| Wednesday, 30th January 2019, 11:59 am

യു.പിയില്‍ പ്രസംഗിക്കാന്‍ വെച്ച പേപ്പര്‍ മാറിയതാണോ; താങ്കള്‍ നിപ്പ എന്ന് കേട്ടിട്ടുണ്ടോ: രാഹുല്‍ ഗാന്ധിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ എവിടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയും എന്ന രാഹുല്‍ ഗാന്ധിയുടെ കൊച്ചിയിലെ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. ഞാന്‍ നരേന്ദ്രമോദിയോട് ദല്‍ഹിയില്‍ ചോദിക്കുന്ന അതേ ചോദ്യമാണ് കേരളത്തിലെ മുഖ്യമന്ത്രിയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്.

“എവിടെയാണ് തൊഴില്‍, എവിടെയാണ് ആശുപത്രികള്‍, എവിടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍” എന്നായിരുന്നു രാഹുലിന്റെ ചോദ്യം. എന്നാല്‍ കേരളത്തിലെ ആരോഗ്യ മേഖലയിലെയും വിദ്യാഭ്യാസ മേഖലയിലേയും മുന്നേറ്റം എണ്ണി പറഞ്ഞു കൊണ്ടും രാഹുലിനെതിരെ വിമര്‍ശനം ഉന്നയിച്ചു കൊണ്ടും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനകം രംഗത്തെത്തിയിരിക്കുന്നത്.

#EnteSchoolKeralaNo1 എന്നീ ഹാഷ്ടാഗിലും ആശുപത്രിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ ആരംഭിച്ചിട്ടുണ്ട്. രാഹുലിനെതിരെ പരിഹസിച്ചു കൊണ്ടുള്ള കുറിപ്പുകളും നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Read Also : രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന മോദിയുടെ “സൊമാലിയ” പരാമര്‍ശത്തിന് തുല്യം; കേരളത്തെ അപമാനിച്ചെന്ന് കെ.കെ.ശൈലജ

“രാഹുല്‍, യു.പിയിലോ ബീഹാറിലോ ഒക്കെ പ്രസംഗിക്കാന്‍ വച്ചിരുന്ന പേപ്പര്‍ മാറിയെടുത്തു കൊണ്ടുവന്നു പ്രസംഗിച്ചതാണോ … ഈ കേരളത്തില്‍ വന്ന് ഇവിടെ ആശുപത്രിയുണ്ടോ, സ്‌കൂളുണ്ടോ എന്നൊക്കെ ചോദിക്കാന്‍ എങ്ങനെ തോന്നി? നിപാ പനി എന്ന് കേട്ടിട്ടുണ്ടോ രാഹുലെ, അടിസ്ഥാന സൗകര്യത്തിന്റെ അഭാവം കൊണ്ട് മാത്രം പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്‍ ദിവസവും പ്ലാവിലകള്‍ കൊഴിഞ്ഞു പോകുന്നത് പോലെ കൊഴിഞ്ഞു പോകുന്ന യുപിയിലോ മറ്റോ അത് വന്നിരുന്നു എങ്കില്‍ ആ സംസ്ഥാനത്തിന്റെ ജനസംഖ്യ തന്നെ അപകടത്തിലായേനെ … നിപ്പക്കെതിരെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തി അതിനെ തോല്‍പ്പിച്ചു ലോക ജനശ്രദ്ധയും അംഗീകാരവും നേടിയെടുത്ത ഒരു സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയെ നോക്കി ഇങ്ങനെ തന്നെ പറയണം. കോണ്‍ഗ്രസിന്റെ ഇവിടുത്തെ നേതാക്കന്മാരില്‍ പ്രതീക്ഷയൊന്നുമില്ല. പക്ഷെ രാഹുല്‍ നിങ്ങള്‍ ഇവിടുത്തെ വസ്തുതകളെ സ്വതന്ത്രമായി മനസിലാക്കാനും അപഗ്രഥിക്കാനും ശ്രമിക്കണം” എന്നായിരുന്നു ജിന്‍സണ്‍ അബ്രഹാം എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

