| Monday, 8th September 2025, 2:54 pm

സോഷ്യല്‍ മീഡിയ നിരോധനം; നേപ്പാളില്‍ ജെന്‍ സി പ്രക്ഷോഭം, 16 മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: സോഷ്യല്‍ മീഡിയ ആപ്പുകളുടെ നിരോധനത്തില്‍ നേപ്പാളില്‍ വ്യാപക പ്രതിഷേധം. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ആയിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്.

പ്രതിഷേധത്തിനിടെ 16 പേർ മരിച്ചതായാണ് വിവരം. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധം ശക്തമായതോടെ ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി.

പാര്‍ലമെന്റ് വളപ്പില്‍ ഉള്‍പ്പെടെയാണ് പ്രതിഷേധം നടന്നത്. നിലവില്‍ തലസ്ഥാനനഗരിയായ കാഠ്മണ്ഡുവില്‍  കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

നേപ്പാളിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തെ ജെന്‍ സി പ്രക്ഷോഭമെന്നാണ് ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. കൂടുതല്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ കാഠ്മണ്ഡുവില്‍ സര്‍ക്കാര്‍ സൈന്യത്തെയും വിന്യസിച്ചു.

ആദ്യഘട്ടത്തില്‍ സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെയാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. പിന്നാലെ ഇന്ന് (തിങ്കള്‍) ഉച്ചയോടെ യുവാക്കള്‍ കാഠ്മണ്ഡുവില്‍ തടിച്ചുകൂടുകയായിരുന്നു.

യുവാക്കള്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും വെടിയുതിര്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്താണ് യുവാക്കള്‍ പ്രതിഷേധിച്ചത്.

പ്രതിഷേധം കണക്കിലെടുത്ത് പാര്‍ലമെന്റിന് സമീപത്തായി കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റേത് വിമര്‍ശനാത്മക ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കമാണെന്നാണ് പ്രതിഷേധക്കാരായ യുവാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

രാജ്യസുരക്ഷ ചൂണ്ടിക്കാട്ടിയാണ് നേപ്പാളിലെ കെ.പി. ശര്‍മ ഒലി സര്‍ക്കാര്‍ രാജ്യത്ത് സോഷ്യല്‍ മീഡിയ ആപ്പുകള്‍ നിരോധിച്ചത്. ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് ഉള്‍പ്പടെ 26 പ്ലാറ്റ്ഫോമുകളാണ് നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ടത്.

നിശ്ചിത സമയത്തിനുള്ളില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ചതെന്നാണ് നേപ്പാള്‍ സര്‍ക്കാരിന്റെ വിശദീകരണം.

നടപടിക്ക് പിന്നാലെ സോഷ്യല്‍ മീഡിയ നിയന്ത്രിക്കുന്നതിനുള്ള നേപ്പാളിലെ ബില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

Content Highlight: Social media ban; Gen Z protests in Nepal, one death

We use cookies to give you the best possible experience. Learn more