ഇന്ത്യന്‍ വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടി-20യില്‍ തകര്‍പ്പന്‍ വിജയവുമായി സന്ദര്‍ശകര്‍. മാഞ്ചസ്റ്ററിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ 97 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ 113ന് പുറത്തായി.
ഈ വിജയത്തിന് പിന്നാലെ അഞ്ച് ടി-20കളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 62 പന്ത് നേരിട്ട താരം 112 റണ്‍സുമായി പുറത്തായി. 15 ഫോറും മൂന്ന് സിക്‌സറും അടക്കം 180.96 സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്ത താരത്തിന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയാണിത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ നാറ്റ് സിവർ ബ്രണ്ടിന് മാത്രമാണ് ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്. 42 പന്തില്‍ 66 റണ്‍സാണ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്. പത്ത് ഫോര്‍ അടക്കം 157.14 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ക്യാപ്റ്റന് പുറമെ തംസിന്‍ ബ്യൂമൗണ്ട് (11 പന്തില്‍ പത്ത്), എമിലി ആര്‍ലോട്ട് (പത്ത് പന്തില്‍ 12) എന്നിവര്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്.
മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റനൊപ്പം ചേര്‍ന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒരു റെക്കോഡും സ്വന്തമാക്കി. ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ രണ്ട് ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ ചേര്‍ന്ന് ഏറ്റവുമധികം റണ്‍സ് നേടുന്നതിന്റെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് ഇരുവരും ഒന്നിച്ച് റെക്കോഡിട്ടത്.
ഒരു വനിതാ ടി-20യില്‍ ക്യാപ്റ്റന്‍മാര്‍ ചേര്‍ന്നെടുത്ത ഏറ്റവുമുയര്‍ന്ന റണ്‍സ്
(സ്‌കോര്‍ – മത്സരം – ക്യാപ്റ്റന്‍മാര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
186 – റൊമാനിയ vs മാള്‍ട്ട – റെബേക്ക ബ്ലേക്ക് (135*) & ജെസീക്ക റൈമര്‍ (51*) – 2023
182 – ന്യൂസിലാന്‍ഡ് vs സൗത്ത് ആഫ്രിക്ക – സൂസി ബേറ്റ്‌സ് (124*) & ഡെയ്ന്‍ വാന്‍ നെയ്‌കെര്‍ക് (58) – 2018
178 – ഇന്ത്യ vs ഇംഗ്ലണ്ട് – സ്മൃതി മന്ഥാന (112) & നാറ്റ് സിവർ ബ്രണ്ട് (66) – 2025*
ജൂലൈ ഒന്നിനാണ് ടി-20 പരമ്പരയിലെ രണ്ടാം മത്സരം. ബ്രിസ്റ്റോളിലെ സിയാറ്റ് യുണീക് സ്‌റ്റേഡിയമാണ് വേദി.
Content Highlight: Smriti Mandhana and Nat Scriver Brunt set the record of 3rd most runs by captains in a Women’s T20I match