| Saturday, 15th August 2026, 8:34 pm

മോഹന്‍ലാലിനെ വെച്ച് മാര്‍ക്കറ്റ് ചെയ്യാത്തതിന് പ്രത്യേക കൈയടി, ഖലീഫയുടെ പ്രൊമോഷനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ഓണം റിലീസുകളില്‍ നിന്ന് ഐ ആം ഗെയിം പിന്മാറിയതോടെ ക്ലാഷില്‍ മുന്‍തൂക്കം ലഭിച്ച ചിത്രമാണ് ഖലീഫ. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രതീക്ഷ നല്‍കുന്നവയായിരുന്നു. രണ്ട് ഭാഗങ്ങളിലായൊരുങ്ങുന്ന ഖലീഫ ബജറ്റ് കൊണ്ടും സ്റ്റാര്‍ കാസ്റ്റ് കൊണ്ടും ഹൈപ്പ് ഉയര്‍ത്തുന്നുണ്ട്.

മലയാളത്തിന്റെ മോഹന്‍ലാലും ഖലീഫയുടെ ഭാഗമാണ്. മാമ്പറക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥിവേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. പത്ത് മിനിറ്റ് മാത്രമുള്ള വേഷമാണ് മോഹന്‍ലാലിന്റേത്. ഇതുവരെ താരത്തിന്റെ ഫസ്റ്റ് ലുക്കോ മറ്റ് വിവരങ്ങളോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടമാളുകള്‍ ഖലീഫയുടെ പ്രൊമോഷനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ കാമിയോ ഉണ്ടെങ്കിലും അത് വെച്ച് ഖലീഫയെ മാര്‍ക്കറ്റ് ചെയ്യാത്തതിനെയാണ് പ്രശംസിക്കുന്നത്. സമീപകാലത്ത് മോഹന്‍ലാലിനെ കാമിയോയില്‍ കൊണ്ടുവന്ന പല സിനിമകളെയും മാതൃകയാക്കിക്കൊണ്ടാണ് പോസ്റ്റുകള്‍.

ദിലീപിന്റെ എട്ടാമത്തെ കംബാക്കായ ഭ ഭ ബ ആദ്യാവസാനം പ്രൊമോട്ട് ചെയ്തത് മോഹന്‍ലാലിന്റെ ഗസ്റ്റ് റോള്‍ വെച്ചാണ്. എന്നാല്‍ മോഹന്‍ലാലിന്റെ ഏറ്റവും മോശം ഗസ്റ്റ് റോള്‍ ഈ സിനിമയിലേതായിരുന്നു. താരത്തിന്റെ പല ഡയലോഗുകളും സീനുകളുമെല്ലാം ഒ.ടി.ടി റിലീസിന് ശേഷം ട്രോള്‍ മെറ്റീരിലായി മാറുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ഒന്നിച്ച പേട്രിയറ്റില്‍ മോഹന്‍ലാലിന്റെ അതിഥിവേഷം യാതൊരു ഇംപാക്ടും ഉണ്ടാക്കാതെ പോയി. കേണല്‍ റഹീം നായിക് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നല്ല പ്രകടനം കാഴ്ചവെച്ചെങ്കിലും ആ കഥാപാത്രത്തെ അവസാനിപ്പിച്ച രീതി പലര്‍ക്കും ദഹിച്ചില്ല. ചിത്രം പരാജയമായതില്‍ ഇത് വലിയ സ്വാധീനമുണ്ടാക്കി.

മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ തുടക്കത്തിലും മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തിയിരുന്നു. വിസ്മയ അവതരിപ്പിച്ച മീനു എന്ന കഥാപാത്രത്തിന്റെ മാസ്റ്ററായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. ഈ കഥാപാത്രത്തെക്കുറിച്ചും ഫൈറ്റിനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ രണ്ട് അഭിപ്രായങ്ങളാണ് ഉയരുന്നത്.

എമ്പുരാന് ശേഷം പൃഥ്വിരാജിനൊപ്പം മോഹന്‍ലാല്‍ കൈകോര്‍ക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ഇന്ദിര ഗാന്ധിക്ക് പോലും പിടിക്കാന്‍ സാധിക്കാത്ത മാമ്പറക്കല്‍ അഹമ്മദ് അലിയായി മോഹന്‍ലാല്‍ ഞെട്ടിക്കുമെന്ന് തന്നെയാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Social media appreciates Khalifa promotion team for not marketing with Mohanlal

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more