| Wednesday, 30th May 2018, 2:37 pm

പൂന്തോട്ടവും പച്ചക്കറിത്തോട്ടവും; സന്ദര്‍ശകര്‍ക്ക് സ്വീകരണമുറി; സ്വീകരിക്കാന്‍ ഓഫീസര്‍; പൊലീസ് സ്റ്റേഷനുകളുടെ മുഖം മാറുകയാണെന്ന ലോക്‌നാഥ് ബെഹ്‌റയുടെ പോസ്റ്റിനെ വലിച്ചുകീറി സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ പൊലീസ് സ്റ്റേഷനുകളുടെ മുഖം മാറുകയാണെന്നും പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമൊക്കെയായി മനോഹരമായ അന്തരീക്ഷമായിരിക്കും ഇനി ഉണ്ടാവുകയെന്നും പറഞ്ഞുകൊണ്ടുള്ള സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.

“”സന്ദര്‍ശകര്‍ക്ക് സ്വീകരണമുറി, സ്വീകരിക്കാന്‍ ഓഫീസര്‍, ഇരിക്കാന്‍ കസേരകള്‍, വായിക്കാന്‍ പുസ്തകങ്ങളും മാസികകളും ഇങ്ങനെ പലതുമുള്ള നിരവധി പൊലീസ് സ്റ്റേഷനുകള്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞു. യഥാര്‍ഥ സേവനകേന്ദ്രങ്ങളായി നമ്മുടെ സ്റ്റേഷനുകള്‍ മാറുന്ന പ്രക്രിയ മുന്നേറുകയാണ്”” എന്നായിരുന്നു മെയ് 19 ന് ലോക്‌നാഥ് ബെഹ്‌റ എഴുതിയ പോസ്റ്റ്.

ഇതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു മിക്ക കമന്റുകളും വന്നത്. കെട്ടിടത്തില്‍ മോടി പിടിപ്പിച്ചു വച്ചിട്ട് കാര്യമില്ലെന്നും ഉള്ളിലുള്ളവര്‍ക്ക് മരുന്നില്ലല്ലോ എന്നുമായിരുന്നു ചിലരുടെ ചോദ്യം.

തെറിയൊക്കെ പഴയത് തന്നെ അല്ലെ സര്‍, തല്ലികൊല്ലുന്നതിന് ഒരു മാറ്റവും കാണില്ലായിരിക്കും അല്ലെ സാറെ, ഒരു വശത്ത് ചവുട്ടി കൊല്ലുക മറ്റൊരു വശത്ത് പച്ചക്കറി കൃഷി നല്ല തമാശ എന്നിങ്ങനെയായിരുന്നു കമന്റുകള്‍.

“”ഇതൊന്നും വേണമെന്നില്ല. പാവങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം തരാന്‍ സാധിക്കുമോ? കുറഞ്ഞപക്ഷം ഒന്ന് ജീവിക്കാന്‍ വിടുമോ”” എന്നാണ് ചിലര്‍ ചോദിക്കുന്നത്.

ആരുടെ മുഖമാണ് മാറുന്നത്? കേരള ജനതയെ പരിഹസിക്കുകയാണോ നിങ്ങള്‍ ? ഇന്നലെ കെവിന്റെ അവസാന ചടങ്ങുകള്‍ നടക്കുമ്പോള്‍ സെമിത്തേരിയില്‍ നിന്നും ജനങ്ങള്‍ ഒന്നടങ്കം പറഞ്ഞില്ലേ”കടക്ക് പുറത്ത് “. അതുതന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത്.


Dont Miss നീനുവിന്റെ കണ്ണീര്‍ രാഷ്ട്രീയ സാമൂഹ്യ ഭരണസംവിധാനത്തെ ചുട്ടുപൊള്ളിക്കും; പ്രതികള്‍ക്ക് പോലീസില്‍ നിന്ന് ഒത്താശ ലഭിച്ചെന്ന സൂചന അപകടകരമെന്നും തോമസ് ഐസക്


കൊന്ന പാപം തിന്നാല്‍ തീരും,,, പച്ചക്കറി തിന്നാല്‍ തീരില്ലെന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഉണ്ട്. “”അതെ. അതെ മുഖം മാറി കൊണ്ടിരിക്കുവാ പാവപെട്ട ജനങ്ങളുടെ….. അമ്മമാരുടെ ഭാര്യയുടെ മക്കളുടെ എല്ലാരുടെയും മുഖം മാറ്റി കൊണ്ടിരിക്കുവാ”” എന്നായിരുന്നു മറ്റൊരു കമന്റ്.

പൊലീസിന്റെ മനോഭാവം മാറാത്തിടത്തോളം കാലം പൊലീസ് സ്റ്റേഷനുകള്‍ വികസിച്ചിട്ടെന്തു കാര്യം? അതിനു വേണ്ട മാര്‍ഗങ്ങള്‍ ആദ്യം സ്വീകരിക്കൂ..ആദ്യം പൊലീസിന്റെ മാനസിക ആരോഗ്യം വര്‍ധിപ്പിക്കണം അല്ലാതെ ഭൗതികമായ സാഹചര്യങ്ങള്‍ മാത്രം പോരാ എന്നായിരുന്നു മറ്റൊരു കമന്റ്.

നിരപരാധികളെ കൊല്ലലാണോ നിങ്ങളുടെ മുഖം മാറല്‍, പൊലീസ് സ്റ്റേഷന്റെ മുഖം മാറ്റാന്‍ ഇത്തിരി പെയിന്റ് അടിച്ചാല്‍ മതി. ആദ്യം ജനങ്ങള്‍ക്ക് നഷ്ടപെട്ട വിശ്വാസം വീണ്ടെടുക്കുക. ഗുണ്ടകളായ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുന്നതിന് പകരം ഡിസ്മിസ്സ് ചെയ്യാനുള്ള ആര്‍ജ്ജവം കാണിക്കുക. ഒരു സേനക്ക് അത്യന്താപേക്ഷിതമാണ് ഡിസ്സിപ്ലിന്‍. അത് ഉണ്ടാവണമെങ്കില്‍ സേന രാഷ്ട്രീയ മുക്തമായിരിക്കണം. ഇവിടെ രാഷ്ട്രീയം ആദ്യവും സേവനം രണ്ടാമതും ആണ്. നിങ്ങളെന്നല്ല ഏതൊരു ചീഫ് വന്നാലും കേരള പൊലീസ് സേനയുടെ മുഖം പെയിന്റ് അടിച്ചു മിനുക്കാനേ പറ്റൂ.. വേറൊന്നും കഴിയില്ല.- എന്നായിരുന്നു മറ്റൊരു കമന്റ്.

പൂന്തോട്ടവും പച്ചക്കറിയുമല്ല പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്. കാലത്തിനനുസരിച്ച് മാറുകയാണ് വേണ്ടത്. ജനങ്ങള്‍ക്ക് ഭീതി കൂടാതെ പരാതി പറയാനും പരാതികള്‍ തല്‍സമയം പൊലീസിന്റെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യാനും പരാതിക്കാരന് സമയബന്ധിതമായ നടപടികളുടെ ഫീഡ്ബാക്ക് നല്‍കുകയും ഉത്തരവാദിത്വപ്പെട്ട അധികാരികള്‍ക്കും (മന്ത്രി അടക്കം) ഒരോ കേസിന്റേയും വിവരങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങളാണ് ഉണ്ടാകേണ്ടതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

Latest Stories

We use cookies to give you the best possible experience. Learn more