തിന് തയ്യാറാകാത്ത പെണ്‍കുട്ടിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ ആവര്‍ത്തിച്ച് നിര്‍ബന്ധിക്കുന്നതും ഒടുവില്‍ പെണ്‍കുട്ടിയെ നേരില്‍ കാണണമെന്ന് ഇയാള്‍ ആവശ്യപ്പെടുന്നതും ഓഡിയോയില്‍ വ്യക്തമാണ്.

ഇതിന് ശേഷം തന്നെ കൊല്ലാന്‍ വേണ്ടിയാണോ കാണണമെന്ന് പറയുന്നതെന്ന് പെണ്‍കുട്ടി ചോദിക്കുമ്പോഴാണ് ‘തന്നെ കൊല്ലാന്‍ എനിക്ക് എത്ര സമയം വേണ്ടിവരുമെന്നാണ് താന്‍ കരുതുന്നത്.. എന്നാണ് രാഹുല്‍ ചോദിക്കുന്നത്.

‘എല്ലാവരും പരിഹസിക്കുന്ന പോലെ അയാള്‍ വെറുമൊരു ‘കോഴി’ അല്ല… അങ്ങേയറ്റം വൈകൃത മനോഭാവമുള്ള ലക്ഷണമൊത്ത ഒരു ക്രിമിനല്‍ ആണ്’ എന്നാണ് ചിലര്‍ പ്രതികരിക്കുന്നത്.

നിസ്സഹായതയുടെ മുനമ്പില്‍ നിന്നുകൊണ്ട് ഒരു പെണ്‍കുട്ടി സംസാരിക്കുന്നതിന്റെ വേദന ഓരോ വാക്കിലും പൊടിയുന്നുണ്ടെന്നും അയാളെ പിന്തുണച്ച് ഒരു കമന്റെങ്കിലും ഇടാന്‍ പോകുന്നവര്‍ തീര്‍ച്ചയായും ഇത് കേള്‍ക്കണമെന്നുമാണ് ചിലര്‍ പറയുന്നത്.

പരോക്ഷമായി എങ്കിലും സംരക്ഷണം തീര്‍ക്കുന്ന ഒരു കമന്റിനായി വിരലു പൊങ്ങുമ്പോള്‍ നിങ്ങള്‍ നിസ്സഹായരായ ഈ പെണ്‍കുട്ടികളുടെ നിശബ്ദമായി പോയ നിലവിളികള്‍ ഓര്‍ക്കണം. അതിനു നേരെ പാഞ്ഞുവന്ന ആക്രോശങ്ങളും ഭീഷണികളും തെറിവിളികളും ഓര്‍ക്കണം എന്നാണ് ചില പ്രതികരണങ്ങള്‍.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതായിരിക്കും കോണ്‍ഗ്രസിന് നല്ലതെന്നും വെറുതെ സാങ്കേതികതയും സി.പി.ഐ.എമ്മിലെ നേതാക്കളുടെ കാര്യവും പറഞ്ഞു കടിച്ചുതൂങ്ങരുതെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നു.

ഗര്‍ഭച്ഛിദ്രം ചെയ്തില്ലെങ്കില്‍ എന്റെ ജീവിതം തകരും’ എന്ന് അപേക്ഷിക്കുന്ന രാഹുല്‍, പിന്നീട് തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും ഓഡിയോ ക്ലിപ്പുകളില്‍ കേള്‍ക്കാം.

കോഴിയെന്ന് വിളിച്ച് പെണ്‍കുട്ടികളുടെ പിറകെ നടക്കുന്ന, വലിയ അപകടകാരിയല്ലാത്ത ഒരാളാക്കി രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റരുതെന്നും വളരെ അപകടകരമായ മാനസികനിലയ്ക്ക് ഉടമയാണെന്ന് ഇയാളെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അധികാരം തലയ്ക്ക് പിടിച്ച ഒരാളെയാണ് സംഭാഷണത്തിലുടനീളം കാണുന്നതെന്നും അയാളുടെ മനസിലെ ക്രൂരത ആ ഓഡിയോ ക്ലിപ്പില്‍ വ്യക്തമാണെന്നും ചിലര്‍ കമന്റുകളില്‍ പറയുന്നു.

വാര്‍ത്താസമ്മേളനത്തിലുടനീളം തനിക്കെതിരെ ഒരു തെളിവും ഇല്ലെന്നതിന്റെ ധാര്‍ഷ്ട്യവും ആത്മവിശ്വാസവും അയാളുടെ വാക്കുകളിലും ശരീരഭാഷയിലും പ്രതിഫലിച്ചിരുന്നെന്നും പല തെളിവുകളും നശിപ്പിച്ചിട്ടുണ്ടെന്ന ഉറച്ച ബോധ്യമാകാം അതിന് പിന്നിലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സംഭാഷണത്തിലുടനീളം ആ പെണ്‍കുട്ടിയെ ഒരു മനുഷ്യസ്ത്രീയായി പോലും പരിഗണിക്കാന്‍ രാഹുല്‍ തയ്യാറാകുന്നില്ല. മാത്രമല്ല നിന്റെ ഒരു പ്രശ്‌നങ്ങളും തനിക്ക് വിഷയമല്ലെന്നും തന്റെ രാഷ്ട്രീയ ഭാവിയ്ക്ക് ഉണ്ടായേക്കാവുന്ന ദോഷങ്ങള്‍ മാത്രമാണ് തന്നെ അലട്ടുന്നതെന്നും ഇയാള്‍  പെണ്‍കുട്ടിയോട് പറയാന്‍ ശ്രമിക്കുന്നുണ്ട്.

Content Higfhlight: Social media Criticise Rahul Mamkoottathil

We use cookies to give you the best possible experience. Learn more