വെറും 18 റണ്‍സ്, അന്താരാഷ്ട്ര വനിതാ ഏകദിനത്തില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ഥാനയ്ക്ക് വേണ്ടത് ഇത്ര മാത്രം. ഇതോടെ വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ ഇയറില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമാകാനും മന്ഥാനയ്ക്ക് അവസരമൊരുങ്ങും.
ഇതുവരെ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് ഈ റെക്കോഡിലെത്താന്‍ സാധിച്ചത്. വിരാട് കോഹ്‌ലി (എട്ട് തവണ), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഏഴ് തവണ), സൗരവ് ഗാംഗുലി (ആറ് തവണ), രോഹിത് ശര്‍മ (അഞ്ച് തവണ), എം.എസ്. ധോണി (മൂന്ന് തവണ), രാഹുല്‍ ദ്രാവിഡ് (മൂന്ന് തവണ) എന്നിവരാണ് ഇതിന് മുമ്പ് ഒരു വര്‍ഷം ആയിരം ഏകദിന റണ്‍സ് നേടിയ താരങ്ങള്‍.
1998ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 33 ഇന്നിങ്‌സില്‍ നിന്നും നേടിയ 1894 റണ്‍സാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു പുരുഷ താരത്തിന്റെ ഏറ്റവുമുയര്‍ന്ന ഏകദിന റണ്‍സ്. ഇതിനോടകം തന്നെ വനിതാ താരങ്ങളുടെ പട്ടികയിലും ഒന്നാമതെത്തിയ മന്ഥാന, കരിയറിലെ സുപ്രധാന നാഴികല്ലാണ് ലക്ഷ്യമിടുന്നത്.
ഐ.സി.സി വനിതാ ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് സ്മൃതി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ വനിതാ താരമായി റെക്കോഡിട്ടത്. 17 ഇന്നിങ്‌സില്‍ നിന്നും 982 റണ്‍സാണ് താരം അടിച്ചെടുത്തത്. ഓസ്‌ട്രേലിയന്‍ ഇതിഹാസം ബെലിന്‍ഡ ക്ലാര്‍ക്കിനെ മറികടന്നുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം.
1997ല്‍ 970 റണ്‍സ് നേടിയാണ് ബെലിന്‍ഡ ക്ലാര്‍ക് മൂന്ന് പതിറ്റാണ്ടോളം ഈ റെക്കോഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നുപോന്നത്. താരം ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയതും ഇതേ വര്‍ഷം തന്നെയായിരുന്നു.
ബെലിന്‍ഡ ക്ലാര്‍ക്
(താരം – ടീം – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)
സ്മൃതി മന്ഥാന – ഇന്ത്യ – 982* – 2025
ബെലിന്‍ഡ ക്ലാര്‍ക് – ഓസ്ട്രേലിയ – 970 – 1997
ലോറ വോള്‍വാര്‍ഡ് – സൗത്ത് ആഫ്രിക്ക – 882 – 2022
ഡെബ്ബി ഹോക്‌ലി – ന്യൂസിലാന്‍ഡ് – 880 – 1997
എമി സാറ്റര്‍ത്‌വൈറ്റ്- ന്യൂസിലാന്‍ഡ് – 853 – 2016
42 (29), 73 (54), 113 (80), 43 (46), 36 (54), 18 (28), 51 (63), 116 (101), 28 (24), 42 (51), 45 (54), 58 (63), 117 (91), 125 (36), 8 (10), 23 (32), 23 (32) എന്നിങ്ങനെയാണ് ഈ വര്‍ഷത്തെ മന്ഥാനയുടെ ഏകദിന പ്രകടനം.
ലോകകപ്പില്‍ ഒക്ടോബര്‍ 12നാണ് ഇന്ത്യ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരുമായ ഓസ്ട്രേലിയയാണ് എതിരാളികള്‍. വിസാഖിലെ എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയമാണ് വേദി.
Content highlight: Smriti Mandhana need 18 runs to complete 1,000 ODI runs in 2025