| Monday, 25th August 2025, 7:47 pm

സ്മൃതി ഇറാനിക്കും ആശ്വാസം; 10, പ്ലസ്ടു പാസായ വിവരങ്ങള്‍ പുറത്തുവിടേണ്ടെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനിക്കും ആശ്വാസം. സ്മൃതി ഇറാനി പത്ത്, പ്ലസ്ടു ക്ലാസുകള്‍ പാസായതുമായ ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടണമെന്ന സി.ഐ.സി (കേന്ദ്ര വിവരാവകാശ കമ്മീഷന്‍) ഉത്തരവ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി.

സ്മൃതി ഇറാനി 1991, 1993 വര്‍ഷങ്ങളില്‍ പത്ത്, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം (ആര്‍.ടി.ഐ) വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു സി.ഐ.സിയുടെ ഉത്തരവ്.

എന്നാല്‍ സി.ഐ.സിയുടെ ധാരണകള്‍ തെറ്റാണെന്നാണ് ജസ്റ്റിസ് സച്ചിന്‍ ദത്ത ചൂണ്ടിക്കാട്ടിയത്. ഏതെങ്കിലും ഒരു വ്യക്തിയുടെ ബിരുദം, മാര്‍ക്കുകള്‍, ഫലങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുസ്വഭാവമുള്ളതാണെന്ന ധാരണ തെറ്റാണെന്നാണ് കോടതിയുടെ ഭാഗം.

2004, 2011, 2014 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ പരസ്പരവിരുദ്ധമായ വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് പരാതി ഉയര്‍ന്നതോടെയാണ് സ്മൃതി ഇറാനിയുടെ ബിരുദം വിവാദത്തിലായത്. അഹമ്മദ് ഖാന്‍ എന്നയാളാണ് സ്മൃതി ഇറാനിയുടെ ബിരുദത്തെ ചോദ്യം ചെയ്ത് വിവരാവകാശം നല്‍കിയത്.

2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തനിക്ക് ദല്‍ഹി സര്‍വകലാശലയില്‍ നിന്ന് ബി.എ ഡിഗ്രിയുണ്ടെന്നാണ് സ്മൃതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ താന്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ ബി.കോം പാസ്സായെന്നാണ് സ്മൃതി അവകാശപ്പെട്ടതെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

നിലവില്‍ നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത അതേ ബെഞ്ചാണ് സ്മൃതി ഇറാനിക്ക് ആശ്വാസമേകിയ വിധി പുറപ്പെടുവിച്ചത്.

മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചയാള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി സര്‍വകലാശാലക്ക് കേന്ദ്ര വിവരവകാശ കമ്മീഷന്‍ നല്‍കിയ ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്.

നീരജ് എന്നയാളാണ് മോദിയുടെ ബിരുദത്തെ ചോദ്യം ചെയ്ത് സി.ഐ.സിയെ സമീപിച്ചത്. മോദി ദല്‍ഹി സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയെന്ന് പറയപ്പെടുന്ന 1978ല്‍, അതേ യൂണിവേഴ്സിറ്റിയില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു വിവരാവകാശ നിയമത്തിലൂടെ അപേക്ഷകന്‍ ആവശ്യപ്പെട്ടിരുന്നത്.

Content Highlight: Smriti Irani degree row: Delhi HC sets aside CIC order

We use cookies to give you the best possible experience. Learn more