“കേരളത്തില്‍ സ്‌കൂളോ കോളേജോ ഇല്ലെന്നു രാഹുല്‍ ഗാന്ധിക്ക് തോന്നിയതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല, ഇവിടുത്തെ കോണ്‍ഗ്രസുകാരുടെ കൂടെ പത്ത് മിനിറ്റ് നടന്നാല്‍ എനിക്കാണേലും അങ്ങനെ തോന്നും. പക്ഷെ ആശുപത്രി നഹീന്ന് ഏതു കോണ്‍ഗ്രസുകാരനായിരിക്കും അങ്ങേരോട് പറഞ്ഞിട്ടുണ്ടാവുക? ശരിക്കും ആ പറഞ്ഞവന്‍ എന്തായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക” എന്നാണ് സുരേഷ് കുന്നമ്പള്ളി എന്നയാളുടെ കുറിപ്പ്.

“എവിടെ സ്‌കൂള്‍ എന്ന ചോദ്യം കേട്ടപ്പോഴാണു ഈയടുത്ത് ഞങ്ങളുടെ സ്‌കൂളില്‍ നടപ്പിലാക്കിയ ക്ലാസ് റൂം ലൈബ്രറിയെക്കുറിച്ചുള്ള ഒരു വാര്‍ത്ത ഓര്‍മ്മ വന്നത്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്കൊപ്പം തന്നെ ക്ലാസ് റൂം ലൈബ്രറിയും സ്‌കൂളില്‍ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നു. പത്തു നൂറു കൊല്ലമെങ്കിലും പഴക്കമുള്ള സര്‍ക്കാര്‍ സ്‌കൂളാണു എം ടിയൊക്കെ പലയിടത്തും പരാമര്‍ശ്ശിച്ചിട്ടുള്ള കുമരനെല്ലൂര്‍ സ്‌കൂള്‍. സര്‍ക്കാര്‍ സ്‌കൂളുകളൊക്കെ ഇപ്പോ വേറെ ലെവലാണു”

മിനേഷ് രാമനുണ്ണി ഫേസ്ബുക്കില്‍ കുറിച്ചു

#EnteSchool എന്ന ഹാഷ്ടാഗില്‍ സ്വന്തം വിദ്യാലയത്തിന്റെ ചിത്രം പങ്കുവെച്ചും സോഷ്യല്‍ മീഡിയ രാഹുലിന് മറുപടി നല്‍കുന്നു. “അമേഠിയില്‍ വായിക്കേണ്ട പ്രസംഗത്തിന്റെ കുറിപ്പ് മാറി കേരളത്തില്‍ വായിച്ചതാണെന്നറിയാം എന്നാലും കേരളത്തില്‍ സ്‌കൂള്‍ ഉണ്ടോ എന്ന് ചോദിച്ചതിന് ഞാന്‍ പഠിച്ച സ്‌കൂളിന്റെ ചിത്രങ്ങള്‍ രാഹുലിനായി സമര്‍പ്പിക്കുന്നു”. എന്ന പോസ്റ്റുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

പരാമര്‍ശത്തില്‍ വിമര്‍ശനവുമായി നേരത്തെ ആരോഗ്യ മന്ത്രി ശൈലജയും രംഗത്തെത്തിയിരുന്നു. മികച്ച നിലവാരം പുലര്‍ത്തുന്ന കേരളത്തിലെ ആരോഗ്യമേഖലയേയും സാമൂഹിക നീതി മേഖലയെയും കുറിച്ച് അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ നടത്തിയ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ അപമാനിച്ചെന്നും ശൈലജ ആരോപിച്ചു. നരേന്ദ്ര മോദി കേരളത്തെ സൊമാലിയയോടു ഉപമിച്ചതിന് തുല്യമാണ് രാഹുലിന്റെ പ്രസ്താവനയെന്നും മന്ത്രി പറഞ്ഞു.

ആശുപത്രികള്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന കാര്യത്തില്‍ കേരളസര്‍ക്കാര്‍ ഉത്തര്‍പ്രദേശിനെ കണ്ടുപഠിക്കണമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്തവനയും നേരത്തെ വിവാദമായിരുന്നു. ബി.ജെ.പിയുടെ ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആദിത്യനാഥിന്റെ പ്രതികരണം. പരാമര്‍ശത്തിനെതിരെ അന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് യോഗിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

വീഡിയോ 

Latest Stories

We use cookies to give you the best possible experience. Learn more