തിയേറ്ററുകളില്‍ ഗംഭീര കളക്ഷനുമായി മുന്നേറുകയാണ് ദൃശ്യം 3. റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോള്‍ 220 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം മോളിവുഡിലെ ഏറ്റവും വലിയ കളക്ഷന്‍ ദൃശ്യം 3യുടെ പേരിലാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ദൃശ്യം എന്ന ഫ്രാഞ്ചൈസിയുടെ ഹൈപ്പാണ് ഇത്രയും വലിയ കളക്ഷന് പിന്നിലെ പ്രധാന കാരണം.
ദൃശ്യം.Photo:wikipedia
ഈ വര്‍ഷം ഹിറ്റ് സ്റ്റാറ്റസ് നേടുന്ന നാലാമത്തെ ഫ്രാഞ്ചൈസി ചിത്രമാണ് ദൃശ്യം 3. ആട് 3, വാഴ 2, മോഹിനിയാട്ടം എന്നിവയാണ് ഈ വര്‍ഷം ഹിറ്റായ മറ്റ് സീക്വലുകള്‍. എന്നാല്‍ ഇത്രയും ഫ്രാഞ്ചൈസികളുള്ള മോളിവുഡില്‍ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ഏതെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുയരുന്ന പ്രധാന ചര്‍ച്ചാവിഷയം.
കേരളത്തിന് പുറത്തുള്ള റീച്ചും കളക്ഷന്‍ നേട്ടവുമെല്ലാം വെച്ച് നോക്കുമ്പോള്‍ ദൃശ്യത്തിനെ പരിഗണിക്കാമെന്ന് ഒരുകൂട്ടര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തുടര്‍ഭാഗങ്ങളുണ്ടായ സി.ബി.ഐ സീരീസിന്റെ പേരും ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഒരേ നടനും സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന അഞ്ച് സിനിമകളാണ് സി.ബി.ഐ ഫ്രാഞ്ചൈസിയില്‍ പിറന്നത്. എന്നാല്‍ ഈ രണ്ട് ഫ്രാഞ്ചൈസികളെക്കാള്‍ മികച്ചതാണ് ഹരിഹര്‍ നഗര്‍ സീരീസ്.
സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ഇന്‍ ഹരിഹര്‍ നഗറും പിന്നീട് ലാല്‍ അണിയിച്ചൊരുക്കിയ ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്നീ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതാണെന്ന് പലരും അഭിപ്രായപ്പെടുന്നു. മൂന്നും വ്യത്യസ്ത ഴോണറുകളാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. മൂന്ന് സിനിമകള്‍ക്കും അപാര റിപ്പീറ്റ് വാല്യുവുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ദൃശ്യം, സി.ബി.ഐ ഫ്രാഞ്ചൈസികളില്‍ അങ്ങിങ്ങായി പല വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഹരിഹര്‍ നഗര്‍ സീരീസ് ആദ്യാവസാനം കിടിലനാണെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. മൂന്ന് സിനിമകളും ഹിറ്റാണെന്നും ഒന്നുപോലും മോശമല്ലെന്നും കമന്റുകളുണ്ട്. ഇപ്പോഴും ഈ ഫ്രാഞ്ചൈസിക്ക് നല്ല റീച്ചുണ്ടെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
കോബ്രക്ക് ശേഷം സംവിധാനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ലാല്‍. സിനിമയുടെ രീതികള്‍ മാറിയതിനാല്‍ താന്‍ സംവിധാനത്തിലേക്കില്ലെന്നാണ് ലാല്‍ വ്യക്തമാക്കിയത്. എന്നാല്‍ ഹരിഹര്‍ നഗറിലെ കഥാപാത്രങ്ങളെ അണിനിരത്തി മറ്റാര്‍ക്കെങ്കിലും സിനിമ ചെയ്യാമെന്നും നാല് താരങ്ങളും ഇപ്പോഴും നല്ല ഫോമിലാണെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്.
Content Highlight: Social media comparing Harihar Nagar series with Drishyam and CBI franchise
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