| Friday, 20th December 2024, 9:11 pm

മറ്റാര്‍ക്കും ഈ വര്‍ഷം അവകാശപ്പെടാന്‍ സാധിക്കില്ല; ഇവള്‍, ഇവളൊരാള്‍ക്ക് മാത്രം; മന്ഥാന യൂ ബ്യൂട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ പരമ്പര വിജയത്തോടെ ഇന്ത്യ ഈ വര്‍ഷത്തെ ടി-20 മത്സരങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് മന്ഥാനയും സംഘവും സ്വന്തമാക്കിയത്. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ 60 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

മത്സരത്തില്‍ 47 പന്തില്‍ 77 റണ്‍സ് നേടി ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായ മന്ഥാനയെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തിരുന്നു.

2024ലെ ടി-20 ക്യാമ്പെയ്‌നുകള്‍ക്ക് ഇന്ത്യന്‍ വനിതകള്‍ ഫുള്‍സ്റ്റോപ്പിടുമ്പോള്‍ പല തകര്‍പ്പന്‍ റെക്കോഡുകളും സ്മൃതി മന്ഥാനയുടെ പേരില്‍ കുറിക്കപ്പെട്ടു. ഈ വര്‍ഷം ഏറ്റവുമധികം അന്താരാഷ്ട്ര ടി-20 റണ്‍സ് നേടിയതുമുതല്‍ നീളുന്നു ഈ പട്ടിക.

ഈ വര്‍ഷം കളിച്ച 21 ഇന്നിങ്‌സില്‍ നിന്നും 42.38 എന്ന മികച്ച ശരാശരിയിലും 126.53 സ്‌ട്രൈക്ക് റേറ്റിലും 763 റണ്‍സാണ് മന്ഥാന സ്വന്തമാക്കിയത്. ശ്രീലങ്കന്‍ ഇതിഹാസ താരം ചമാരി അത്തപ്പത്തുവിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടുകൊണ്ടാണ് മന്ഥാന ഈ നേട്ടത്തിലെത്തിയത്.

2024ല്‍ ഏറ്റവുമധികം WT20I റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് – ശരാശരി എന്നീ ക്രമത്തില്‍)

സ്മൃതി മന്ഥാന – ഇന്ത്യ – 21 – 763 – 42.38

ചമാരി അത്തപ്പത്തു – ശ്രീലങ്ക – 21 – 720 – 42.00

ഇഷ രോഹിത് ഒസ – യു.എ.ഇ – 20 – 711 – 41.82

ലോറ വോള്‍വാര്‍ഡ് – സൗത്ത് ആഫ്രിക്ക – 19- 673 – 39.58

ഗാബി ലൂയീസ് – അയര്‍ലന്‍ഡ് – 18 – 606 – 35.64

ഇതുമാത്രമല്ല, ഈ വര്‍ഷം ഏറ്റവുമധികം ടി-20 ഐ അര്‍ധ സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ പട്ടികയിലും മന്ഥാന തന്നെയാണ് ഒന്നാമത്. എട്ട് തവണയാണ് ഈ വര്‍ഷം അന്താരാഷ്ട്ര ടി-20യില്‍ മന്ഥാന അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്.

2024ല്‍ ഏറ്റവുമധികം WT20I അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് – അര്‍ധ സെഞ്ച്വറി എന്നീ ക്രമത്തില്‍)

സ്മൃതി മന്ഥാന – ഇന്ത്യ – 21 – 763 – 8

ഹെയ്‌ലി മാത്യൂസ് – വെസ്റ്റ് ഇന്‍ഡീസ് – 16 – 538 – 5

ഡാനി വയറ്റ് – ഇംഗ്ലണ്ട് – 16 – 519 – 5

ടാസ്മിന്‍ ബ്രിറ്റ്‌സ് – സൗത്ത് ആഫ്രിക്ക – 20 – 549 – 5

ബെത് മൂണി – ഓസ്‌ട്രേലിയ – 17 – 494 – 4

ഇഷ രോഹിത് ഒസ – യു.എ.ഇ – 20 – 711 – 4

ഹര്‍ഷിത സമരവിക്രമ – ശ്രീലങ്ക – 20 – 585 – 4

ചമാരി അത്തപ്പത്തു – ശ്രീലങ്ക – 21 – 720 – 4

അതേസമയം, വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരകള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും മന്ഥാനയും. മൂന്ന് മത്സരങ്ങളുടെ പരമ്പര ഡിസംബര്‍ 22നാണ് ആരംഭിക്കുന്നത്.

2024ല്‍ ഏറ്റവുമധികം ഏകദിന സെഞ്ച്വറികളുടെ റെക്കോഡും തന്റെ പേരിലാക്കിയാണ് മന്ഥാന വിന്‍ഡീസിനെ നേരിടാനൊരുങ്ങുന്നത്.

ഇതിനൊടകം തന്നെ ഈ വര്‍ഷം നാല് ഏകദിന സെഞ്ച്വറി സ്വന്തമാക്കിയ മന്ഥാന, വിന്‍ഡീസിനെതിരെയും ട്രിപ്പിള്‍ ഡിജിറ്റ് കണ്ടെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസ് വനികതളുടെ ഇന്ത്യന്‍ പര്യടനം – ഏകദിന പരമ്പര

ആദ്യ മത്സരം – ഡിസംബര്‍ 22, ഞായര്‍ – വഡോദര അന്താരാഷ്ട്ര സ്‌റ്റേഡിയം

രണ്ടാം മത്സരം – ഡിസംബര്‍ 24, ചൊവ്വ – വഡോദര അന്താരാഷ്ട്ര സ്‌റ്റേഡിയം

അവസാന മത്സരം – ഡിസംബര്‍ 27, വെള്ളി – വഡോദര അന്താരാഷ്ട്ര സ്‌റ്റേഡിയം

Content Highlight: Smriti Mandhana’s brilliant performance in 2024

We use cookies to give you the best possible experience. Learn more