| Monday, 15th June 2026, 4:22 pm

ഇതിഹാസ ക്യാപ്റ്റന്മാര്‍ക്കൊപ്പം ഇന്ത്യയുടെ രാജകുമാരി; ലോകകപ്പില്‍ നമ്പര്‍ വണ്‍!

സുദേവ് എ

ഐ.സി.സി വിമണ്‍സ് ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ 64 റണ്‍സിനാണ് ഇന്ത്യ വീഴ്ത്തിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 17 ഓവറില്‍ 106 റണ്‍സിന് പുറത്തായി.

വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 44 പന്തില്‍ 68 റണ്‍സാണ് സ്മൃതി നേടിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സ്മൃതി സ്വന്തമാക്കി. വിമണ്‍സ് ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായാണ് സ്മൃതി മാറിയത്.

ഇത് അഞ്ചാം തവണയാണ് സ്മൃതി കുട്ടി ക്രിക്കറ്റിന്റെ ലോകകപ്പില്‍ 50+ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്. ഈ റെക്കോഡില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ് എന്നിവര്‍ക്കൊപ്പമാണ് സ്മൃതിയുള്ളത്.

വിമണ്‍സ് ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

സ്മൃതി മന്ഥാന-5

ഹര്‍മന്‍പ്രീത് കൗര്‍-5

മിതാലി രാജ്-5

പുനം റാവുത്-2

അതേസമയം മത്സരത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 36 റണ്‍സും സ്വന്തമാക്കി. നാല് ഫോറുകളാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിച്ച ഘോഷിന്റെ പ്രകടനവും ഏറെ നിര്‍ണായകമായി. 17 പന്തില്‍ നിന്നും 34 റണ്‍സാണ് റിച്ച അടിച്ചെടുത്തത്. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് റിച്ച അടിച്ചെടുത്തത്.

ഇന്ത്യന്‍ ബൗളിങ്ങില്‍ ദീപ്തി ശര്‍മ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം നടത്തിയപ്പോള്‍ പാക് ബാറ്റിങ് നിര തകരുകയായിരുന്നു. നാല് ഓവറില്‍ വെറും 10 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് ദീപ്തി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ശ്രീ ചരണി മൂന്ന് വിക്കറ്റും ഷെഫാലി ഒരു വിക്കറ്റും നേടി വിജയത്തില്‍ നിര്‍ണായകമായ പങ്കു വഹിച്ചു.

Content Highlight: Smriti Mandhana create a historical record in T20 World cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more