| Friday, 5th December 2025, 2:44 pm

പുകവലി: 'മദര്‍ മേരി കംസ് ടു മി' നിരോധിക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബുക്കര്‍ പുരസ്‌കാര ജേതാവ് അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’ പുസ്തകത്തിന്റെ വില്‍പനയും വിതരണവും പ്രദര്‍ശനവും നിരോധിക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി.

പ്രശസ്തിക്ക് വേണ്ടി അരുന്ധതി റോയിയെ പോലെ പ്രമുഖയായ എഴുത്തുകാരിക്ക് അത്തരത്തില്‍ ഒരു ചിത്രം നല്‍കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

‘പ്രശസ്തയായ എഴുത്തുകാരിയാണ് അരുന്ധതി റോയി. അവര്‍ പുകവലി പോലൊരു കാര്യം പ്രമോട്ട് ചെയ്തിട്ടില്ല. പുസ്തകത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്,’ സുപ്രീം കോടതി ഹരജി തള്ളിക്കൊണ്ട് പറഞ്ഞു.

പബ്ലിസിറ്റിക്ക് വേണ്ടി എന്തിനാണ് അരുന്ധതി റോയി ഇത്തരമൊരു കാര്യം ചെയ്യുന്നത്? പുസ്തകത്തിന്റെ ചിത്രമുള്ള ഒരു ഹോര്‍ഡിങും നഗരത്തിലില്ല. പുസ്തകം എടുത്ത് വായിക്കുന്ന ഒരാള്‍ക്കുള്ളതാണ് ആ ചിത്രവും. കൂടാതെ, അവരുടെ ചിത്രം അത്തരത്തിലൊന്നും ചിത്രീകരിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

കേരള ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ഒരു കാരണവും കാണുന്നില്ലെന്നും പരമോന്നത കോടതി ചൂണ്ടിക്കാണിച്ചു. വെള്ളിയാഴ്ചയാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പുസ്തകത്തിനെതിരെ രാജസിംഹന്‍ എന്നയാളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

പുസ്തകത്തിന്റെ കവറില്‍ അരുന്ധതി റോയി പുകവലിക്കുന്നതായുള്ള ചിത്രം ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പുസ്തകത്തിനെതിരെ കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടത്.

Content Highlight: Smoking Cover Image of Arundati Roy: Supreme Court rejects plea to ban ‘Mother Mary Comes to Me’

We use cookies to give you the best possible experience. Learn more