കോഴിക്കോട് : സാഹോദര്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും പെരുമകൊട്ടിപ്പാടി ലോകത്തിലെ ഏറ്റവും വലിയ പൂക്കളം കോഴിക്കോട് സ്വപ്ന നഗരിയില്‍ വിരിഞ്ഞു. തമിഴ്നാട്ടിലെ പൂകൃഷി ഗ്രാമമായ തോവാളയില്‍ നിന്ന് കൊണ്ടുവന്ന 15 ടണ്‍ പൂക്കളാണ് സ്നേഹപ്പൂക്കളത്തിനായി ഉപയോഗിച്ചത്. ഡിസൈനര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സി.കെ സുരേഷിന്റെ ഡിസൈനിലാണ് സ്നേഹപ്പൂക്കളം ഒരുങ്ങിയത്.
72 ഗ്രൂപ്പുകളിലായി 500 പരിശീലനം നേടിയ സ്ക്കൂള് കുട്ടികള്‍ 25 ചിത്രകലാ അധ്യാപകരുടെ നേതൃത്വത്തിലാണ് പൂക്കളമൊരുക്കിയത്. നൂറോളം സാംസ്കാരിക നായകരും പൂക്കളമൊരുക്കുന്നതിന് സാക്ഷ്യം വഹിച്ചു.
നിലവിലെ ഏറ്റവും വലിയ പൂക്കളമായ 11,000 ചതുരശ്ര അടിയുളള പൂക്കളത്തെ സ്നേഹപ്പൂക്കളം മറികടന്നു. 17,622 ചതുരശ്ര അടിയില്‍ തീര്‍ത്ത സ്നേഹപ്പൂക്കളത്തെ ലോക റിക്കോര്‍ഡില്‍ അടയാളപ്പെടുത്താനായി ഗിന്നസ് ബുക്ക് പ്രതിനിധികളും ലിംകാ ബുക്സ് പ്രതിനിധികളും കോഴിക്കോട്ടെ സ്വപ്ന നഗരിയിലെത്തിയിരുന്നു.
ഏഴ് വന്‍കരകളെ പ്രതീകവതകരിച്ച് ചെട്ടിയും ജമന്തിയും വാടാമല്ലിയുമുള്പ്പെടെ ഏഴ് തരം പൂക്കളാണ് സ്നേഹപ്പൂക്കള നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന സ്നേഹപ്പൂക്കളം രണ്ട് മണിക്കൂര്‍ നേരംകൊണ്ടാണ് പൂര്‍ത്തിയായത്.