| Sunday, 28th December 2025, 9:48 pm

മലയാളമണ്ണില്‍ സ്വന്തം കരിയര്‍ തിരുത്തി മന്ഥാന; സാക്ഷാല്‍ മിതാലിക്ക് മാത്രം സാധിച്ചത്

ആദര്‍ശ് എം.കെ.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ഥാന. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടി-20യിലാണ് മന്ഥാന തന്റെ കരയിറിലെ സുപ്രധാന നാഴികക്കല്ലിലെത്തിയത്. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് നാലാം ടി-20.

ലങ്കയ്‌ക്കെതിരെ 27 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് മന്ഥാന ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്. ശ്രീലങ്കയ്‌ക്കെതിരെ 80 റണ്‍സ് പൂര്‍ത്തിയാക്കിയ മന്ഥാനയുടെ പേരില്‍ നിലവില്‍ 10,053 റണ്‍സാണുള്ളത്.

വനിതാ ഏകദിനത്തിലാണ് മന്ഥാന ഏറ്റവുമധികം റണ്‍സ് നേടിയത്. 117 ഇന്നിങ്‌സില്‍ നിന്നും 5,322 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണറുടെ പേരിലുള്ളത്. 43.88 ശരാശരിയില്‍ 14 സെഞ്ച്വറിയും 34 അര്‍ധ സെഞ്ച്വറിയും താരം അടിച്ചെടുത്തിട്ടുണ്ട്.

Photo: BCCI/x.com

വനിതാ ടി-20യിലെ 150 ഇന്നിങ്‌സില്‍ നിന്നുമായി നിലവില്‍ 4,102 റണ്‍സാണ് മന്ഥാന സ്വന്തമാക്കിയത്. 123.60 സ്‌ട്രൈക് റേറ്റിലും 29.57 ശരാശരിയിലും സ്‌കോര്‍ ചെയ്യുന്ന താരം, ഒരു സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ചു.

Photo: BCCI/x.com

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 12 ഇന്നിങ്‌സില്‍ നിന്നും 57.18 ശരാശരിയില്‍ 629 റണ്‍സും മന്ഥാന നേടിയിട്ടുണ്ട്.

Photo: BCCI/x.com

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് മാത്രം ഇന്ത്യന്‍ താരമാണ് സൃമ്തി മന്ഥാന. ഇതിഹാസ താരം മിതാലി രാജാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

മിതാലിയും മന്ഥാനയും അടക്കം നാലേ നാല് താരങ്ങള്‍ മാത്രമാണ് വനിതാ ക്രിക്കറ്റില്‍ 10,000 അന്താരാഷ്ട്ര റണ്‍സ് പൂര്‍ത്തിയാക്കിയത്.

വനിതാ കിക്കറ്റില്‍ ഏറ്റവുമധികം അന്താരാഷ്ട്ര റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

മിതാലി രാജ് – ഇന്ത്യ – 314 – 10,868

സൂസി ബേറ്റ്‌സ് – ന്യൂസിലാന്‍ഡ് – 343 – 10,652

ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സ് – ഇംഗ്ലണ്ട് – 316 – 10,273

സ്മൃതി മന്ഥാന – ഇന്ത്യ – 280 – 10,053

അതേസമയം, മത്സരത്തില്‍ മന്ഥാനയുടെയും ഷെഫാലി വര്‍മയുടെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 221 റണ്‍സ് നേടി. 46 പന്തില്‍ 79 റണ്‍സാണ് ഷെഫാലി അടിച്ചെടുത്തത്.

16 പന്തില്‍ പുറത്താകാതെ 40 റണ്‍സടിച്ച റിച്ച ഘോഷിന്റെ പ്രകടനവും നിര്‍ണായകമായി. നാല് ഫോറും മൂന്ന് സിക്സറും അടക്കം 250.00 സ്ട്രൈക് റേറ്റിലായിരുന്നു ഘോഷിന്റെ വെടിക്കെട്ട്. ക്യാപ്റ്റന്‍ ഹര്‍മന്‍ പത്ത് പന്തില്‍ പുറത്താകാതെ 16 റണ്‍സും നേടി.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കി. സീരീസ് ശേഷിച്ച മത്സരവും വിജയിച്ച് വൈറ്റ്‌വാഷിനുള്ള ശ്രമത്തിലാണ് ഇന്ത്യ.

Content Highlight: Smriti Mandhana completed 10,000 runs in international cricket

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more