| Tuesday, 4th March 2025, 7:25 am

വിമാനത്തിലെ ശുചിമുറിയിലിരുന്ന് പുകവലിച്ചു; മലയാളി യാത്രക്കാരൻ പിടിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിമാനത്തിലെ ശുചിമുറിയിലിരുന്ന് പുകവലിച്ച മലയാളി യാത്രക്കാരൻ പിടിയിൽ. ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54കാരനാണ് പിടിയിലായത്.

ലൈറ്റര്‍ ഒളിപ്പിച്ച് കടത്തി ഇയാൾ ശുചിമുറിയിൽ നിന്ന് പുകവലിക്കുകയായിരുന്നു. വിമാനത്തിന്‍റെ ശുചിമുറിയില്‍ നിന്ന് പുക ഉയര്‍ന്നതോടെ സുരക്ഷാ അലാം മുഴങ്ങുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ ഇയാളെ പിടികൂടി. പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോൾ ഇയാളെ വലിയതുറ പൊലീസിന് കൈമാറി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.

അടുത്തിടെ സമാനമായൊരു സംഭവത്തില്‍ മറ്റൊരു മലയാളിയെ പിടികൂടിയിരുന്നു. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ഇന്‍ഡിഗോയുടെ 6E-1402 വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ച 26കാരനായ കണ്ണൂര്‍ സ്വദേശിക്കെതിരെയാണ് അന്ന് കേസെടുത്തത്.

വിമാനത്തില്‍ പുകവലിച്ചതിന് എയര്‍ക്രാഫ്റ്റ് ആക്ട് സെക്ഷന്‍ 25 പ്രകാരവും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 125 പ്രകാരവും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസെടുത്ത് നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നു.

Content Highlight: Smoked in airplane lavatory; Malayali passenger arrested

We use cookies to give you the best possible experience. Learn more