| Tuesday, 29th September 2026, 7:13 am

18 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് വിലക്കും; പുതിയ വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കര്‍

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുറക്കുന്നത് തടയാന്‍ നിയമത്തില്‍ പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കര്‍ നീക്കം.

സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഐ.ടി ഇന്റര്‍മീഡിയറി ചട്ടങ്ങളില്‍ ഇതിനാവശ്യമായ വ്യവസ്ഥ ഉള്‍പ്പെടുത്തുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ നിലനില്‍ക്കുന്ന സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

ജസ്റ്റിസ് റൈറ്റ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ് എന്ന സന്നദ്ധ സംഘടന നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്നും കോടതി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് കുറഞ്ഞ പ്രായപരിധി പതിനെട്ടില്‍ താഴെയാക്കണമെന്ന നിര്‍ദേശത്തോട് കേന്ദ്രവും യോജിച്ചു.

ഇതിന് നിയമപരമായ പിന്തുണ നല്‍കുന്നതിനായി ഇന്റര്‍മീഡിയറി ചട്ടങ്ങളില്‍ മാറ്റം വരുത്താനാണ് നീക്കം. കുട്ടികളെ ഓണ്‍ലൈന്‍ ഗ്രൂമിങ്, ലൈംഗിക ചൂഷണം, സൈബര്‍ ബുള്ളിയിങ്, വ്യക്തിവിവരങ്ങളുടെ ദുരുപയോഗം, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം തുടങ്ങിയ അപകടങ്ങളില്‍നിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഹരജിക്കാര്‍ കോടതിയില്‍ പറഞ്ഞു.

Content Highlights: Social media accounts banned for those under 18; Central Government introduces new regulations.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more