| Sunday, 17th May 2026, 10:26 am

വെള്ളാപ്പള്ളിയെ തൊട്ടാല്‍ മുസ്‌ലിം ലീഗുകാരുടെ കൈവെട്ടും; വിവാദ പ്രസംഗവുമായി എസ്.എന്‍.ഡി.പി നേതാവ്

ആദർശ് എം.കെ.

പാലാ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മുസ്‌ലിം ലീഗ് പ്രതിഷേധങ്ങള്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നില്‍.

വെള്ളാപ്പള്ളി നടേശനെ തൊട്ടാല്‍, തൊടുന്ന മുസ്‌ലിം ലീഗുകാരുടെ കൈ വെട്ടിക്കളയുമെന്നായിരുന്നു സുരേഷ് ഇട്ടിക്കുന്നിലിന്റെ പരസ്യഭീഷണി.

പാലായില്‍ എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായിരുന്നു സുരേഷ് ഇട്ടിക്കുന്നില്‍.

‘എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയെ എവിടെ നേരിട്ടാലും മുസ്‌ലിം ലീഗിന്റെ മുഴുവന്‍ നേതാക്കന്മാരെയും തടയാനുള്ള ബാധ്യത നമ്മുടെ ഇന്ന് ഈ എസ്.എന്‍.ഡി.പി യോഗം ഏറ്റെടുക്കുകയാണ്. അതുകൊണ്ട് ഒന്ന് മാത്രം പറയുന്നു, യോഗ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തൊട്ടു കളിച്ചാല്‍ ആ തൊട്ട കൈ ഞങ്ങള്‍ വെട്ടിക്കളയുമെന്ന് ഈ വേദിയില്‍ പ്രഖ്യാപിക്കുന്നു,’ സുരേഷ് ഇട്ടിക്കുന്നില്‍ പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെ വെല്ലുവിളിച്ചാല്‍ ലീഗ് നേതാക്കളെ വഴിയില്‍ തടയുമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷി മണ്ഡപങ്ങളുള്ളത് തങ്ങളുടെ വിഭാഗത്തിനാണെന്നും (ഈഴവ സമുദായത്തിന്) അദ്ദേഹം ഓര്‍മിപ്പിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കോലം പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തു.

മുസ്‌ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു. എസ്.എന്‍.ഡി.പി യോഗത്തിന്റെ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി ലീഗിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചത്.

യു.ഡി.എഫ് അധികാരമേറുന്നതിന് മുമ്പ് തന്നെ ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണെന്ന് എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി. അധികാരമുറപ്പായതോടെ ലീഗ് നേതാക്കളുടെയും അണികളുടെയും വാക്കുകളിലും പ്രവര്‍ത്തികളിലും അപകടകരമായ സൂചനകള്‍ കണ്ടുതുടങ്ങിയതായും ഇത് കടുത്ത ഹിന്ദുവിരുദ്ധ നിലപാടാണെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.

ലീഗിന്റെ മതേതര, ജനാധിപത്യ വിരുദ്ധതയെ എതിര്‍ക്കുന്നവരെ മുസ്‌ലിം വിരുദ്ധരായും വര്‍ഗീയവാദികളായും മുദ്രകുത്തി ഒറ്റപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. മുസ്‌ലിം മതത്തെയല്ല, ലീഗിന്റെ വര്‍ഗീയതയെയാണ് താന്‍ എതിര്‍ക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Content Highlight: SNDP leader gives murderous speech against Muslim League

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more