| Saturday, 24th January 2026, 2:49 pm

പെയ്ഡാണെങ്കിലും ഇങ്ങനെ കോപ്പി പേസ്റ്റ് വേണ്ടായിരുന്നു; ബേബി ഗേള്‍ റിവ്യൂവിനെതിരെ സോഷ്യല്‍ മീഡിയ

നന്ദന എം.സി

അഖിൽ സത്യന്റെ സർവം മായയ്ക്ക് പിന്നാലെ നിവിൻ പോളി നായകനായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ബേബി ഗേൾ. ഗരുഡന് ശേഷം അരുൺ വർമ സംവിധാനം ചെയ്ത ഈ ചിത്രത്തിന് റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇതിനിടെയാണ് സിനിമയുടെ റിവ്യൂകളെ ചൊല്ലി സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനങ്ങൾ ഉയരുന്നത്.

ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വന്ന റിവ്യൂകൾ ശ്രദ്ധയിൽപ്പെട്ട പ്രേക്ഷകർ, അവയിൽ ഭൂരിഭാഗവും ഒരേ പാറ്റേണിലും സമാനമായ ഭാഷയിലുമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്നായി വാക്കുകളിലും ഘടനയിലും വലിയ മാറ്റമില്ലാതെ ഒരേ റിവ്യൂ പ്രചരിക്കുന്നതാണ് സംശയങ്ങൾക്ക് കാരണമായത്. ഇതോടെയാണ് ഈ റിവ്യൂകൾ പെയ്ഡ് ആണോയെന്ന ചർച്ച ശക്തമായത്.

ബേബി ഗേൾ, Photo: YouTube/ Screengrab

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിവ്യൂകളിൽ സിനിമയുടെ തിരക്കഥ, മേക്കിങ്, പശ്ചാത്തല സംഗീതം, ക്യാമറ, എഡിറ്റിങ് തുടങ്ങിയ സാങ്കേതിക വശങ്ങളെ കുറിച്ച് വിശദമായി പറയുന്നുണ്ട്. ലിജോ മോളുടെ, സംഗീത് പ്രതാപിന്റെ, അഭിമന്യു തിലകന്റെയും പ്രകടനങ്ങൾ പ്രശംസിക്കപ്പെടുമ്പോൾ, നായകനായ നിവിൻ പോളിയുടെ അഭിനയത്തെ കുറിച്ച് വലിയ രീതിയിൽ പരാമർശം ഇല്ലാത്തത് ചർച്ചയാകുന്നുണ്ട്.

ബേബി ഗേൾ, Photo: Book my show

‘ഇമോഷണല്‍ എലമെന്റുകളോടെ ഒരുക്കിയ നല്ലൊരു ബേബി ഗേള്‍.. ബോബി സഞ്ജയ് പതിവുപോലെ ഇമോഷണല്‍ പരിപാടികള്‍ എഴുതുമ്പോള്‍ കീപ്പ് ചെയ്യാറുള്ള പെര്‍ഫെക്ഷന്‍ ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട്. നിവിന്‍ എന്ന നായകന്റെ സിനിമ എന്നതിനേക്കാളുപരി ഈ സിനിമയുടെ തിരക്കഥ തന്നെയാണ് ഇതിന്റെ ഹീറോ. 2 മണിക്കൂറോളം മാത്രമേ ഉള്ളുവെങ്കിലും അത്രയും നേരം നമ്മളെ പിടിച്ചിരുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.. മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് കാണാതാവുന്നതില്‍ നിന്ന് ഒരു ആകാംഷ നിലനിര്‍ത്തി കൊണ്ട് പോവുന്നതില്‍ തുടങ്ങി പിന്നെ അങ്ങോട്ട് നമ്മള്‍ക്ക് ഒരിടത്തും മടുപ്പ് തോന്നുന്നുമില്ല. പിടിച്ച് ഇരുത്തുന്നുണ്ട് പടം,’ ഇങ്ങനെയാണ് ഒരു പേജ് റിവ്യൂ നൽകിയതെങ്കിൽ മറ്റൊരു പേജ് ഈ തരത്തിലാണ് നൽകിയത്.

ബേബി ഗേൾ, Photo: YouTube/ Screengrab

‘കുറെ കാലങ്ങൾ ശേഷം ബോബി-സഞ്ജയ്‌ സംതൃപ്തി തന്ന ഒരു സിനിമ. അത് പോലെ ഗരുഡന് ശേഷം വന്ന അരുൺ വർമ ചിത്രം എന്ന നിലയിലും വളരെ പ്രോഗ്രസ്സ് ഉള്ള മേക്കിങ്. വൈകാരികതക്ക് കൂടുതൽ പ്രാധാന്യമുള്ള കഥാഗതിയിൽ ലിജോ മോളുടെ മിന്നും പ്രകടനത്തിനൊപ്പം സംഗീത് പ്രതാപിന്റെയും അഭിമന്യു തിലകന്റെയും മൈഥിലി നായർ എന്ന പുതിയ കുട്ടിയുടെയും മികച്ച പെർഫോമൻസുകൾ. ലിജോമോളുടെയും സംഗീതിന്റെയും പല സീനുകളും വളരെ നൊമ്പരപ്പെടുത്തുന്നത് ആയിരുന്നു. അത്യാവശ്യം ത്രില്ലടിപ്പിച്ചും ചിന്തിപ്പിച്ചും ഒട്ടും ലാഗ് അടിപ്പിക്കാതെയുള്ള കഥപറച്ചിലും അവതരണവും തന്നെയാണ് സിനിമയുടെ ഏറ്റവും പോസിറ്റീവ്,’ ഈ ഒരു തരത്തിലാണ് ഭൂരിഭാഗം റിവ്യൂകളും സോഷ്യൽ മീഡിയയിൽ കണ്ടുവരുന്നത്.

പെയ്ഡാണെങ്കിലും ഇത്രയും തുറന്ന കോപ്പി പേസ്റ്റ് വേണ്ടായിരുന്നു, സിനിമയെ കുറിച്ച് അഭിപ്രായം പറയേണ്ടത് പ്രേക്ഷകരാണ്, നിർമാതാക്കളല്ല എന്നിങ്ങനെയുള്ള കമന്റുകളും വിവധ പ്ലാറ്റുഫോമുകളിൽ കാണാൻ സാധിക്കുന്നു. ചിലർ ഇതിന് പിന്നിൽ സിനിമയുടെ പ്രമോഷൻ തന്ത്രങ്ങളാണെന്നും ആരോപിക്കുന്നുണ്ട്.

മുമ്പ് ചിത്രത്തിന്റെ പ്രസ് മീറ്റിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ ചില പരാമർശങ്ങളും വിവാദമായിരുന്നു. ഒരു ദിവസം കാണിക്കുന്ന രംഗത്തിന്റെ ഷൂട്ട് 50 ദിവസം നീണ്ടത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി, സംവിധായകനെ പരോക്ഷമായി കുറ്റപ്പെടുത്തുന്നതായാണ് ചിലർ വിലയിരുത്തിയത്. ഈ പശ്ചാത്തലത്തിലാണ് ബേബി ഗേൾ സിനിമയുടെ റിവ്യൂകളും പ്രചാരണ രീതികളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുന്നത്.

Content Highlight: Social media against Baby Girl review

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more