| Thursday, 7th May 2026, 7:31 am

പേട്രിയറ്റിന്റെ പ്രൊഡക്ഷന്‍ ടീം ദൃശ്യം 3യെ കണ്ടുപഠിക്കണം, പ്രോപ്പര്‍ റിലീസ് പ്ലാനിങ്ങെന്ന് പറഞ്ഞാല്‍ ഇതാണെന്ന് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

വാഴ 2നെ കടത്തിവെട്ടി ഇന്‍ഡസ്ട്രി ഹിറ്റാകുമെന്ന് പലരും കരുതിയ ചിത്രമായിരുന്നു പേട്രിയറ്റ്. മോളിവുഡിന്റെ ബിഗ് എംസ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രം സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ബോക്‌സ് ഓഫീസില്‍ 80 കോടി കടന്ന ചിത്രം വരുംദിവസങ്ങളില്‍ 100 കോടി എന്ന നാഴികക്കല്ല് മറികടക്കുമെന്നാണ് കരുതുന്നത്.

മെയ് 14 വരെ വലിയ റിലീസുകളില്ലാത്തതിനാല്‍ ഫ്രീ റണ്ണാണ് പേട്രിയറ്റിന് ലഭിക്കുന്നത്. ഈ മാസം പലരും കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ദൃശ്യം 3. ഇന്ത്യന്‍ സിനിമ മുഴുവന്‍ ഈയൊരു ചിത്രത്തിന്റെ റിലീസിനാണ് കാത്തിരിക്കുന്നത്. ഇന്‍ഡസ്ട്രി ഹിറ്റായ ആദ്യ ഭാഗവും പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയ രണ്ടാം ഭാഗവും പോലെ മൂന്നാം ഭാഗവും ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പ്.

റിലീസിന് രണ്ടാഴ്ച ബാക്കി നില്‍ക്കെ ദൃശ്യം 3യുടെ പ്രൊമോഷന്‍ പരിപാടികള്‍ ടോപ് ഗിയറിലാണ്. ദൃശ്യം എന്ന ബ്രാന്‍ഡിന്റെ വലിപ്പം അറിയുന്ന നിര്‍മാതാക്കള്‍ കൃത്യമായ പ്ലാനോടുകൂടിയാണ് മുന്നോട്ടുപോകുന്നത്. ആദ്യം അറിയിച്ച റിലീസ് ഡേറ്റില്‍ നിന്ന് മാറിയെങ്കിലും പുതിയ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ക്ക് ഗുണം ചെയ്തിരിക്കുകയാണ്. റിലീസിന് ഒരു മാസം മുമ്പ് തന്നെ ഓവര്‍സീസില്‍ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.

കേരളത്തിലും ഗംഭീര റിലീസിനാണ് പദ്ധതിയിടുന്നത്. രാവിലെ എട്ട് മണിക്കാണ് ദൃശ്യം 3യുടെ ആദ്യ ഷോ. 75ലധികം ഫാന്‍സ് ഷോകളാണ് ഇതുവരെ ചിത്രത്തിനായി ചാര്‍ട്ട് ചെയ്തിട്ടുള്ളത്. റിലീസിനോടടുക്കുമ്പോള്‍ 100 ഫാന്‍സ് ഷോയെങ്കിലും ചാര്‍ട്ട് ചെയ്‌തേക്കുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞദിവസം അവസാനിക്കുകയും ചെയ്തു.

U/A 13+ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ഈയാഴ്ചയോടെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയേക്കുമെന്നും അതിന് ശേഷം ബുക്കിങ് ആരംഭിച്ചേക്കുമെന്നാണ് കരുതുന്നത്. പോസിറ്റീവ് റെസ്‌പോണ്‍സാണ് ലഭിക്കുന്നതെങ്കില്‍ ബോക്‌സ് ഓഫീസില്‍ ഗംഭീര കുതിപ്പ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പേട്രിയറ്റിന്റെ നിര്‍മാതാക്കള്‍ ഈ പ്രൊമോഷന്‍ കണ്ടു പഠിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

ഇന്‍ഡസ്ട്രിയിലെ രണ്ട് അതികായര്‍ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന് യാതൊരു തലത്തിലുള്ള ചലനവും സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. റിലീസിന് രണ്ട് ദിവസം ബാക്കി നില്‍ക്കുമ്പോഴായിരുന്നു ഓള്‍ കേരള ബുക്കിങ് ആരംഭിച്ചത്. ആന്റോ ജോസഫ് എന്ന നിര്‍മാതാവിന്റെ മോശം പ്രൊമോഷന്‍ രീതിയായിരുന്നു പേട്രിയറ്റിലേതെന്ന് പലരും അഭിപ്രായപ്പെട്ടു. ദൃശ്യം 3 അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാറുമോ എന്നാണ് പലരും കാത്തിരിക്കുന്ന കാര്യം.

Content Highlight: Social media comparing the promotion methods of Drishyam 3 and Patriot movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more