വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയും ഹോങ് കോങ്ങും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് അടിച്ചെടുത്തത്.
ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ സ്മൃതി മന്ഥാനയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 64 പന്തില്‍ ഏഴ് സിക്‌സും 17 ഫോറും ഉള്‍പ്പെടെയാണ് സ്മൃതി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. 193.75 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. താരത്തിന്റെ രണ്ടാമത്തെ ടി-20 സെഞ്ച്വറിയാണിത്.
ഇതോടെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും സ്മൃതിക്ക് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരമെന്ന നേട്ടമാണ് സ്മൃതി നേടിയത്. ഈ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ താരം മിതാലി രാജിനൊപ്പമെത്താനും സ്മൃതിക്ക് സാധിച്ചു.
സ്മൃതി മന്ഥാന (ഇന്ത്യ) – 93*
മിതാലി രാജ് (ഇന്ത്യ) – 93
ഷാര്‍ലറ്റ് എഡ്‌വേഡ്‌സ് (ഇംഗ്ലണ്ട്) – 80
സൂസി ബേറ്റ്‌സ് (ന്യൂസിലാന്‍ഡ്) – 79
മത്സരത്തില്‍ ഇഖ്ര സഹറിന്റെ ത്രോയില്‍ റണ്‍ഔട്ട് ആയാണ് സ്മൃതി മടങ്ങിയത്. സ്മൃതിക്ക് പുറമെ 17 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 28 റണ്‍സ് നേടി ഷഫാലി വര്‍മയും തിളങ്ങി. പ്രതിക റവാള്‍ 10 റണ്‍സും റിച്ചാ ഘോഷ് 11 റണ്‍സുമാണ് നേടിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് 10 റണ്‍സിനായിരുന്നു മടങ്ങിയത്. മറ്റാര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.
ഹോങ് കോങ്ങിന് വേണ്ടി രണ്ട് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തിയത് മറീനാ ലബ്ലോയാണ്.
അതേസമയം നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ് കോങ് 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സാണ് നേടിയത്.
Content Highligt: Smriti Mandhana And Mithali Raj In Great record Achievement In Womens Cricket