| Tuesday, 23rd December 2025, 5:03 pm

പ്രോട്ടിയാസ് നായകന് മുന്നില്‍ കാലിടറി മന്ഥാന; റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടം

ഫസീഹ പി.സി.

ഐ.സി.സിയുടെ പുതിയ വനിതാ റാങ്കിങ്ങില്‍ ഏകദിന ബാറ്റിങ്ങിലെ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന. സൗത്ത് ആഫ്രിക്കന്‍ താരം ലോറ വോള്‍വാര്‍ഡ് താരത്തെ മറികടന്ന് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നേരത്തെ, ഏകദിന ലോകകപ്പിന് മുന്നോടിയായായി നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് മന്ഥാന ഒന്നാം സ്ഥാനത്ത് എത്തിയിരുന്നത്.

ഇപ്പോള്‍ ആ സ്ഥാനമാണ് മന്ഥാനയ്ക്ക് നഷ്ടമായത്. നിലവില്‍ താരത്തിന് 811 റേറ്റിങ് പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള ലോറയ്ക്ക് 820 പോയിന്റാണുള്ളത്. ഈ റേറ്റിങ് പോയിന്റ് താരത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്നതാണ്. അയര്‍ലാന്‍ഡിന് എതിരെയുള്ള മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

സ്‌മൃതി മന്ഥാന. Photo: Tanuj/x.com

അയര്‍ലാന്‍ഡിന് എതിരെ സൗത്ത് ആഫ്രിക്ക മൂന്ന് മത്സരങ്ങളുള്ള പരമ്പര കളിച്ചിരുന്നു. അതില്‍ മൂന്ന് മത്സരങ്ങളിലും വിജയിച്ച് പ്രോട്ടിയാസ് പരമ്പര സ്വന്തമാക്കിയിരുന്നു. ഈ പരമ്പരയില്‍ താരം രണ്ട് സെഞ്ച്വറികളാണ് അടിച്ചത്.

കൂടാതെ, മൂന്ന് ഇന്നിങ്‌സില്‍ നിന്ന് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ 255 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ബാറ്റ് കൊണ്ടുള്ള ഈ പ്രകടനമാണ് ലോറയ്ക്ക് ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സമ്മാനിച്ചത്.

ലോറ വോൾവാർഡ് . Photo: Female Cricket/x.com

റാങ്കിങ്ങില്‍ ആഷ്ലി ഗാര്‍ഡ്‌നര്‍ (ഓസ്‌ട്രേലിയ), നാറ്റ് സ്‌കിവര്‍ ബ്രണ്ട് (ഇംഗ്ലണ്ട്), ബെത് മൂണി (ഓസ്‌ട്രേലിയ) എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാര്‍. 738, 714, 700 എന്നിങ്ങനെ ഇവരുടെ റേറ്റിങ് പോയിന്റുകള്‍.

മന്ഥാനയ്ക്ക് പുറമെ ആദ്യ പത്തില്‍ എത്തിയ ഇന്ത്യന്‍ താരം ജെമീമ റോഡ്രിഗസാണ്. താരം പത്താം സ്ഥാനത്താണുള്ളത്. 658 പോയിന്റാണ് ജെമീമയ്ക്കുള്ളത്. ഇവര്‍ക്ക് ശേഷം ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മയുമാണ് റാങ്കിങ്ങില്‍ മികച്ച സ്ഥാനമുള്ള ഇന്ത്യന്‍ താരങ്ങള്‍. ഇരുവരും യഥാക്രമം 14, 21 എന്നീ സ്ഥാനങ്ങളിലാണ്.

Content Highlight: Smriti Mandhana loss her no.1 spot in ICC Women ODI batting Ranking to South Africa’s captain Laura Wolvaardt

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more