| Thursday, 8th January 2026, 6:10 pm

സന്ദീപ് വാങ്കയുടെ മറ്റൊരു പതിപ്പാണോ ഗീതു മോഹന്‍ദാസ്? ടോക്‌സിക് ടീസറിനെ അനിമലുമായി താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

സ്ത്രീവിരുദ്ധ സീനുകളും ഡയലോഗുകളും കാരണം വിമര്‍ശനം നേരിടുന്ന സംവിധായകനാണ് സന്ദീപ് റെഡ്ഡി വാങ്ക. ആദ്യ സിനിമയായ അര്‍ജുന്‍ റെഡ്ഡി, പിന്നാലെയെത്തിയ കബീര്‍ സിങ്, അനിമല്‍ എന്നിവയിലെ സ്ത്രീവിരുദ്ധ രംഗങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഇന്ന് പുറത്തിറങ്ങിയ യഷിന്റെ ടോക്‌സിക് എന്ന ചിത്രത്തിന്റെ ടീസറിന് പിന്നാലെ സന്ദീപ് റെഡ്ഡി വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

Photo: screen grab/ kvn productions/ youtube.com

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ യഷിന്റെ ഇന്‍ട്രോ സീന്‍ വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. സ്ത്രീകളെ അങ്ങേയറ്റം ഒബ്ജക്ടിഫൈ ചെയ്താണ് ടോക്‌സിക്കില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം. കഴിഞ്ഞവര്‍ഷം പുറത്തുവിട്ട ടീസറിലും ഇന്ന് പുറത്തുവിട്ട ടീസറിലും സ്ത്രീകളെ ഗ്ലാമര്‍ പ്രദര്‍ശനത്തിന് വേണ്ടി മാത്രം ഉപയോഗിച്ചെന്ന് പലരും ആരോപിക്കുന്നു.

ഇതിന് പിന്നാലെയാണ് സംവിധായിക ഗീതു മോഹന്‍ദാസിനെ പലരും സന്ദീപ് വാങ്ക റെഡ്ഡിയുമായി താരതമ്യം ചെയ്യുന്നത്. ലേഡി വാങ്കയാണ് ഗീതു മോഹന്‍ദാസെന്ന് പലരും അഭിപ്രായം പങ്കുവെച്ചു. സന്ദീപ് വാങ്ക തന്റെ സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങളെ ട്രീറ്റ് ചെയ്യുന്നതുപോലെയാണ് ഗീതുവും ചെയ്യുന്നതെന്നാണ് ഇക്കൂട്ടരുടെ വാദം.

ഗീതു മോഹന്‍ദാസ് Photo: Screen grab/ Radio Mango

ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പുറമെ വലിയ രീതിയിലുള്ള ട്രോളുകളും ഗീതു മോഹന്‍ദാസ് ഏറ്റുവാങ്ങുന്നുണ്ട്. ഡബ്ല്യൂ.സി.സി എന്ന സംഘടനയുടെ തലപ്പത്തിരുന്നുകൊണ്ട് ഗീതു മോഹന്‍ദാസ് നടത്തിയ പ്രവൃത്തികളുടെ നേര്‍ വിപരീതമാണ് അവരുടെ സിനിമ എന്നാണ് പലരും എടുത്തുപറയുന്നത്. കസബ വിവാദത്തില്‍ പാര്‍വതി തിരുവോത്തും ഗീതു മോഹന്‍ദാസും നടത്തിയ സംഭാഷണമടക്കം ഇപ്പോള്‍ ട്രോള്‍ മെറ്റീരിയലായി മാറുന്നുണ്ട്.

എന്നാല്‍ സിനിമ പുറത്തിറങ്ങാതെ അതിനെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ടോക്‌സിക് എന്നാണെന്നും അത്തരമൊരു സിനിമയിലെ നായകനെ നന്മമരമായി കാണിക്കാന്‍ സാധിക്കില്ലെന്നും വാദങ്ങളുണ്ട്. ഗ്രേ ഷെയ്ഡ് പ്രോട്ടഗണിസ്റ്റാകും യഷ് അവതരിപ്പിക്കുന്ന റായ എന്ന കഥപാത്രമെന്നാണ് അഭ്യൂഹങ്ങള്‍.

അഞ്ച് നായികമാരാണ് ചിത്രത്തിലുള്ളത്. ബോളിവുഡ് താരങ്ങളായ കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാര്യ, തെന്നിന്ത്യന്‍ താരറാണി നയന്‍താര, കന്നഡ സെന്‍സേഷന്‍ രുക്മിണി വസന്ത് എന്നിവരാണ് നായികമാര്‍. 600 കോടി ബജറ്റിലൊരുങ്ങുന്ന ടോക്‌സിക് മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തും. ബോളിവുഡ് ചിത്രം ധുരന്ധര്‍ 2വുമായിട്ടാണ് ടോക്‌സിക്കിന്റെ ക്ലാഷ്.

Content Highlight: Social media comparing Geethu Mohandas with Sandeep Reddy Vanga after Toxic teaser

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more