| Friday, 25th July 2025, 12:03 pm

പാമ്പുപിടുത്തക്കാർക്ക് ഇൻഷുറൻസും ഐ.ഡി കാർഡും; ചരിത്ര തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: മഹാരാഷ്ട്രയിൽ പാമ്പുപിടുത്തക്കാർക്ക് തിരിച്ചറിയൽ കാർഡുകളും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും നൽകാനൊരുങ്ങുന്നതായി മഹാരാഷ്ട്ര സർക്കാർ. ഇന്നലെയായിരുന്നു (വ്യാഴാഴ്ച ) റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്.

പാമ്പുപിടുത്തക്കാർക്ക് ആനുകൂല്യം നൽകുന്നതിന് വേണ്ടിയുള്ള ഔപചാരികമായ ശുപാർശ ഉടൻ തന്നെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് അയക്കുമെന്ന് ഉന്നതതല യോഗത്തിന് ശേഷം ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.

‘വിഷമുള്ള പാമ്പുകളിൽ നിന്ന് ഗ്രാമീണരെ സംരക്ഷിക്കുന്നവരാണ് പാമ്പുപിടുത്തക്കാർ. മാത്രമല്ല ഉരഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് സുരക്ഷിതമായി ഇവർ തിരിച്ചയക്കുകയും ചെയ്യാറുണ്ട്. എന്നാൽ പലപ്പോഴായി പാമ്പുപിടുത്തക്കാർക്ക് തങ്ങളുടെ ജീവൻ നഷ്ടപ്പെടാറുണ്ട്. തങ്ങളുടെ ജീവൻ പണയപ്പെടുത്തിയുള്ള ജോലിയാണ് അവർ ചെയ്യുന്നത്. അവരുടെ നിസ്വാർത്ഥ സേവനങ്ങളെ അംഗീകരിച്ചുകൊണ്ട് അവർക്ക് ഔദ്യോഗിക ഐ.ഡി കാർഡുകൾ നൽകാനും 10 ലക്ഷം രൂപ അപകട ഇൻഷുറൻസ് നൽകാനും ഞങ്ങൾ പദ്ധതിയിടുന്നു,’ മന്ത്രി പറഞ്ഞു.

ഇതുസംബന്ധിച്ച് വിശദമായ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (എസ്.ഒ.പി ) തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാമ്പ് പിടുത്തക്കാരുടെ ജോലി അപകടം നിറഞ്ഞതായതിനാലും രക്ഷാപ്രവർത്തനമായതിനാലും അവരെ ‘ഫ്രണ്ട്‌ലൈൻ വർക്കർ’ ആയി നിയോഗിക്കുന്നതിനും ദുരന്ത നിവാരണ സേവനങ്ങളിൽ ഉൾപ്പെടുത്തുന്നതിനുമുള്ള ചർച്ചകൾ നടന്നുവരികയാണ്. ഇതിനായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ഔപചാരിക ശുപാർശ സമർപ്പിക്കും.

പദ്ധതിയുടെ ഏകോപനവും സുതാര്യതയും വർധിപ്പിക്കുന്നതിനായി പാമ്പ് രക്ഷാപ്രവർത്തകരുടെ പട്ടിക തയാറാക്കുന്നതിനായി വനം വകുപ്പിന്റെ വെബ്‌സൈറ്റിൽ ഒരു പോർട്ടൽ സൃഷ്ടിക്കും. ഈ പോർട്ടലിലൂടെ അടിയന്തരമായ ഘട്ടങ്ങളിൽ വേഗത്തിൽ സ്ഥലത്തെത്താനും പൊതുജനങ്ങൾക്ക് സഹായം ലഭ്യമാക്കാനും സാധിക്കുമെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്.

ഈ നടപടി പാമ്പുപിടുത്തക്കാരെ സഹായിക്കുക മാത്രമല്ലെന്നും വന്യജീവി സംരക്ഷണ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ചന്ദ്രശേഖർ ബവൻകുലെ കൂട്ടിച്ചേർത്തു.

Content Highlight: Snake Rescuers In Maharashtra To Get ID Cards, Accident Insurance: Minister

We use cookies to give you the best possible experience. Learn more