| Sunday, 30th August 2026, 9:31 pm

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിഹാസത്തെ വെട്ടി രണ്ടാമത്; മിതാലീ ദീദീ... നിങ്ങളെ തേടി പിന്‍ഗാമിയെത്തുന്നു

ആദർശ് എം.കെ.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന വനിതാ താരങ്ങളുടെ പട്ടികയില്‍ ന്യൂസിലാന്‍ഡ് ഇതിഹാസം സൂസി ബേറ്റ്‌സിനെ മറികടന്ന് സ്മതി മന്ഥാന. വനിതാ ഏഷ്യാ കപ്പില്‍ തായ്‌ലാന്‍ഡിനെതിരായ മത്സരത്തിലാണ് മന്ഥാനയുടെ നേട്ടം.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നാല് റണ്‍സ് നേടിയതോടെയാണ് സൂസി ബേറ്റ്‌സിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട് താരം രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്. ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് മാത്രമാണ് ഈ ലിസ്റ്റില്‍ മന്ഥാനയ്ക്ക് മുമ്പിലുള്ളത്.

സ്മൃതി മന്ഥാന. Photo: BCCI Women/x.com

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ എന്നും പ്രഥമസ്ഥാനമലങ്കരിക്കുന്ന മിതാലിയേക്കാള്‍ വെറും 112 റണ്‍സ് മാത്രമാണ് ഇപ്പോള്‍ മന്ഥാനയ്ക്ക് കുറവുള്ളത്. അധികം വൈകാതെ മിതാലി രാജിനെയും മറികടക്കാന്‍ മന്ഥാനയ്ക്ക് സാധിക്കും.

മിതാലി രാജ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ വനിതാ താരങ്ങള്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

മിതാലി രാജ് – ഇന്ത്യ – 10,868

സ്മൃതി മന്ഥാന – ഇന്ത്യ – 10,756*

സൂസി ബേറ്റ്‌സ് – ന്യൂസിലാന്‍ഡ് – 10,740

ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സ് – ഇംഗ്ലണ്ട് – 10,273

സ്റ്റഫനി ടെയ്‌ലര്‍ – വെസ്റ്റ് ഇന്‍ഡീസ് – 10,007

കരിയറില്‍ ഏകദിനത്തിലാണ് മന്ഥാന ഏറ്റവുമധികം റണ്‍സ് നേടിയത്. ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ 120 ഇന്നിങ്‌സില്‍ നിന്നും 47.88 ശരാശരിയില്‍ 5,411 റണ്‍സാണ് മന്ഥാന സ്വന്തമാക്കിയത്.

സ്മൃതി മന്ഥാന. Photo: BCCI Women/x.com

14 സെഞ്ച്വറി നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 2024ല്‍ ബെംഗളൂരുവില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നേടിയ 136 റണ്‍സാണ്.

172 അന്താരാഷ്ട്ര ടി-20 മത്സരങ്ങളിലെ 166 ഇന്നിങ്‌സില്‍ നിന്നും 4,457 റണ്‍സാണ് മന്ഥാന അടിച്ചെടുത്തത്. 125.18 സ്‌ട്രൈക് റേറ്റിലും 30.25 ശരാശരിയിലും സ്‌കോര്‍ ചെയ്ത താരം ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ഹാമിലായിരുന്നു ആ സെഞ്ച്വറി (112) നേട്ടം.

സ്മൃതി മന്ഥാന. Photo: BCCI Women/x.com

ഒമ്പത് ടെസ്റ്റിലെ 16 ഇന്നിങ്‌സില്‍ നിന്നും 788 റണ്‍സും താരം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

തായ്‌ലാന്‍ഡിനെതിരായ മത്സരത്തില്‍ പത്ത് പന്തില്‍ 19 റണ്‍സുമായി നില്‍ക്കവെ റണ്‍ ഔട്ടായിട്ടാണ് മന്ഥാന പുറത്തായത്. നാല് ഫോറുകള്‍ അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിങ്‌സ്.

Content Highlight: Smriti Mandhana surpassed Suzie Bates in most runs in Women’s International cricket

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more