ഒരു ഫിലിം ഇന്‍ഡസ്ട്രിയെ സംബന്ധിച്ചിടത്തോളം സമീപകാലത്തായി ഏറെ ആരോഗ്യപരമായ കാര്യങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അന്യഭാഷകളില്‍ സ്റ്റാര്‍വാല്യവുള്ള താരങ്ങളുടെ ചിത്രങ്ങളെ മാത്രം വിജയിപ്പിക്കുന്നത് വഴി ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ ആളെ കിട്ടാതാകുന്ന സ്ഥിതിവിശേഷമുള്ളപ്പോള്‍ മലയാളത്തില്‍ നിലവാരമുള്ള ചിത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് പ്രേക്ഷകര്‍.
ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലെത്തിയ വാഴ 2 തിയേറ്ററുകളില്‍ നിന്നും 200 കോടി നേടി മികച്ച വിജയം നേടിയതോടെയാണ് ഇത്തരം ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലെത്തിയ ചിത്രം വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളിലാണ് 200 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്. ഇതിലുപരി ഏവരിലും കൗതുകമുണര്‍ത്തിയ കാര്യം നവാഗതനായ സവിന്‍ സായുടെ സംവിധാനത്തില്‍ പുതുമുഖങ്ങളായ ഹാഷിറിനെയും ഗ്യാങ്ങിനെയും പ്രധാനകഥാപാത്രങ്ങളാക്കിയായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത് എന്നാണ്.
മഞ്ഞുമ്മല്‍ ബോയ്‌സ്. Photo: X.com
വലിയ ഹൈപ്പില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ലഭിച്ച മൗത്ത് പബ്ലിസിറ്റി വഴിയായിരുന്നു ഇത്രയും വലിയ വിജയത്തിലേക്ക് നടന്നുകയറാന്‍ സാധിച്ചിരിക്കുന്നതെന്നത് മലയാളി പ്രേക്ഷകരുടെ സവിശേഷതയാണ്. മലയാളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തേക്കാണ് ചിത്രം ഇതോടെ എത്തിച്ചേര്‍ന്നിരിക്കുന്നത്. ലിസ്റ്റില്‍ ആദ്യനാലിലുള്ള രണ്ട് ചിത്രങ്ങള്‍ മലയാളത്തില്‍ ഏറ്റവുമധികം സ്റ്റാര്‍വാല്യവുള്ള മോഹന്‍ലാലിന്റെതാണെങ്കിലും ആദ്യസ്ഥാനത്തുള്ളത് കല്യാണി പ്രിയദര്‍ശന്‍ കേന്ദ്രകഥാപാത്രമായ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയാണ്.
ഇന്ത്യയില്‍ മറ്റൊരു ഇന്‍ഡസ്ട്രിക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് ഒരു സ്ത്രീ കേന്ദ്രകഥാപാത്രമായ ചിത്രം അവിടുത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറുക എന്നത്. ലോകഃ ഒരു സൂപ്പര്‍ ഹീറോ ചിത്രമായിരുന്നെങ്കില്‍ സര്‍വൈവര്‍ ത്രില്ലറായ മഞ്ഞുമ്മല്‍ ബോയ്‌സാണ് ലിസ്റ്റിലുള്ള മറ്റൊരു ചിത്രം. സഹതാരങ്ങളായി മാത്രം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള സൗബിന്‍ ഷാഹിറും ശ്രീനാഥ് ഭാസിയും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് അര്‍ഹിച്ച വിജയമായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്.
ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. Photo: X.com
താരങ്ങള്‍ക്കും ബജറ്റിനുമല്ല പ്രധാന്യമെന്നും മികച്ച ചിത്രങ്ങള്‍ക്കാണ് എന്നും തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് മലയാളികള്‍. ഇതോടെ വരാനിരിക്കുന്ന മലയാളത്തിന്റ വമ്പന്‍ ചിത്രങ്ങള്‍ക്കും പ്രതീക്ഷകളേറുകയാണ്. പേട്രിയറ്റ്, അതിരടി, കത്തനാര്‍, ഖലീഫ, ദൃശ്യം 3, ടിക്കിടാക്ക തുടങ്ങി വമ്പന്‍ ഹൈപ്പിലൊരുങ്ങുന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ടാല്‍ അതിന് മികച്ച വിജയം സമ്മാനിക്കാനുള്ള സാക്ഷരത മലയാളി ഓഡിയന്‍സിനുണ്ട് എന്നത് എന്നും നല്ല സിനിമകളെ സ്വപ്‌നം കാണുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് കരുത്ത് പകരുന്നു.
Content Highlight: Social media appreciates Kerala audience for supporting good films