| Saturday, 17th January 2026, 9:31 am

എവിടെയൊക്കെയോ ഒരു ലിയോ ടച്ച്... കളിയാക്കിയവരെക്കൊണ്ട് ലോകേഷ് കയ്യടിപ്പിക്കുമെന്ന് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

തമിഴില്‍ നിലവിലെ ബ്രാന്‍ഡ് സംവിധായകനാണ് ലോകേഷ് കനകരാജ്. വെറും ആറ് സിനിമകള്‍ കൊണ്ട് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ ലോകേഷിന് സാധിച്ചു. എന്നാല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കൂലി ലോകേഷിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. റിലീസിന് മുമ്പ് നല്‍കിയ ഹൈപ്പിനോളം കൂലിക്ക് എത്താന്‍ സാധിച്ചിരുന്നില്ല.

ഇതോടെ ലോകേഷ് വലിയ രീതിയില്‍ വിമര്‍ശനത്തിന് ഇരയായി. സോഷ്യല്‍ മീഡിയയില്‍ ലോകേഷ് ട്രോള്‍ മെറ്റീരിയലായി മാറുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ ഒരൊറ്റ അനൗണ്‍സ്‌മെന്റോടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ലോകേഷിന് സാധിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം പുറത്തുവിട്ട അനൗണ്‍സ്‌മെന്റ് വീഡിയോയാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച.

AA23 Photo: Mythri Movie Makers/ Facebook

അല്ലു അര്‍ജുനെ നായകനാക്കി ലോകേഷ് ഒരുക്കുന്ന പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. AA23 എന്ന് താത്കാലിക ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ വൈറലായി. ലോകേഷിന്റെ ഗംഭീര തിരിച്ചുവരവാകും ഈ പ്രൊജക്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അടുത്ത വര്‍ഷം ചിത്രം തിയേറ്ററിലെത്തുമെന്നാണ് കരുതുന്നത്.

ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോയിലുടനീളം ലോകേഷിന്റെ സിഗ്നേച്ചര്‍ ടച്ച് ഉണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വിജയ്‌ക്കൊപ്പം ചേര്‍ന്ന് ലോകേഷ് ഒരുക്കിയ ലിയോയുടെ ഷെയ്ഡ് അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ ഉടനീളം കാണാന്‍ സാധിക്കുന്നുണ്ട്. സിഹം, ഹൈന, കുതിര എന്നിവയുടെ ഗ്രാഫിക്‌സ് ഇമേജുകള്‍ ലിയോയുമായി ചിലര്‍ ബന്ധിപ്പിക്കുന്നുണ്ട്. വീഡിയോയിലെ ചില ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് പൊലീസ് സ്റ്റോറിയിയാരിക്കുമെന്നാണെന്നും ചില പേജുകള്‍ അഭിപ്രായപ്പെടുന്നു.

കരിയറില്‍ ഒരു ഔട്ട് ആന്‍ഡ് ഔട്ട് പൊലീസ് സ്റ്റോറി ചെയ്യണമെന്ന് പഴയൊരു അഭിമുഖത്തില്‍ ലോകേഷ് പറയുന്നതും ഇതിനോടകം ചര്‍ച്ചയായി. അല്ലുവിന്റെയും ലോകേഷിന്റെയും കരിയറിലെ ആദ്യ പൊലീസ് സ്റ്റോറിയായി AA 23 മാറുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. കൂലിക്ക് ശേഷം കൈതി 2 ചെയ്യുമെന്നായിരുന്നു ലോകേഷ് ആദ്യം അറിയിച്ചത്. എന്നാല്‍ പിന്നീടുണ്ടായ ചില സംഭവങ്ങള്‍ കാരണം കൈതി 2 അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

നിര്‍മാതാവുമായി പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൈതി 2വിന്റെ കാര്യം അനിശ്ചിതത്വത്തിലാക്കിയത്. കൂലിയില്‍ 50 കോടി പ്രതിഫലം വാങ്ങിയ ലോകേഷ് കൈതി 2വില്‍ 75 കോടി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. AA 23ല്‍ ലോകേഷ് ഇതേ പ്രതിഫലം തന്നെയാണ് വാങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

ലോകേഷ് കനകരാജ് Photo: Screen grab/ Galatta Plus

നിലവില്‍ അറ്റ്‌ലീ ഒരുക്കുന്ന AA 22 x A6ന്റെ തിരക്കിലാണ് അല്ലു അര്‍ജുന്‍. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം മുംബൈയില്‍ പുരോഗമിക്കുകയാണ്. ബജറ്റ് അധികമായതിനാല്‍ ഈ ചിത്രം രണ്ട് ഭാഗങ്ങളിലായിട്ടാകും പുറത്തുവരിക. ആദ്യ ഭാഗം റിലീസായതിന് ശേഷമാകും അല്ലു ലോകേഷുമായി കൈകോര്‍ക്കുകയെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Social Media comparing AA 23 announcement video with Leo

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more