| Monday, 6th October 2025, 6:57 am

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തിയ വകയില്‍ ബോണസ് റെക്കോഡ്; വിമണ്‍സ് ലോകകപ്പില്‍ ഇവളുടെ തേരോട്ടം!

സ്പോര്‍ട്സ് ഡെസ്‌ക്

വിമണ്‍സ് വേള്‍ഡ് കപ്പില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന മത്സരത്തില്‍ 88 റണ്‍സിനാണ് ഇന്ത്യ വിജയിച്ച് കയറിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 247 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാനെ 43 ഓവറില്‍ 159 റണ്‍സിന് തകര്‍ക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് ക്രാന്തി ഗൗഡും ദീപ്തി ശര്‍മയുമാണ്. മൂന്ന് വിക്കറ്റുകള്‍ വീതമാണ് ഇരുവരും നേടിയത്. മാത്രമല്ല സ്‌നേഹ് റാണ രണ്ട് വിക്കറ്റുകളും മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം നേടിയിരിക്കുകയാണ്.

വിമണ്‍സ് വേള്‍ഡ് കപ്പില്‍ ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമാകാനാണ് സ്‌നേഹ് റാണയ്ക്ക് സാധിച്ചത്. കൊളംബോയിലെ ആര്‍ പ്രേമദാസാ സ്‌റ്റേഡിയത്തില്‍ നിന്നാണ് സ്‌നേഹിന്റെ മിന്നും നേട്ടം.

വിമണ്‍സ് വേള്‍ഡ് കപ്പില്‍ ഒരു സ്റ്റേഡിയത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരം, വിക്കറ്റ്, വേദി

സ്‌നേഹ് റാണ – 17 – കൊളംബോ (ആര്‍ പ്രേമദാസ സ്‌റ്റേഡിയം)

നൂഷിന്‍ അല്‍ ഖദീര്‍ – 16 – ലിങ്കണ്‍

ജുലേന്‍ ഗോസ്വാമി – 16 – ബെംഗളൂരു

നീതു ഡേവിഡ് – 14 – ലിങ്കണ്‍

ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് ഹര്‍ലീന്‍ ഡിയോളാണ്. 65 പന്തില്‍ 46 റണ്‍സാണ് താരം സ്വന്തമാക്കിയത്. മന്ഥാന 32 പന്തില്‍ 23 റണ്‍സ് നേടി മടങ്ങി. അധികം വൈകാതെ പ്രതീക റാവലും (37 പന്തില്‍ 31) പുറത്തായി. ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടേതായ സംഭാവനകള്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പാകിസ്ഥാന്‍ താരങ്ങള്‍ക്ക് സാധിച്ചു.

അവസാന ഓവറുകളില്‍ വെടിക്കെട്ട് തീര്‍ത്ത വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെ ഇന്നിങ്സും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി. 20 പന്ത് നേരിട്ട താരം പുറത്താകാതെ 35 റണ്‍സ് അടിച്ചെടുത്തു. ജെമീമ റോഡ്രിഗസ് (37 പന്തില്‍ 32), ദീപ്തി ശര്‍മ (33 പന്തില്‍ 25) എന്നിവരാണ് ഇന്ത്യയുടെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

പാകിസ്ഥാനായി ദിയാന ബായ്ഗ് നാല് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ഫാത്തിമ സന, സാദിയ ഇഖ്ബാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും റമീന്‍ ഷമീം, നഷ്റ സന്ധു എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ബാറ്റിങ്ങില്‍ പാകിസ്ഥാന് വേണ്ടി മികവ് പുലര്‍ത്തിയത് 106 പന്തില്‍ 81 റണ്‍സ് നേടിയ സിദ്രാ അമീനായിരുന്നു.

Content Highlight: Sneh Rana In Great Record Achievement In Women’s ODI For India

We use cookies to give you the best possible experience. Learn more