| Wednesday, 21st October 2026, 1:55 pm

വിഗ്ഗിന്റെയും ഹെയര്‍സ്റ്റൈലിന്റെയും കാര്യത്തില്‍ രജിനികാന്തിനെ കണ്ട് പഠിക്കണം; ജയിലര്‍ 2ന് പിന്നാലെ പൃഥ്വിക്ക് ക്ലാസെടുത്ത് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ഒരു നടന്റെ പ്രധാന ആയുധം അയാളുടെ ശരീരമാണ്. ഒരുപാട് കാലം ഇന്‍ഡസ്ട്രിയില്‍ നിലനില്ക്കാന്‍ വേണ്ടി ശരീരവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്ന നടന്മാര്‍ പലപ്പോഴും സിനിമാപേജുകളില്‍ ചര്‍ച്ചയാകാറുണ്ട്. ഓഫ് സ്‌ക്രീനില്‍ തങ്ങളുടെ പ്രായം മറച്ചുവെക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് വ്യത്യസ്തനായി നില്‍ക്കുന്ന നടനാണ് രജിനികാന്ത്.

ഇന്ത്യന്‍ സിനിമയിലെ സ്റ്റൈല്‍ മന്നനായ രജിനി ഓഫ് സ്‌ക്രീനില്‍ വിഗ്ഗും മേക്കപ്പുമൊന്നുമില്ലാതെ പ്രത്യക്ഷപ്പെടുന്നത് പലരെയും ഞെട്ടിക്കാറുണ്ട്. ഓണ്‍ സ്‌ക്രീനില്‍ തന്റെ സ്‌റ്റൈലും സ്വാഗും കൊണ്ട് 75ാം വയസിലും താരം ഞെട്ടിക്കുകയാണ്. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ജയിലര്‍ 2ല്‍ ആദ്യാവസാനം രജിനി കൈയടി നേടുന്നുണ്ട്.

ചിത്രം കണ്ട പലരും എടുത്തുപറയുന്നത് താരത്തിന്റെ ഹെയര്‍സ്റ്റൈലാണ്. ഓരോ സിനിമയിലും രജിനിയുടെ മേക്കപ്പ് ടീം ഉപയോഗിക്കുന്ന വിഗ് ഗംഭീരമാണെന്നും ഒന്നുപോലും മോശമായി തോന്നാറില്ലെന്നും പലരും അഭിപ്രായപ്പെടുന്നു. ജയിലര്‍ 2 മാത്രമല്ല, കൂലി, പേട്ട തുടങ്ങിയ ചിത്രങ്ങളിലെല്ലാം രജിനിയുടെ വിഗ് ഗംഭീരമാണെന്നും കമന്റുകളുണ്ട്.

എന്നാല്‍ രജിനിയെ അഭിനന്ദിക്കുന്നതിനൊപ്പം മലയാളി താരം പൃഥ്വിരാജിന് വലിയ രീതിയില്‍ വിമര്‍ശനങ്ങളും ലഭിക്കുന്നു. കരിയറില്‍ മികച്ച കഥാപാത്രങ്ങള്‍ പലതും ചെയ്തിട്ടുണ്ടെങ്കിലും ഹെയര്‍സ്‌റ്റൈലിന്റെ കാര്യത്തില്‍ പൃഥ്വി പിന്നോട്ടാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. പല സിനിമകളിലും പൃഥ്വി ഉപയോഗിച്ച വിഗ് താരത്തിന് ഒട്ടും യോജിക്കുന്നതല്ലെന്ന് പറയുന്ന പോസ്റ്റുകള്‍ സമീപകാലത്ത് ചര്‍ച്ചയായിരുന്നു.

മൈ സ്‌റ്റോറി, ജെയിംസ് ആന്‍ഡ് ആലീസ്, വിലായത്ത് ബുദ്ധ തുടങ്ങിയ സിനിമകളില്‍ പൃഥ്വിയുടെ വിഗ് ഒട്ടും ചേര്‍ച്ചയില്ലെന്ന് പലരും ചൂണ്ടിക്കാണിച്ചു. ഈ വര്‍ഷത്തെ പരാജയങ്ങളിലൊന്നായ പള്ളിച്ചട്ടമ്പിയില്‍ താരത്തിന്റെ സെക്കന്‍ഡ് ലുക്ക് വലിയ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. എല്ലാ സിനിമകളുടെയും സ്‌ക്രിപ്റ്റ് അറിയാവുന്ന പൃഥ്വിക്ക് സ്വന്തം സിനിമയിലെ വിഗ്ഗിനെക്കുറിച്ച് ധാരണയില്ലേയെന്നാണ് പലരുടെയും ചോദ്യം.

രജിനിയെപ്പോലെ പക്കാ മാച്ചിങ്ങായിട്ടുള്ള വിഗ് സെലക്ട് ചെയ്തില്ലെങ്കിലും കണ്ടാല്‍ മോശമെന്ന് തോന്നുന്ന വിഗ് തെരഞ്ഞെടുക്കരുതെന്നാണ് കമന്റുകള്‍. പൃഥ്വിയുടെ മാത്രമല്ല, ചില സിനിമകളില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ വിഗും മോശമാകാറുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. രജിനിയുടെ ഹെയര്‍ സ്റ്റൈലിസ്റ്റ് ടീമുകള്‍ എല്ലാവര്‍ക്കും മാതൃകയാണെന്നും കമന്റുകളുണ്ട്.

Content Highlight: Social Media comparing the wig selection of Prithviraj and Rajnikanth

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more