ഇന്ത്യന്‍ വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടി-20യില്‍ തകര്‍പ്പന്‍ വിജയവുമായി സന്ദര്‍ശകര്‍. മാഞ്ചസ്റ്ററിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ 97 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ 113ന് പുറത്തായി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 62 പന്ത് നേരിട്ട താരം 112 റണ്‍സുമായി പുറത്തായി. 15 ഫോറും മൂന്ന് സിക്‌സറും അടക്കം 180.96 സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്ത താരത്തിന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയാണിത്.
ഇതോടെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനും ഈ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാകാനും മന്ഥാനയ്ക്ക് സാധിച്ചു.
എന്നാല്‍ സെഞ്ച്വറിക്ക് മുമ്പ് മറ്റൊരു റെക്കോഡിലും മന്ഥാന തന്റെ പേരെഴുതിച്ചേര്‍ത്തിരുന്നു. ആദ്യ വിക്കറ്റില്‍ ഷെഫാലി വര്‍മയ്‌ക്കൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് പിന്നാലെയാണിത്.
77 റണ്‍സാണ് ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പില്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത്. 22 പന്തില്‍ 20 റണ്‍സടിച്ച ഷെഫാലിയെ മടക്കി എമിലി ആര്‍ലോട്ട് ഇംഗ്ലണ്ടിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു.
ഇതോടെ ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ 50+ പാര്‍ട്ണര്‍ഷിപ്പ് പടുത്തുര്‍കത്തുന്ന പെയര്‍ എന്ന റെക്കോഡാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. ഇത് 21ാം തവണയാണ് മന്ഥാന-ഷെഫാലി കൂട്ടുകെട്ടില്‍ അര്‍ധ സെഞ്ച്വറി പിറവിയെടുക്കുന്നത്.
ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ജോഡി അലീസ ഹീലി – ബെത് മൂണി എന്നിവരുടെ റെക്കോഡ് പഴങ്കഥയാക്കിയാണ് ഇന്ത്യന്‍ ഓപ്പണിങ് പെയര്‍ ചരിത്രമെഴുതിയത്.
വനിതാ ടി-20യില്‍ ഏറ്റവുമധികം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയ താരങ്ങള്‍ (ഏതൊരു വിക്കറ്റിലും)
(താരങ്ങള്‍ – ടീം – എത്ര 50+ പാര്‍ട്ണര്‍ഷിപ്പ് എന്നീ ക്രമത്തില്‍)
സ്മൃതി മന്ഥാന & ഷെഫാലി വര്‍മ – ഇന്ത്യ – 21*
ബെത് മൂണി & അലീസ ഹീലി – ഓസ്‌ട്രേലിയ – 20
സൂസി ബേറ്റ്‌സ് & സോഫി ഡിവൈന്‍ – ന്യൂസിലാന്‍ഡ് – 18
കവിഷ എഗോഡാഗെ & ഇഷ ഒസ – യു.എ.ഇ – 14
ഇഷ ഒസ & തീര്‍ത്ഥ സതീഷ് – യു.എ.ഇ – 13
മത്സരത്തില്‍ സ്മൃതി മന്ഥാനയുടെയും ഷെഫാലി വര്‍മയുടെയും ഇന്നിങ്‌സിന് പുറമെ ഹര്‍ലീന്‍ ഡിയോളും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 23 പന്തില്‍ 43 റണ്‍സാണ് ഡിയോള്‍ അടിച്ചെടുത്തത്.
മൂവരുടെും കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 210ലെത്തി.
ഇംഗ്ലണ്ടിനായി ലോറന്‍ ബെല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ എമിലി ആര്‍ലോട്ടും സോഫി എക്കല്‍സ്റ്റോണും ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ ഓപ്പണര്‍മാര്‍ രണ്ട് പേരെയും നഷ്ടമായി. എങ്കിലും ക്യാപ്റ്റന്‍ നാറ്റ് സ്‌കിവര്‍ ബ്രണ്ട് ചെറുത്തുനിന്നു. 42 പന്തില്‍ 66 റണ്‍സാണ് ബ്രണ്ട് സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് നിരയില്‍ മറ്റാര്‍ക്കും തന്നെ ചെറുത്തുനില്‍ക്കാന്‍ സാധിച്ചില്ല. പത്ത് പന്തില്‍ 12 റണ്‍സ് നേടിയ എമിലി ആര്‍ലോട്ടാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ഇവര്‍ക്ക് പുറമെ തന്‍സിം ബ്യൂമൗണ്ട് 11 പന്തില്‍ പത്ത് റണ്‍സും സ്വന്തമാക്കി. ഈ മൂന്ന് പേരൊഴികെ ഇംഗ്ലണ്ട് നിരയില്‍ മറ്റാര്‍ക്കും തന്നെ ഇരട്ടയക്കം കാണാനായില്ല.
ഒടുവില്‍ 14.5 ഓവറില്‍ ഇംഗ്ലണ്ട് 113ന് പുറത്തായി.
ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ എന്‍. ചാരണി നാല് വിക്കറ്റ് വീഴ്ത്തി. 3.5 ഓവറില്‍ വെറും 12 റണ്‍സ് മാത്രം വഴങ്ങിയാണ് ചാരിണി നാല് ഇംഗ്ലീഷ് താരങ്ങളെ മടക്കിയത്. രാധ യാദവും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അരുന്ധതി റെഡ്ഡിയും അമന്‍ജോത് കൗറും ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Smriti Mandhana-Shafali Verma script new world record in WT20I