സമീപകാലത്തായി ഇന്ത്യന്‍ സിനിമാ ലോകത്ത് ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് തമിഴ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റേത്. 36 വയസ് മാത്രം പ്രായമുള്ള അനിരുദ്ധ് ഇതിനോടകം ഭാഷാഭേദമന്യേ ഏറ്റവും കൂടുതല്‍ തിരക്കേറിയതും പ്രതിഫലം കൈപ്പറ്റുന്നതുമായ സംഗീത സംവിധായകനായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ രജിനികാന്ത്, വിജയ് ചിത്രങ്ങളുടെയടക്കം ഗ്രാഫ് കുത്തനെ ഉയര്‍ത്തുന്നതായിരുന്നു അനിരുദ്ധിന്റെ കമ്പോസിഷനില്‍ വന്ന ബി.ജി.എമ്മുകളും ഗാനങ്ങളുമെല്ലാം.
എന്നാല്‍ അനിരുദ്ധിന്റെ ആധിപത്യത്തിന് ഭീഷണിയായിക്കൊണ്ടായിരുന്നു സായ് അഭ്യങ്കാര്‍ എന്ന യുവസംഗീതജ്ഞന്‍ ബള്‍ട്ടി എന്ന മലയാള സിനിമയിലൂടെ സിനിമാ ലോകത്തേക്ക് രംഗപ്രവേശം ചെയ്തത്. ഇതിന് മുമ്പ് തന്നെ ആല്‍ബം സോങ്ങുകളിലൂടെ തന്റെ കഴിവ് തെളിയിച്ച താരം സിനിമയിലും തനിക്ക് പൊട്ടന്‍ഷ്യലുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പ്രദീപ് രംഗനാഥന്റെ നൂറ് കോടി നേടിയ ചിത്രം ഡ്യൂഡിലെ വര്‍ക്ക്. ഊരും ബ്ലഡ് എന്ന ഒറ്റ ഗാനത്തിലൂടെ സായ് സൗത്ത് ഇന്ത്യയിലെ സെന്‍സേഷനായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം സ്‌പോട്ടിഫൈയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ട ഗാനവും ഊരും ബ്ലഡായിരുന്നു.
അനിരുദ്ധ്. Photo: Gulte
എന്നാല്‍ സായ് തന്റെ വാല്യൂ ഒരിക്കല്‍ കൂടെ തെളിയിച്ചത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സൂര്യ ചിത്രം കറുപ്പിലൂടെയായിരുന്നു. റിലീസിന് മുമ്പ് പുറത്തുവിട്ട ചിത്രത്തിലെ ഗാനത്തിലൂടെ സോഷ്യല്‍ മീഡിയക്ക് തീയിടുകയും ഇപ്പോള്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കുകയും ചെയ്യുന്ന കാഴ്ച്ചക്കാണ് സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയുടെ ഒരു മാസ് ആക്ഷന്‍ ചിത്രം തിയേറ്ററുകളില്‍ ഹിറ്റടിക്കുമ്പോള്‍ അതിന് കൃത്യമായ മീറ്ററാണ് സായ് സെറ്റ് ചെയ്ത് വെച്ചിരിക്കുന്നത്.
ഇപ്പോഴിതാ ക്രേസി ഗോപാലന്‍ സിനിമയിലെ എപിക് ഡയലോഗായ ഞാന്‍ ചാക്കോ കേറ്റി എന്നാല്‍ ഞാന്‍ സഞ്ചിയിറക്കി എന്നതിനെ ഓര്‍മിപ്പിക്കും വിധം കറുപ്പിന് ചെക്ക് വെച്ച് പുതിയ കമ്പോസിഷനുമായി എത്തിയിരിക്കുകയാണ് അനിരുദ്ധ്. അരുണ്‍ മാതേശ്വരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ലോകേഷും വാമിക ഗബ്ബിയും പ്രധാനവേഷത്തിലെത്തുന്ന ഡി.സിയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെയാണ് അനിരുദ്ധ് തന്റെ സിംഹാസനം വീണ്ടും അരക്കിട്ട് ഉറപ്പിച്ചത്. വയലന്‍സാലും ഇമോഷന്‍സാലും സമ്പന്നമായ ട്രെയ്‌ലറിനെ പതിന്മടങ്ങ് ലിഫ്റ്റ് ചെയ്യാന്‍ അനിരുദ്ധിന്റെ ബി.ജി.എമ്മിന് ആയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
സായ് അഭ്യങ്കാര്‍. Photo: Gulte
അല്ലു-അറ്റ്‌ലി കോമ്പിനേഷനില്‍ ഒരുങ്ങുന്ന രാക്കാ, ധനുഷിന്റെ D55, ബെന്‍സ്, മാര്‍ഷല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സായിയും ഷാരൂഖ് ഖാന്റെ കിങ്ങ്, രജിനിയുടെ ജയിലര്‍ 2, ലോകേഷ്- അല്ലു കോമ്പിനേഷനില്‍ ഒരുങ്ങുന്ന aa23യുമായി അനിരുദ്ധും തീ പാറുന്ന മത്സരമാണ് സിനിമാ ലോകത്ത് കാഴ്ച്ച വെക്കാന്‍ പോകുന്നതെന്ന് ഇതോടെ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
Content Highlight: Social media celebrates works of Sai Abhyankar and Anirudh Ravichander