| Monday, 21st September 2026, 9:10 am

'അടൂരിന്റെ നിര്‍ദേശം' നടപ്പാക്കരുത്; ശങ്കര്‍ മോഹനെ ചലച്ചിത്ര അക്കാദമി തലപ്പത്ത് നിയമിക്കരുതെന്നാവശ്യപ്പെട്ട് പ്രതിഷേധം

റെന്വര്‍ പി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹനെ നിയമിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടറായിരിക്കെ ശങ്കര്‍ മോഹനെതിരെ വിദ്യാര്‍ത്ഥികളില്‍ നിന്നും ജീവനക്കാരില്‍ നിന്നും ഉയര്‍ന്ന പരാതികള്‍ ഉന്നയിച്ചാണാണ് പ്രതിഷേധം.

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടറായിരിക്കെ ശങ്കര്‍ മോഹനെതിരായ വിദ്യാര്‍ത്ഥികള്‍ ജാതി വിവേചന പരാതി ഉന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലായിരുന്നു അക്കാദമി ഡയരക്ടര്‍ സ്ഥാനം ശങ്കര്‍ മോഹന്‍ രാജിവെച്ചത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് താന്‍ ഒരു പേര് നിര്‍ദേശിച്ചിട്ടുണ്ടെന്നും ആ പേര് പുറത്തു പറയാന്‍ പറ്റില്ലെന്നും രഹസ്യമാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാല്‍ ശങ്കര്‍ മോഹന്റെ പേരാണോ അടൂര്‍ പറഞ്ഞതെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയും ജീവനക്കാര്‍ക്ക് എതിരെയും ജാതി അധിക്ഷേപങ്ങള്‍ ഉള്‍പ്പെടെ നടത്തിയ ആളാണ് ശങ്കര്‍ മോഹനെന്നും അത്തരമൊരാളെയാണ് അടൂര്‍ ഇപ്പോള്‍ ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക് ശുപാര്‍ശ ചെയ്യുന്നതെന്നും ഈ വിഷയത്തില്‍ പ്രതിഷേധം ഉന്നയിക്കുന്നവര്‍ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നു. സര്‍ക്കാര്‍ ഈ ശുപാര്‍ശ അംഗീകരിക്കരുതെന്നും ഒരു ജനാധിപത്യ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തരുതെന്നും അവര്‍ ആവശ്യപ്പെടുന്നു.

ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന റസൂല്‍ പൂക്കൂട്ടി ഈ വര്‍ഷം മെയില്‍ രാജിവെച്ചിരുന്നു. സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയായിരുന്നു രാജി. ഇതിന് ശേഷം നാല് മാസം പിന്നിട്ടിട്ടും പുതിയ ചെയര്‍മാനെ ചലച്ചിത്ര അക്കാദമി നിയമിച്ചിട്ടില്ല.

ഈ വര്‍ഷത്തെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് രണ്ടര മാസം മാത്രം ബാക്കി നില്‍ക്കെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ നിയമനം വൈകുന്നതില്‍ സര്‍ക്കാരില്‍ സമ്മര്‍ദം ഉയരുന്നുണ്ട്. അക്കാദമി ചെയര്‍മാന്‍ നിയമനത്തെക്കുറിച്ച് സര്‍ക്കാരില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മാസം 25ന് ആരംഭിക്കുന്ന ഡോക്യുമെന്ററി ഫെസ്റ്റിന് മുമ്പ് ചലച്ചിത്ര അക്കാദമിക്ക് ചെയര്‍മാനാകുമെന്ന് മന്ത്രി വിഷ്ണുനാഥ് പ്രതികരിക്കുകയും ചെയ്തിരുന്നു.

2023 ജനുവരിയിലായിരുന്നു വിദ്യാര്‍ത്ഥി പ്രതിഷേധത്തെത്തുടര്‍ന്ന് കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനം ശങ്കര്‍ മോഹന്‍ മോഹന്‍ രാജിവെച്ചത്. ജാതിവിവേചനം ഉള്‍പ്പെടെ ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ടിരുന്ന ശങ്കര്‍ മോഹന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളും ശുചീകരണ ജീവനക്കാരും ഒരു മാസത്തോളം സമരം ചെയ്തിരുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ നേതൃത്വത്തില്‍ ജാതി വിവേചനവും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുമുണ്ടാകുന്നു എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ അന്ന് സമരക്കാരായ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിച്ചിടാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും 2022 ബാച്ചില്‍ നാല് സീറ്റ് ഒഴിഞ്ഞ് കിടന്നിട്ടും ഒരു ദളിത് വിദ്യാര്‍ത്ഥിക്ക് ഡയറക്ടര്‍ സീറ്റ് നിഷേധിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.

അന്നത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായിരുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ വിശ്വസ്തനാണ് ശങ്കര്‍ മോഹനെന്നും ഡയരക്ടര്‍ തസ്തികയില്‍ ഇരിക്കാന്‍ അര്‍ഹനല്ലാത്ത ആള്‍ ആ തസ്തികയിലിരിക്കുന്നതിലൂടെ നിയമ ലംഘനമാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്നതെന്ന് വിമര്‍ശനവും അന്ന് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരുന്നു. സമരത്തിനെതിരയുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനകളും വിവാദത്തിലായിരുന്നു. അക്കാദമിയില്‍ ജാതി വിവേചനം നടക്കുന്നില്ലെന്ന് അന്ന് അടൂര്‍ അവകാശപ്പെടുകയും ചെയ്തിരുന്നു.

Content Highlight: Do not Consider Adoor Gopalakrishnan’s Recommendation to appoint  former  KR Narayanan Film Institute Director Shankar Mohan to Kerala Chalachithra Academy Top Post-  Says Activists in Social Media Campaign

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more